അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസ്സുകാരി പീഡനത്തിനിരയായ കേസിൽ കുഞ്ഞിന്റെ പിതൃസഹോദരൻ അറസ്റ്റിൽ. ചോദ്യംചെയ്യലിൽ കുട്ടിയെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നുവെന്ന് ഇയാൾ സമ്മതിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയെ വീട്ടിൽവെച്ചാണ് പീഡിപ്പിച്ചിരുന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടെ വീട്ടിലും കുഞ്ഞുങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്.
തിരിച്ചറിയാം, താങ്ങേകാം
അതിക്രമത്തിനിരയാകുന്ന കുട്ടികള്‍ പെരുമാറ്റങ്ങളിലൂടെ പരോക്ഷമായെങ്കിലും മനസ്സിനേറ്റ മുറിവ് പ്രകടിപ്പിക്കാനിടയുണ്ട്. എവിടെനിന്നാണോ ദുരനുഭവം നേരിടേണ്ടിവന്നത് അവിടേക്ക് പോകാന്‍ മടിച്ചേക്കാം. ഉറക്കമില്ലായ്മയും അനുഭവപ്പെടും. ആവര്‍ത്തിച്ച് പേടിസ്വപ്‌നങ്ങള്‍ കാണും. കിടക്കയില്‍ മൂത്രമൊഴിക്കാനും അനിയന്ത്രിതമായി കരയാനുമിടയുണ്ട്. വിശപ്പില്ലായ്മയും സൗഹൃദങ്ങളിലെ വിമുഖതയുമെല്ലാം അവര്‍ തരുന്ന സൂചനകളാകാം.
Also Read
ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടിക്ക് ജനനേന്ദ്രിയത്തില്‍ വേദനയും ചൊറിച്ചില്‍പോലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടേക്കാം. ഇരിക്കുന്നതിനും നടക്കുന്നതിനുമുള്ള ബുദ്ധിമുട്ട് അവര്‍ പ്രകടിപ്പിച്ചേക്കാം. മലമൂത്രവിസര്‍ജനം ചെയ്യുമ്പോള്‍ വേദനയനുഭവപ്പെടാനും ഇടയുണ്ട്.
ആത്മബന്ധം എന്ന മറ
അസ്വസ്ഥമായ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത ഏറെയാണ്. ബന്ധുവീടുകളിലും മറ്റും രക്ഷിതാക്കളില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവരുമ്പോഴും തങ്ങളുടെ അഭാവത്തില്‍ സംരക്ഷണച്ചുമതല മറ്റൊരാളെ ഏല്പിക്കുമ്പോഴും കുട്ടിയുടെ സുരക്ഷിതത്വത്തെപ്പറ്റി രക്ഷിതാക്കള്‍ക്ക് ഉറപ്പുണ്ടായിരിക്കണം. അടുത്തിടപഴകുന്നവരാകും ചിലപ്പോള്‍ കുട്ടിയെ ചൂഷണംചെയ്യുന്നത്. വിവരം പുറത്തുപറയാതിരിക്കാന്‍ കുട്ടിയെ ഭയപ്പെടുത്തി സാധാരണപോലെ പെരുമാറുന്നവരാകും ഇവരില്‍ പലരും. കുട്ടിയുമായുള്ള ആത്മബന്ധത്തെ ചൂഷണത്തിന് മറയാക്കുന്നവരാണ് ഇക്കൂട്ടരില്‍ ഏറെയും.
വേണം ശ്രദ്ധ
രക്ഷിതാക്കള്‍ക്കിടയിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും കുട്ടിയുടെ കാര്യത്തില്‍ അവരുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവും കുഞ്ഞുങ്ങളെ അപകടത്തിലേക്ക് നയിക്കാനിടയുണ്ട്. വീട്ടിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് അവരെ ചൂഷണംചെയ്യാന്‍ വലവിരിച്ചിരിക്കുന്ന ചൂഷകരും ഉള്‍പ്പെടുന്നതാണ് ഈ സമൂഹം. വീട്ടിലെ അന്തരീക്ഷം കുട്ടികളുടെ മനോനിലയെ പലതരത്തില്‍ ബാധിക്കും. രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും ലഹരിയുപയോഗവും വിവാഹേതരബന്ധങ്ങളുമൊക്കെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ തകിടംമറിക്കുകയും ചൂഷണങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യും.
കുഞ്ഞ് അമ്മയുടെ മാത്രം ഉത്തരവാദിത്തമല്ല
കുഞ്ഞുങ്ങള്‍ ആത്മവിശ്വാസമുള്ളവരായി വളരാന്‍ അമ്മയും അച്ഛനും തുല്യ ഉത്തരവാദിത്വത്തോടെ അവരെ വളര്‍ത്തേണ്ടതുണ്ട്. കുട്ടിയെ വളര്‍ത്തല്‍ അമ്മയുടെ മാത്രം ഉത്തരവാദിത്വമായി കാണരുത്. വീട് കലാപശാലയായിമാറുമ്പോള്‍ കുഞ്ഞുങ്ങള്‍ പുറമേനിന്ന് സ്‌നേഹം തിരയും. അത് അവരെ കെണിയിലേക്ക് എത്തിക്കും. ചൂഷണത്തിന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ ഇരയാകുന്നുണ്ടെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് ഇത്തരം പ്രയാസങ്ങള്‍ ഉള്ളിലൊതുക്കാനുള്ള പ്രവണത ഏറെയാണെന്നുമാത്രം.
അതിക്രമം എങ്ങനെ തടയാം?-രതി മനോജ്, സെക്ഷ്വാലിറ്റി ഹെല്‍ത്ത് എജ്യുക്കേറ്റര്‍
- കുട്ടികളെ ചെറുപ്പത്തിലെ ശാരീരിക അതിരുകള്‍ (ബോഡി ബൗണ്ടറി) പഠിപ്പിക്കുക.
- ലൈംഗിക അവയവങ്ങളുടെ ശാസ്ത്രീയ നാമങ്ങള്‍ പഠിപ്പിക്കുക.
- സുരക്ഷിതമായതും അല്ലാത്തതുമായ സ്വഭാവങ്ങളെ കുറിച്ചും സ്പര്‍ശനങ്ങളെ കുറിച്ചും കുട്ടികളെ അവബോധരാക്കുക.
- സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക.
- സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ ആരില്‍ നിന്നെങ്കിലും ഉണ്ടായാല്‍ ആരോട്, എപ്പോള്‍, എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുക
- കുട്ടികളുടെ ദൈനംദിന കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കുക
- കുട്ടികള്‍ ആരെല്ലാമായി ഇടപഴകുന്നുവെന്നത് മനസ്സിലാക്കി വെക്കുക
- കുട്ടികള്‍ക്ക് എതിരെയുള്ള സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങളെ പറ്റിയും ലൈംഗിക അതിക്രമങ്ങളെ പറ്റിയും വ്യക്തമായി അവരോട് സംസാരിക്കുക
- സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ എവിടെ നിന്ന് ഉണ്ടായാലും മാതാപിതാക്കള്‍ കുട്ടികളെ സംരക്ഷിക്കുമെന്നുള്ള ഉറപ്പ് കൊടുക്കുക.
- കുട്ടികളുടെ സ്വഭാവത്തില്‍ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങള്‍ കാണുന്നുവെങ്കില്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്തുക.
Content Highlights: caring for kids, what parents need to know about sexual abuse
Published: 22 May 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented