ക്ലയന്റ്- ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍- കോണ്‍ട്രാക്ടര്‍ ഈ മൂവര്‍ ചേര്‍ന്നുള്ള ഒരു ടീം വര്‍ക്കാണ് വീട് നിര്‍മ്മാണത്തിന്റെ വിജയം. ഇവര്‍ മൂന്നുപേരും തമ്മിലുള്ള മാനസിക ഐക്യം ഏറെ പ്രധാനമാണ്. ചില പ്രൊജക്ടുകളില്‍ ഒന്നിലധികം കോണ്‍ട്രാക്ടര്‍മാര്‍ ഉണ്ടാകും. ഇവര്‍ തമ്മിലുള്ള ചില അസ്വാരസ്യങ്ങള്‍ പ്രൊജക്ടിനെ സാരമായി ബാധിക്കാറുണ്ട്. 

ഡിസൈനര്‍ക്കോ കോണ്‍ട്രാക്ടര്‍ക്കോ വേണ്ടത്ര പ്രവൃത്തിപരിചയം ഇല്ലെങ്കില്‍ അത് നിര്‍മ്മാണസമയം വിവിധ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് ക്ലയന്റ് ചോദ്യം ചെയ്യുമ്പോള്‍ വീണ്ടും പ്രശ്‌നങ്ങളുടെ കാഠിന്യം കൂടും. ഡിസൈനറും കോണ്‍ട്രാക്ടറും കഴിവുള്ളവരാണെങ്കിലും ക്ലയന്റിന്റെ അറിവില്ലായ്മയും നിര്‍മ്മാണസമയത്ത്‌ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ചെയ്യുന്ന ജോലികളെല്ലാം സംശയത്തോടെ വീക്ഷിക്കുന്ന ക്ലയന്റ് പ്രശ്‌നക്കാരനാണ്. ഇങ്ങനെയുള്ള പ്രൊജക്ട് നല്ല രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയില്ല.

ഡിസൈനറേയും കോണ്‍ട്രാക്ടറേയും വിശ്വാസത്തിലെടുക്കാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് സംശയത്തോടെ നിര്‍മ്മാണം നോക്കിക്കാണുന്ന ക്ലയന്റ്, സ്വന്തം വീടിന്റെ സുഗമമായ നിര്‍മ്മാണത്തിന്‌ തടസ്സം നില്‍ക്കുകയാണ് ചെയ്യുന്നത്.

ഡിസൈനര്‍ക്ക് അവര്‍ ചോദിക്കുന്ന സമയങ്ങളില്‍ കൃത്യമായി ഫീസ് കൊടുക്കാതിരിക്കുക, കരാറുകാരന് ഓരോ സ്റ്റേജിലും കൊടുക്കേണ്ട തുക നല്‍കാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ വീട് നിര്‍മ്മാണത്തെ ബാധിക്കും.

ഡിസൈന്‍ ഫീസ് കൃത്യമായി നല്‍കുന്ന ചില ക്ലയന്റ്‌സ് ഡിസൈനര്‍ പറയുന്ന പല കാര്യങ്ങള്‍ക്കും തടസ്സം നില്‍ക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്റെ വീടല്ലേ, ഞാനല്ലേ പൈസ ചെലവഴിക്കുന്നത് എന്ന മനോഭാവം, ഇവയൊക്കെ ഡിസൈനറുടെ ക്രിയേറ്റിവിറ്റിയെ ഇല്ലാതെയാക്കും. ഇങ്ങനെയുള്ള കാര്യങ്ങള്‍ നിര്‍മ്മാണത്തെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കില്ല.

അതുപോലെ ഡിസൈനര്‍ നല്‍കിയ ഡീറ്റെയില്‍ ഡ്രോയിങ് മനസ്സിലാക്കി ചെയ്യാന്‍ കഴിവില്ലാത്ത കോണ്‍ട്രാക്ടറാണ് നിര്‍മാണം ഏറ്റെടുത്തതെങ്കില്‍ ഡിസൈനറും കോണ്‍ട്രാക്ടറും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങും. ക്ലയന്റിന്റെ പരിചയത്തില്‍ വരുന്ന കോണ്‍ട്രാക്ടര്‍ ആണെങ്കിലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇനി കോണ്‍ട്രാക്ടര്‍ കഴിവുള്ള ആളായിട്ടും ജോലിക്കാര്‍ പരിചയസമ്പന്നര്‍ അല്ലെങ്കില്‍ അതും സാരമായി ബാധിക്കും. നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ പരസ്പരവിശ്വാസവും ബഹുമാനവും ആത്മാര്‍ഥതയും സമര്‍പ്പണവും ഉണ്ടെങ്കില്‍ മാത്രമേ വീട് നിര്‍മ്മാണം നല്ല രീതിയില്‍ പര്യവസാനിക്കുകയുള്ളൂ.