'കോഫി വിത്ത് കരൺ' എന്ന പരിപാടിക്കുശേഷം താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വൻ ട്രോളുകളാണ് നേരിടേണ്ടിവന്നത്. അതിനുമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കരൺ ജോഹർ ഇപ്പോൾ.

To advertise here,

'ടിഎച്ച്ആർ ഇന്ത്യ'യോട് സംസാരിക്കവെയാണ്, തന്റെ ഷോയിൽ പങ്കെടുത്തതിന് ശേഷം രശ്മികയും വിജയ്‌യും നേരിട്ട വിമർശനങ്ങളെക്കുറിച്ച് കരൺ പ്രതികരിച്ചത്. ''ആർക്കും സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടാകാം. എന്നാൽ, അവരുടെ ബന്ധത്തിൽ അവർ എന്തുചെയ്യണമെന്ന് നിങ്ങൾ നിർദ്ദേശിക്കാൻ തുടങ്ങുമ്പോൾ, എനിക്കതിനോട് വലിയ വിയോജിപ്പുണ്ട്. നിങ്ങൾ ആരാണ്? നിങ്ങളൊരു കൗൺസിലറോ അഭിഭാഷകനോ, അതോ അവരുടെ കുടുംബാംഗമോ ആണോ? നിങ്ങൾ അവരുടെ കുടുംബങ്ങളെക്കുറിച്ചാണ് അഭിപ്രായം പറയുന്നത്. ഏതൊരു സെലിബ്രിറ്റിയെക്കുറിച്ചും നിങ്ങൾക്ക് അഭിപ്രായമുണ്ടാകാം, പക്ഷേ അവരുടെ കുടുംബങ്ങളെ താഴ്ത്തിക്കെട്ടരുത്. അവരുടെ കുടുംബാംഗങ്ങളാരും ആ ഷോയിൽ ഉണ്ടായിരുന്നില്ലല്ലോ'', അദ്ദേഹം പറഞ്ഞു.

നേരത്തെ താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും സമാനമായ ഒരനുഭവം ഉണ്ടായതായും കരൺ ഓർത്തെടുത്തു. 'കോഫി വിത്ത് കരൺ' പരിപാടിയുടെ സീസൺ 8-ൽ അതിഥികളായി വന്നപ്പോഴാണ് ദീപികയും രൺവീറും ട്രോളിങ്ങിനിരയായത്. അതിനുശേഷം അവരുടെ ബന്ധത്തെയും വിവാഹജീവിതത്തെയും കുറിച്ച് പലവിധത്തിലുള്ള വിമർശനങ്ങളും വിശകലനങ്ങളും ഉയർന്നുവന്നു.

നടന്ന കാര്യങ്ങളെ 'തികച്ചും പിന്തിരിപ്പൻ' എന്ന് വിശേഷിപ്പിച്ച കരൺ ജോഹർ ഇങ്ങനെ പറഞ്ഞു, ''അവർ തമ്മിൽ അത്രമേൽ സ്‌നേഹിക്കുന്നുണ്ട്. മികച്ച അഭിനേതാക്കളായ അവർ പരസ്പരം പ്രണയിക്കുന്നു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് അവർ സത്യസന്ധമായി സംസാരിക്കുക മാത്രമാണ് ചെയ്തത്. സത്യസന്ധതയെ എപ്പോഴാണ് ആളുകൾ വിലയിരുത്താൻ തുടങ്ങിയത്? ഒരാളുടെ സത്യസന്ധതയെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?'' ഈ ഷോയിൽ ദമ്പതികൾ മാത്രമല്ല എത്തുന്നതെന്നും, താൻ പറയുന്ന കാര്യങ്ങൾ പോലും പലപ്പോഴും കടുത്ത പരിശോധനയ്ക്കും വിമർശനത്തിനും വിധേയമാകാറുണ്ടെന്നും കരൺ കൂട്ടിച്ചേർത്തു.

'കോഫി വിത്ത് കരണി'ൽ കരണിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി വിജയ്‌യും രശ്മികയും പറഞ്ഞ ചില കാര്യങ്ങളാണ് വിവാദങ്ങൾക്കിടയാക്കിയത്. ആദ്യം വിവാഹാഭ്യർഥന നടത്തിയത് താനാണെന്ന് രശ്മിക പറഞ്ഞിരുന്നു. 100 തവണയെങ്കിലും പറഞ്ഞുവെന്ന് വിജയ് വെളിപ്പെടുത്തിയപ്പോൾ, ഒരു വർഷം മുഴുവൻ വിവാഹാഭ്യർഥന നടത്തിയെന്ന് രശ്മികയും പറഞ്ഞു. അതോടെ വിജയ് 'റെഡ് ഫ്‌ളാഗ്' ആണെന്നും എന്നിട്ടും രശ്മികയ്ക്ക് മനസ്സിലാവുന്നില്ലെന്നുമെല്ലാം പറഞ്ഞാണ് ട്രോളിങ് തുടങ്ങിയത്. വിമർശനം കടുത്തപ്പോൾ ഇരുവരും സോഷ്യൽമീഡിയയിലൂടെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi