തെലുങ്ക് സിനിമയിലെ പേരുകേട്ട മെഗാ കുടുംബത്തിലെ അംഗമാണ് നിഹാരിക കൊനിഡേല. നടൻ നാഗബാബുവിന്റെ മകളും ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും അനന്തരവൾ. വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ താരം, ആദ്യമായി നിർമിച്ച ചിത്രമായിരുന്നു 'കമ്മിറ്റി കുറോളു'. ആദ്യ നിർമാണ സംരംഭത്തിനുതന്നെ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ കരിയറിലെ ഏറ്റവും അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നിഹാരിക.
ഈ വിജയത്തിന് പിന്നാലെ, ''ഇപ്പോഴാണ് മെഗാ കുടുംബത്തിന്റെ ഭാഗമാകാൻ താൻ യഥാർഥത്തിൽ അർഹയായെന്ന് തോന്നുന്നത്. അതിന് നന്ദി പറയേണ്ടത് 'കമ്മിറ്റി കുറോളു'വിനോടാണ്'' എന്ന ഹൃദയസ്പർശിയായ പ്രതികരണവുമായി നിഹാരിക എത്തിയിരുന്നു. കുടുംബത്തിന്റെ പാരമ്പര്യത്തിനൊപ്പമെത്തണമെന്ന തന്റെ ആഗ്രഹവും, ആദ്യ നിർമാണ സംരംഭം സമ്മാനിച്ച ദേശീയ അംഗീകാരം നൽകിയ ആത്മവിശ്വാസവും തുറന്നുപറഞ്ഞ നിഹാരികയുടെ വാക്കുകൾ ആരാധകരുടെയും സിനിമാലോകത്തിന്റെയും ശ്രദ്ധ നേടുകയാണിപ്പോൾ.
'കമ്മിറ്റി കുറോളു' നേടിയ ദേശീയ പുരസ്‌കാരം നിഹാരിക കൊനിഡേലയ്ക്ക് ഒരു അവാർഡ് നേട്ടം മാത്രമായിരുന്നില്ല. വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന ഒരു സംശയത്തിന് ഉത്തരം കൂടിയായിരുന്നു അത്. ചിരഞ്ജീവി, പവൻ കല്യാൺ, നാഗ ബാബു തുടങ്ങി സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച കുടുംബാംഗങ്ങൾക്കിടയിൽ തന്റേതായ സംഭാവന എന്താണെന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നുവെന്നും, ഈ ദേശീയ പുരസ്‌കാര നേട്ടമാണ് ആ ചോദ്യത്തിന് മറുപടിയായതെന്നും അവർ പറഞ്ഞു.
Also Read
“32 വർഷത്തെ ജീവിതത്തിൽ ഇത്രയും സംതൃപ്തി ഞാൻ അനുഭവിച്ചിട്ടില്ല. ‘കമ്മിറ്റി കുറോളു’വിന്റെ കഥ കേട്ട നിമിഷം മുതൽ ഈ സിനിമയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. നല്ല സിനിമകൾ ചെയ്യുന്നതിന്റെ അർഥം ഇതാണെങ്കിൽ, ഞാൻ ഒരിക്കലും സിനിമ വിട്ടുപോകില്ല,” നിഹാരിക പറഞ്ഞു.
സംവിധായകൻ യദു വംശി ഈ സിനിമ ദേശീയ പുരസ്‌കാരത്തിന് അർഹമാണെന്ന് തുടക്കം മുതൽ വിശ്വസിച്ചിരുന്നുവെന്നും, ഷൂട്ടിങ് ആരംഭിച്ചതിന് ശേഷമാണ് ദേശീയ പുരസ്‌കാരം എന്ന ലക്ഷ്യം തന്റെ 'വിഷൻ ബോർഡിൽ' ചേർത്തതെന്നും നിഹാരിക പറഞ്ഞു. ‘‘ആ ആഗ്രഹം യാഥാർഥ്യമായതിൽ വലിയ സന്തോഷമുണ്ട്,’’ എന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് മെഗാ കുടുംബത്തെക്കുറിച്ചും അവർ സംസാരിച്ചു; “36 വർഷം മുമ്പ് രുദ്രവീണയ്ക്ക് അച്ഛൻ നാഗ ബാബുവിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. അന്ന് ഞാൻ ജനിച്ചിരുന്നില്ല. ചിരഞ്ജീവി ഗാരുവായാലും പവൻ കല്യാൺ ഗാരുവായാലും, എന്റെ കുടുംബത്തിലെ എല്ലാവരും സിനിമയ്ക്കും വ്യവസായത്തിനും വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്”.
പത്ത് വർഷം നീണ്ട സിനിമാ യാത്രയിൽ ലഭിക്കാത്ത ആത്മവിശ്വാസമാണ് ‘കമ്മിറ്റി കുറോളു’ നിഹാരികയ്ക്ക് നൽകിയത്. ദേശീയ പുരസ്‌കാര നേട്ടത്തിനൊപ്പം, സ്വന്തം ഇടം നേടിയെന്ന വിശ്വാസവും ഈ ചിത്രം സമ്മാനിച്ചുവെന്ന് താരം പറയുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: niharika-konidela-committee-kurrollu-national-award-2026
Published: 21 Jul 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented