'കെജിഎഫ്' എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് യഷ്. അദ്ദേഹത്തെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' സമ്മിശ്ര പ്രതികരണങ്ങളോടെയാണ് പ്രദർശനം തുടരുന്നത്. ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നതിനിടെ യാഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും മുൻ ലോക്സഭാംഗവുമായ സുമലത. 'ടോക്സിക്' കണ്ടതിന് പിന്നാലെ യഷിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ച സുമലത, ചിത്രത്തിനെതിരായ നെഗറ്റീവ് അഭിപ്രായങ്ങൾ താരം അധികം കാര്യമാക്കേണ്ടതില്ലെന്നും കുറിച്ചു. യഷിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് സുമലത ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്.
''എന്റെ പ്രിയപ്പെട്ട യഷ്, 'ടോക്സിക്' കണ്ടു. നിങ്ങളോട് ചിലത് പറയണമെന്ന് തോന്നി. നിങ്ങൾ ഭയമില്ലാത്തയാളാണെന്നും മറ്റുള്ളവരെ പിന്തുടരുന്നതിന് പകരം സ്വന്തം വഴിയിലൂടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും എനിക്ക് എപ്പോഴും അറിയാമായിരുന്നു. എന്നാൽ ഈ സിനിമയിൽ മറ്റെല്ലാത്തിനുമുപരി എന്നെ ആകർഷിച്ചത് നിങ്ങളാണ്. നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു, ശരിക്കും മൈൻഡ് ബ്ലോയിങ്,'' സുമലത കുറിച്ചു.
Also Read
യഷ് വളരെ ബുദ്ധിമാനും പക്വതയുമുള്ള വ്യക്തിയാണെന്നും സുമലത പറഞ്ഞു. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള നെഗറ്റീവ് അഭിപ്രായങ്ങളെ അദ്ദേഹം 'ഒരു നുള്ള് ഉപ്പ് ചേർത്ത്' മാത്രം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.
''ഒരുപക്ഷേ 'ടോക്സിക്' കാലത്തിന് ഏറെ മുന്നേ എത്തിയ സിനിമയായിരിക്കാം. അല്ലെങ്കിൽ നിങ്ങൾ ആയിത്തീർന്നതോ ഇനിയും ആവാനിരിക്കുന്നതോ ആയ വ്യക്തിത്വത്തിൽ അസ്വസ്ഥരായ ചിലർ ചിത്രത്തിലെ ചില ഭാഗങ്ങളെ തെറ്റിദ്ധരിക്കുകയോ അന്യായമായി വിലയിരുത്തുകയോ ചെയ്തിരിക്കാം. നിങ്ങളുടേതുപോലുള്ള വിജയം പലതരത്തിലുള്ള അസൂയയും കൊണ്ടുവരും. എന്നാൽ അതൊന്നും കാര്യമാക്കുന്ന ആളല്ല നിങ്ങൾ എന്നെനിക്കറിയാം. എന്തുതന്നെയായാലും ഇതെല്ലാം മറികടന്ന് നിങ്ങൾ കൂടുതൽ ശക്തനായി തിരിച്ചുവരുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. വീണ്ടും പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് അടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇപ്പോൾ നിങ്ങൾക്ക് സ്വയം ഒരു കൈയടി നൽകാം. ഈ സിനിമയ്ക്കായി നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിനും അതിലെ നിങ്ങളുടെ വിശ്വാസത്തിനും ആത്മാർഥതയ്ക്കും അഭിനന്ദനങ്ങൾ. ഇനി നിർത്തരുത്... ഒരിക്കലും. ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ,'' എന്നായിരുന്നു സുമലതയുടെ വാക്കുകൾ.
'ടോക്സിക്' ഒരു 'വൈബ്രന്റ് വിഷ്വൽ സ്പെക്ടക്കിൾ' ആണെന്നും ചിത്രത്തിന്റെ മേക്കിങ്ങിനെയും സുമലത പ്രശംസിച്ചു. യഷിനും സംവിധായിക ഗീതു മോഹൻദാസിനും ചിത്രം പ്രധാനപ്പെട്ടൊരു നാഴികക്കല്ലാണെന്നും അവർ പറഞ്ഞു. ''ഓരോ ഫ്രെയിമിലും നിങ്ങൾ സ്വയം മറികടക്കുന്നത് കാണുമ്പോൾ എനിക്ക് എത്ര അഭിമാനം തോന്നിയെന്ന് പറയാനാകില്ല. ഒരു നടനെന്ന നിലയിൽ നിങ്ങൾ ഒരുപാട് വളരുകയും പരിണമിക്കുകയും ചെയ്തിട്ടുണ്ട്. ആ യാത്ര കാണുന്നത് എന്റെ ഹൃദയം നിറയെ അഭിമാനം നൽകുന്നു,'' സുമലത കുറിച്ചു.
യഷിന്റെ പ്രകടനത്തിനൊപ്പം ചിത്രത്തിന്റെ പിന്നിലെ പരിശ്രമത്തെയും സംവിധായിക ഗീതു മോഹൻദാസിന്റെ കാഴ്ചപ്പാടിനെയും സുമലത തന്റെ കുറിപ്പിൽ എടുത്തുപറഞ്ഞു. ചിത്രത്തിന്റെ സഹരചയിതാവ്കൂടിയാണ് യഷ്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഓഗസ്റ്റ് 26ന് വിവിധ ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും യഷിന്റെ പ്രകടനത്തെക്കുറിച്ച് സുമലത നടത്തിയ തുറന്ന പ്രശംസ ശ്രദ്ധ നേടുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sumalatha-supports-yash-toxic-movie-criticism
Published: 01 Sept 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented