
മ്യൂച്വല്‍ ഫണ്ട് എന്നാല്‍ ഓഹരി നിക്ഷേപം മാത്രമല്ല എന്ന് കഴിഞ്ഞ ഭാഗത്ത് വിശദമാക്കിയിരുന്നല്ലോ. ഇനി മികച്ച ഡെറ്റ് ഫണ്ടുകള്‍ കണ്ടെത്തി ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- മികച്ച ഫണ്ട് ഏതാണ് എന്ന് കണ്ടെത്താന്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഡെറ്റ് ഫണ്ടുകള്‍ ഏതൊക്കെ നിക്ഷേപ മാര്‍ഗങ്ങളിലാണ് നിക്ഷേപം നടത്തുന്നതെന്ന് അറിയണം. ഇവ നടത്തുന്ന നിക്ഷേപശ്രേണി അഥവാ പോര്‍ട്‌ഫോളിയോ പരിശോധിച്ചാല്‍ പ്രതീക്ഷിക്കുന്ന ലാഭം, നഷ്ടസാധ്യത തുടങ്ങിയവ മനസിലാക്കാം.
- പോര്‍ട്‌ഫോളിയോയിലെ നിക്ഷേപ ഉപാധികളുടെ കാലാവധി എത്രയെന്ന് അറിയണം. കുറഞ്ഞ കാലയളവിലുള്ള ഉപാധികളിലാണ് നിക്ഷേപിച്ചിരിക്കുന്നതെങ്കില്‍ കുറഞ്ഞ നേട്ട സാധ്യതയേ ഉണ്ടാകൂ. കൂടിയ കാലാവധിയുള്ളതാണെങ്കില്‍ അതിനനുസരിച്ച് നേട്ട സാധ്യതയും കൂടും.
- പെട്ടെന്ന് പണമാക്കാവുന്ന ഉപാധികളിലാണോ ഫണ്ടിന്റെ നിക്ഷേപം എന്നതാണ് പരിശോധിക്കേണ്ട മറ്റൊരു വസ്തുത. നിക്ഷേപത്തിന്റെ നല്ലൊരു വിഹിതം കോര്‍പ്പറേറ്റ് ബോണ്ടുകളിലാണ് എങ്കില്‍ അത് ഹ്വസ്വകാലയളവിനുള്ളില്‍ പണമാക്കി മാറ്റാന്‍ ബുദ്ധിമുട്ടുള്ള വിഭാഗത്തിലാണ് പെടുക. നിക്ഷേപകര്‍ ഫണ്ട് വിറ്റുമാറാന്‍ തിടുക്കം കാട്ടിയാല്‍ കോര്‍പറേറ്റ് ബോണ്ടുകളിലെ നിക്ഷേപം വിലകുറച്ച് വിറ്റഴിക്കാന്‍ ഫണ്ട് ഹൗസ് നിര്‍ബന്ധിതമാകും. ഇതാകട്ടെ എന്‍.എ.വിയില്‍ കുറവുണ്ടാക്കുകയും ചെയ്യും.
- കുറഞ്ഞ തോതില്‍ മാത്രം നിക്ഷേപക ഫണ്ട് ഉള്ളവയിലും നിക്ഷേപം നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും ഒരു നിക്ഷേപകന്‍ വന്‍തോതില്‍ പണം ഇത്തരം ഫണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അത് ഇടയ്ക്കുവെച്ച് പിന്‍വലിച്ചാല്‍ ഫണ്ട് നഷ്ടത്തില്‍ വിറ്റ് ഒഴിയാന്‍ നിര്‍ബന്ധിതമാകും. ഇത് എന്‍.എ.വിയെ ബാധിക്കും.
- പലിശ നിരക്ക് ഉയരുകയാണ് എങ്കില്‍ ഡെറ്റ് ഫണ്ടിന്റെ വില കുറയും. കാരണം പലിശ നിരക്കും ബോണ്ട്, കടപ്പത്രങ്ങളുടെ വിലയും എപ്പോഴും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവയാണ്. അതായത് പലിശ നിരക്ക് കൂടുമ്പോള്‍ കടപ്പത്രത്തിന്റെയും ബോണ്ടുകളുടെയും വില കുറയും. ഇങ്ങനെ ഇവയുടെ വില കുറഞ്ഞാല്‍ അത് ഫണ്ടിന്റെ എന്‍.എ.വിയിലും കുറവ് വരുത്തും. പലിശ നിരക്ക് കുറഞ്ഞാല്‍ കാര്യങ്ങള്‍ വിപരീതവുമാകും. അതായത് കടപ്പത്രങ്ങളുടെയും ബോണ്ടുകളുടെയും വില കൂടും. ഫണ്ടിന്റെ എന്‍.എ.വിയും അതിന് അനുസരിച്ച് കൂടും.
- എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എപ്പോഴും ഇങ്ങനെ സംഭവിച്ചുകൊള്ളണമെന്നില്ല. നിങ്ങള്‍ നിക്ഷേപം നടത്തിയിട്ടുള്ള ഡെറ്റ് ഫണ്ട് കൈവശം വച്ചിരിക്കുന്ന ബോണ്ട് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടാല്‍ വില കൂടാം. അതാകട്ടെ എന്‍.എ.വിയില്‍ വര്‍ധനയും ഉണ്ടാക്കാം. അതുകൊണ്ട് എന്‍.എ.വിയില്‍ വ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കാനുള്ള സാധ്യത എപ്പോഴും പ്രതീക്ഷിക്കണം.
ഗില്‍റ്റ് ഫണ്ടുകള്‍
ഏറ്റവും സുരക്ഷിതമായി കണക്കാക്കുന്ന ഡെറ്റ് ഫണ്ടുകളാണ് ഗില്‍റ്റ് ഫണ്ടുകള്‍. ഗവണ്‍മെന്റ് സെക്യൂരിറ്റീസില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഇത്. അവയില്‍ പോലും വലിയ തോതില്‍ എന്‍.എ.വി വിലയില്‍ ചാഞ്ചാട്ടം കാണാറുണ്ട്. വിവിധ സാമ്പത്തിക ഘടകങ്ങളെ ഗവണ്‍മെന്റ് സെക്യൂരിറ്റീസിന്റെ വില ആശ്രയിച്ചിരിക്കുന്നു എന്നതിനാലാണ് അത്. പലിശ നിരക്ക്, ബാങ്കിങ് വ്യവസ്ഥയിലെ പണ ലഭ്യത, സാമ്പത്തിക വളര്‍ച്ചാ നിരക്ക് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഇത്തരം നിക്ഷേപങ്ങളുടെ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇവയില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അതിനനുസരിച്ചുള്ള മാറ്റം ഗില്‍റ്റ് ഫണ്ടുകളുടെ എന്‍.എ.വിയിലും ഉണ്ടാകും.
ജീവിത ലക്ഷ്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ അതിനുള്ള പണം സ്വരുക്കൂട്ടാന്‍ വിവിധ ഡെറ്റ് ഫണ്ടുകളെ ഉപയോഗിക്കാം.
Also Read
1. കുട്ടികളുടെ വിദ്യാഭ്യാസവും ഡെറ്റ് ഫണ്ടും
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഫണ്ട് സ്വരുക്കൂട്ടാന്‍ ഓഹരി മ്യൂച്വല്‍ ഫണ്ട് തന്നെയാണ് അഭികാമ്യം. എന്നാല്‍ ലക്ഷ്യമിടുന്ന സമയം വരെ നിക്ഷേപം ഓഹരി മ്യൂച്വല്‍ ഫണ്ടില്‍ തുടരുന്നതും പലപ്പോഴും ബുദ്ധിയല്ല. 10 വര്‍ഷമാണ് നിക്ഷേപ കാലയളവ് എന്ന് കരുതുക. 10 വര്‍ഷം പൂര്‍ത്തിയാകുന്നതും കാത്തിരിക്കുമ്പോള്‍ പൊടുന്നനെ ഓഹരി വിപണയില്‍ ഇടിവ് സംഭവിച്ചാലോ. പഴയ നേട്ടത്തിന്റെ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ പിന്നെയും ചിലപ്പോള്‍ ദീര്‍ഘകാല കാത്തിരിപ്പ് വേണ്ടിവന്നേക്കാം. ഈ സാഹചര്യം ഒഴിവാക്കാന്‍ ഏഴാം വര്‍ഷം മുതല്‍ ഓഹരി മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തിക്കൊണ്ടിരിക്കണം. ഒമ്പതാം വാര്‍ഷം എത്തിയപ്പോള്‍ തന്നെ ഭേദപ്പെട്ട ലാഭത്തില്‍ നിക്ഷേപം എത്തിയെങ്കില്‍ പണം മുഴുവന്‍ ഡെറ്റ് ഫണ്ടിലേക്ക് മാറ്റാം.
സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന കാലയളവ് ആണെങ്കില്‍ നിക്ഷേപം ബോണ്ട് ഫണ്ടുകളിലേക്കോ ഗില്‍റ്റ് ഫണ്ടുകളിലേക്കോ മാറ്റുന്നതാണ് ഉചിതം. പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയോ ഉയര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യുകയാണ് എങ്കില്‍ ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിക്കാം.
2. റിട്ടയര്‍മെന്റിനായുള്ള ഡെറ്റ് ഫണ്ട് നിക്ഷേപങ്ങള്‍
റിട്ടയര്‍മെന്റിനോട് അടുക്കും തോറും ഓഹരിയിലെ നിക്ഷേപത്തിന്റെ അളവ് കുറച്ചുകൊണ്ടുവരണം. നല്ല റിസ്ക് എടുക്കാന്‍ ശേഷിയുള്ള ഓഹരി നിക്ഷേപകര്‍ അവരുടെ ഓഹരി നിക്ഷേപം 80-90 ശതമാനത്തില്‍ നിന്ന് 70-80 ശതമാനമായി കുറച്ചുകൊണ്ടുവരണം. അിതമായ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ 65 ല്‍ നിന്ന് 45 ആയും കുറച്ചുകൊണ്ടുവരണം. ബാക്കി തുക ഡെറ്റ് ഫണ്ടില്‍ നിക്ഷേപിച്ചുതുടങ്ങണം. റിട്ടയര്‍മെന്റിന് 15 വര്‍ഷം ബാക്കിയുള്ളപ്പോള്‍ മുതല്‍ ഇങ്ങനെ ചെയ്തുതുടങ്ങണം. ഫ്‌ളോട്ടിങ് റേറ്റ് ഫണ്ടുകളും ഫിക്‌സഡ് മെച്യൂറിറ്റി പ്ലാനുകളുമാണ് ഈ സമയത്ത് നിക്ഷേപത്തിന് അനുയോജ്യം. ഓഹരിയിലും ഡെറ്റിലും തുല്യവിഹിതം നിക്ഷേപിക്കണം എന്ന് ഈ സമയത്തും ആഗ്രഹിക്കുന്നവര്‍ക്ക് ബാലന്‍സ്ഡ് ഫണ്ടുകളിലുമാകാം നിക്ഷേപം. റിട്ടയര്‍മെന്റിനോട് അടുക്കും തോറും കൂടുതല്‍ ലാഭം ഉണ്ടാക്കാനല്ല മിറച്ച് ഇതേവരെ ഉണ്ടാക്കിയ സമ്പത്തില്‍ നഷ്ടമുണ്ടാക്കാതെ നോക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. നിങ്ങള്‍ ഇതേവരെ നടത്തിയിട്ടുള്ള ഓഹരി നിക്ഷേപത്തെ കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാക്കുക. ഓഹരി വിപണി ഉയരങ്ങളില്‍ നില്‍ക്കുന്ന സമയം നിക്ഷേപം ഡെറ്റ് ഫണ്ടിലേക്ക് മാറ്റുക. റിട്ടയര്‍മെന്റ് ആവുമ്പോഴേക്ക് നിക്ഷേപം എല്ലാം സുരക്ഷിതമായ ഡെറ്റ് ഫണ്ടുകളിലായിരിക്കണം.
ഏതു ലക്ഷ്യത്തിനും ഡെറ്റ് ഫണ്ടുകളെയും കൂടെ കൂട്ടാം
ജീവിത ലക്ഷ്യത്തിനുള്ള പണസമാഹരണത്തിന് സമയം വളരെ കുറവാണ് എങ്കില്‍ ഡെറ്റ് ഫണ്ടുകളാണ് ഏറ്റവും ഉചിതം. ഒരുവര്‍ഷത്തില്‍ കുറവാണ് നിക്ഷേപ കാലയളവ് എങ്കില്‍ നിക്ഷേപം ലിക്വിഡ് ഫണ്ടുകളില്‍ മതി. ഓഹരിയില്‍ ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കില്ല എന്നതുകൊണ്ട് ലാഭ നിരക്കിന്റ ചാഞ്ചാട്ടം വളരെ കുറവായിരിക്കും. മിച്ചം പിടിച്ച് നിക്ഷേപിക്കുന്ന പണം പരമാവധി സംരക്ഷിക്കുക, ലാഭം ഉണ്ടാക്കാന്‍ റിസ്‌ക് ഒന്നും എടുക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ക്കാണ് ഈ സമയം ശ്രദ്ധ നല്‍കേണ്ടത്. രണ്ടോ മൂന്നോ ഡെറ്റ് ഫണ്ടുകള്‍ തിരഞ്ഞെടുത്ത് അവയില്‍ നിക്ഷേപം ആരംഭിക്കാം. പ്രതിമാസ തവണകളായോ തുക ഒരുമിച്ചോ നിക്ഷേപിക്കാം.
പലിശ നിരക്കിലുണ്ടാകുന്ന മാറ്റം ഡെറ്റ് ഫണ്ടുകളിലെ ലാഭനിരക്കിലും ചാഞ്ചാട്ടം ഉണ്ടാക്കും എന്നത് മറക്കരുത്. ഏതുതരം ഡെറ്റ് ഫണ്ടുകളിലായാലും ലക്ഷ്യമിടുന്ന കാലയളവ് പൂര്‍ത്തിയാകുന്നതിനു ഒരു വര്‍ഷം മുമ്പ് നിക്ഷേപം ലിക്വിഡ് ഫണ്ടുകളിലേക്ക് മാറ്റുന്നത് ഉചിതമാണ്.
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കാം.
ഫോണ്‍- 9447667716, ഇ മെയ്ല്‍- jayakumarkk8@gmail.com)
Content Highlights: mutual funds for future savings
Published: 21 Sept 2024, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented