മ്യൂച്വല്‍ ഫണ്ട് എന്നുകേള്‍ക്കുമ്പോഴേ പലരുടെയും ധാരണ അത് ഓഹരി നിക്ഷേപം ആണെന്നാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് നാം നല്‍കുന്ന പണം നിക്ഷേപിക്കുന്ന പത്തോളം വിവിധ മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ് ഓഹരി. ഓഹരിയില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് നിക്ഷേപിക്കാന്‍ മ്യൂച്വല്‍ ഫണ്ടില്‍ വേറെയും നിരവധി മാര്‍ഗങ്ങളുണ്ട്. അത് സ്ഥിര വരുമാനം തരുന്ന വിവിധ നിക്ഷേപ മാര്‍ഗങ്ങളാണ്. ഇത്തരം നിക്ഷേപമാര്‍ഗങ്ങളില്‍ പലതും വലിയ തുകയ്ക്കുള്ള നിക്ഷേപങ്ങളാണ്. സാധാരണ നിക്ഷേപകര്‍ എന്ന നിലയില്‍ നമുക്ക് ഇവയില്‍ പലതിലും നേരിട്ട് നിക്ഷേപം നടത്തുക എന്നത് എളുപ്പമല്ല. എന്നാല്‍ മ്യൂച്വല്‍ ഫണ്ടിലൂടെ ആകുമ്പോള്‍ പലര്‍ക്കൊപ്പം നമുക്കും നിക്ഷേപിക്കാന്‍ അവസരം കിട്ടുകയും അതില്‍ നിന്നുണ്ടാകുന്ന നേട്ടത്തിന്റെ ആനുപാതിക വിഹിതം ലഭിക്കുകയും ചെയ്യും.  

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങള്‍, ബാങ്കുകള്‍ പുറത്തിറക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഓഫ് ഡിപ്പോസിറ്റ്‌സ്, ട്രഷറി ബില്ലുകള്‍, കമ്പനികള്‍ പുറത്തിറക്കുന്ന കടപ്പത്രങ്ങള്‍, ബാങ്ക് ഡിപ്പോസിറ്റ്, കമ്പനികളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീമുകള്‍ തുടങ്ങിയവ ഇത്തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ പെട്ടവയാണ്. ഇത്തരം മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ ഡെറ്റ് ഫണ്ടുകള്‍ എന്നാണറിയപ്പെടുന്നത്.

നിക്ഷേപകരുടെ പണം സ്ഥിര നിക്ഷേപ മാര്‍ഗങ്ങളിലും ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും ബോണ്ടുകളിലും, കൊമേഴ്‌സ്യല്‍ പേപ്പറുകള്‍, ഡിബഞ്ചറുകള്‍, ബാങ്ക് സര്‍ട്ടിഫിക്കേറ്റ്‌സ് ഓഫ് ഡിപ്പോസിറ്റ്‌സ്, ട്രഷറി ബില്ല്, പോലുള്ള മണി മാര്‍ക്കറ്റ് നിക്ഷേപങ്ങളിലും നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ഡെബ്റ്റ് ഫണ്ടുകള്‍ എന്നറിയപ്പെടുന്നത്. ഏതുമാര്‍ഗത്തിലാണോ പ്രധാനമായും നിക്ഷേപിക്കുന്നത് അതിന്റെ അടിസ്ഥാനത്തില്‍ ഇന്‍കം ഫണ്ട്, ബോണ്ട് ഫണ്ട്, ഫിക്‌സഡ് ഇന്‍കം ഫണ്ട് എന്നിങ്ങനെയും ഡെറ്റ് ഫണ്ടുകള്‍ അറിയപ്പെടാറുണ്ട്. ലിക്വിഡ് ഫണ്ട്, ഷോര്‍ട്ട് ടേം ഫണ്ട്, ഫ്‌ളോട്ടിങ് റേറ്റ് ഫണ്ട്, കോര്‍പ്പറേറ്റ് ഡെബ്റ്റ് ഫണ്ട്, ഡൈനമിക് ബോണ്ട് ഫണ്ട്, ഗില്‍റ്റ് ഫണ്ട് തുടങ്ങിയതരത്തിലുള്ള ഫണ്ടുകളും ഡെറ്റ് ഫണ്ടിലുണ്ട്.

നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ഓഹരിക്കു പകരം കമ്പനി ബോണ്ടുകള്‍, ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍, മറ്റ് സ്ഥിരനിക്ഷേപ മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുകയും ഇവയില്‍ നിന്ന് ലഭിക്കുന്ന പലിശപോലുള്ള ഉറപ്പായ ലാഭം നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. ഇന്‍കം ഫണ്ടുകള്‍, ബോണ്ട് ഫണ്ട് തുടങ്ങിയ പേരിലും ഇവ അറിയപ്പെടുന്നു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിനേക്കാള്‍ നേട്ട സാധ്യത ഇതില്‍ കുറവായിരിക്കും.

ലിസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുള്ള സ്ഥിര നിക്ഷേപ മാര്‍ഗങ്ങളിലാണ് ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. കമ്പനി ബോണ്ടുകള്‍, ഗവണ്‍മെന്റ് കടപ്പത്രങ്ങള്‍ തുടങ്ങിയവയാണ് അവ. ഇവ നിശ്ചിത വിലയ്ക്ക് വാങ്ങി ലാഭം എടുത്ത് വില്‍ക്കുന്നു. ഇങ്ങനെ വില്‍ക്കുമ്പോള്‍ കിട്ടുന്ന ലാഭം ഫണ്ടിന്റെ അറ്റ ആസ്തി മൂല്യത്തില്‍ വകയിരുത്തുന്നു. ഇതിനുപുറമെ വാങ്ങി കൈവശം വയ്ക്കുന്ന കാലയളവില്‍ പലിശ വരുമാനവും ലഭിക്കും. അതായത് ബാങ്ക് സ്ഥിര നിക്ഷേപത്തില്‍ നിന്നെന്നപോലെ പലിശ വരുമാനവും ലഭിക്കും. ഇത്തരത്തിലുള്ള വരുമാനവും ഡെറ്റ് ഫണ്ടുകളിലേക്ക് വന്നുചേരും. വര്‍ഷാവര്‍ഷം ലഭിക്കുന്ന പലിശ വരുമാനത്തെ 365 കൊണ്ട് ഹരിച്ച് പ്രതിദിന വരുമാനമായി മാറ്റി അറ്റ ആസ്തി മൂല്യത്തോട് ചേര്‍ക്കുന്നു.

സമ്പദ് വ്യവസ്ഥയിലെ പലിശ നിരക്കിലെ വ്യത്യാസം അനുസരിച്ച് സ്ഥിരനിക്ഷേപ മാര്‍ഗങ്ങളുടെ വിപണി വിലയിലും വ്യത്യാസം വരും. ഉദാഹരണത്തിന് ഒരു ഡെറ്റ് ഫണ്ടില്‍ 9.5 ശതമാനം പലിശ വരുമാനം തരുന്ന ഒരു സ്ഥിര നിക്ഷേപ മാര്‍ഗം ഉണ്ടെന്ന് കരുതുക. അപ്പോഴേയ്ക്ക സമ്പദ് വ്യവസ്ഥയില്‍ പലിശ നിരക്ക് 8.5 ആയി കുറഞ്ഞു എന്നുകരുതുക. അപ്പോള്‍ പുറത്തിറക്കുന്ന സ്ഥിരനിക്ഷേപ മാര്‍ഗം 8.5 ശതമാനം പലിശ വരുമാനം ആകും നല്‍കുക. പക്ഷേ ഡെറ്റ് ഫണ്ടിന്റെ 9.5 ശതമാനം പലിശ വരുമാനം തരുന്ന സ്ഥിരനിക്ഷേപ മാര്‍ഗമാണ് ഉള്ളത്. ആ നിക്ഷേപ പദ്ധതി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 9.5 ശതമാനം പലിശ ലഭിക്കും. അതുകൊണ്ട് തന്നെ ഈ ഡെറ്റ് ഫണ്ടിന്റെ എന്‍.എ.വിയും വര്‍ധിക്കും.

ഓഹരി മ്യൂച്വല്‍ ഫണ്ടും ഡെറ്റ് മ്യൂച്വല്‍ ഫണ്ടും തമ്മില്‍ പ്രവര്‍ത്തനത്തില്‍ വലിയ വ്യത്യാസമില്ല. എന്നാല്‍ ലാഭം നല്‍കുന്ന കാര്യത്തില്‍ ഏറെ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഓഹരി വിപണിയില്‍ വലിയ മാറ്റം ഉണ്ടായാല്‍ വലിയ മാറ്റം ഓഹരി മ്യൂച്വല്‍ ഫണ്ടിന്റെ എന്‍.എ.വിയില്‍ ഉണ്ടാകും. എന്നാല്‍ പലിശ നിരക്കില്‍ വലിയ മാറ്റം ഉണ്ടായാല്‍ അതേ അളവില്‍ ഡെറ്റ് ഫണ്ടുകളുടെ എന്‍.എ.വിയില്‍ അത് പ്രതിഫലിക്കില്ല. അതായത് ഡെറ്റ് ഫണ്ടുകളില്‍ നിന്ന് വളരെ വലിയ ലാഭമോ വളരെ വലിയ നഷ്ടമോ ഉണ്ടാകില്ല. നേട്ടമുണ്ടായാല്‍ അത് മിതമായിരിക്കും. അതേപോലെ നഷ്മുണ്ടായാലും അത് മിതമായിരിക്കും. ഓഹരി മ്യൂച്വല്‍ ഫണ്ടിലാകട്ടെ നേട്ടസാധ്യത വളരെ ഉയര്‍ന്നതായിരിക്കും. അതേപോലെ നഷ്ട സാധ്യതയും ഉയര്‍ന്നതായിരിക്കും.
നിങ്ങള്‍ താഴെ പറയുന്ന തരത്തിലുള്ള നിക്ഷേപകനാണ് എങ്കില്‍ നിങ്ങള്‍ക്ക് ഡെറ്റ് ഫണ്ടിലെ നിക്ഷേപമാകും ഉചിതം.

1. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് വലുതല്ലെങ്കിലും സ്ഥിരമായ ലാഭം പ്രതീക്ഷിക്കുന്നവര്‍ക്കും മുതല്‍ ഒട്ടും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കൂം ഡെറ്റ് ഫണ്ടുകള്‍ ഉചിതമാണ്.
2. ലാഭനിരക്കില്‍ അനിശ്ചിതത്വമോ വലിയ ചാഞ്ചാട്ടമോ ഉണ്ടാകില്ല എന്നതുകൊണ്ട് സ്ഥിരമായ നിരക്കില്‍ നേട്ടം പ്രതീക്ഷിക്കാം.
3. ബാങ്ക് സ്ഥിരനിക്ഷേപത്തില്‍ നിന്നുള്ളതിനേക്കാള്‍ ഭേദപ്പട്ട ലാഭവും പ്രതീക്ഷിക്കാം.

ഡറ്റ് ഫണ്ടുകളുടെ സവിശേഷതകള്‍

1. ഓഹരി മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ കുറഞ്ഞ പ്രവര്‍ത്തന ചിലവാണ് ഡെറ്റ് ഫണ്ടുകള്‍ക്ക്.
2. വളരെ പെട്ടെന്ന് പണമാക്കാം.
3. താരതമ്യേന ഉയര്‍ന്ന സുരക്ഷിതത്വം.

(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍: 9447667716. ഇ-മെയില്‍: jayakumarkk8@gmail.com)