ഇപ്പോള്‍ മലയാളികളുടെ ട്രെന്‍ഡിങ് നിക്ഷേപമാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. ചിലര്‍ ഇതിലെ നഷ്ടസാധ്യതകള്‍ അറിഞ്ഞകൊണ്ടുമാത്രം നിക്ഷേപം നടത്തുമ്പോള്‍ മറ്റുചിലര്‍ ഇതൊന്നും അറിയാതെ നിക്ഷേപിക്കുന്നു. ഏതായാലും മലയാളികളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു ലക്ഷം കോടി രൂപയിലേക്ക് കടക്കുകയാണ്. എല്ലാവര്‍ക്കും ഏറ്റവും പ്രിയങ്കരമായ ചിട്ടിയിലെ മൊത്ത നിക്ഷേപം 60,000 കോടി രൂപയോളം ആണെന്നിരിക്കേ ഈ  കണക്കുകള്‍ വളരെ ശ്രദ്ധേയമാണ്.

നഷട സാധ്യത ഏറെയുണ്ടെങ്കിലും ചെറിയ തുകകൊണ്ട് നിക്ഷേപം ആരംഭിച്ച് വലിയ സമ്പത്ത് സ്വരുക്കൂട്ടാനുള്ള വ്യവസ്ഥാപിതമായ ഒരു മാര്‍ഗം തന്നെയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഇപ്പോഴും. മ്യൂച്വല്‍ ഫണ്ടില്‍ പണം ഒരുമിച്ചോ തവണകളായോ നിക്ഷേപിക്കാം. ചിട്ടയായി ഒരു തുക മാസാമാസം നിക്ഷേപിക്കാം. അല്ലെങ്കില്‍ കെെയിൽ പണം കിട്ടുന്നതുപോലെ ഇഷ്ടപ്പെട്ട മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങി സ്വരുക്കൂട്ടാം. 

വെറും 500 രൂപകൊണ്ട് നിക്ഷേപം ആരംഭിക്കാം. സമ്പാദ്യം വര്‍ധിക്കുന്നതിന് അനുസരിച്ച് അതിലൊരു വിഹിതം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യാം. ചിട്ടിയില്‍ തവണ അടയ്ക്കുന്നതുപോലെയോ ബാങ്ക് റിക്കറിങ് ഡിപ്പോസിറ്റിലേക്ക് തവണ അടയ്ക്കുന്നതുപോലെയോ ലളിതമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചുകൊണ്ടിരിക്കാം. 

ഏതെങ്കിലും ഒരു മ്യൂച്വല്‍ ഫണ്ടില്‍ മാത്രമാണ് താല്‍പര്യമെങ്കില്‍ അതുതന്നെ വീണ്ടും വീണ്ടും വാങ്ങാം. ഒരിക്കല്‍ ആരംഭിച്ച നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയോ ഒരിക്കല്‍ നടത്തിയ നിക്ഷേപം ദീര്‍ഘകാലം കൈവശം വയ്ക്കുകയോ വേണം എന്നുമാത്രം. കാരണം ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ഏറ്റവും മികച്ച ലാഭം കിട്ടാന്‍ ദീര്‍ഘമായ കാലയളവ് അത്യാവശ്യമാണ്. പണത്തിന് പെട്ടെന്ന് ആവശ്യം വന്നാല്‍ പെട്ടെന്ന് വില്‍ക്കേണ്ടിവരും. അങ്ങനെ വിറ്റാല്‍ അന്നത്തെ വിലയേ ലഭിക്കൂ. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് ആണെങ്കില്‍ വിപണിയുടെ കയറ്റിറക്കങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള ലാഭ നഷ്ടങ്ങളെയും ബാധിക്കും. 

എന്നാല്‍ കടപ്പത്രാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളാണ് എങ്കില്‍ ദീര്‍ഘകാലയളവ് ആവശ്യമില്ല. ഏതാനും ദിവസങ്ങളുടെ കാലയളവ് മുതല്‍ ഏതാനും വര്‍ഷങ്ങളില്‍ ഒതുങ്ങുന്ന കാലയളവ് ഉള്ള കടപ്പത്രാധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ഉണ്ട്.

എല്ലാ നിക്ഷേപകര്‍ക്കും ഒരേതരത്തിലുള്ള സേവനം മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് ലഭിക്കും. 500 രൂപയുടെ നിക്ഷേപം നടത്തിയ ആള്‍ക്കും 50 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയ ആള്‍ക്കും ലഭിക്കുക ഒരേ തരത്തിലുള്ള സേവനവും കൃത്യമായ ലാഭവും ആണ്. നിക്ഷേപിക്കാന്‍ വളരെ ചെറിയ തുകയേ കെെയിലുള്ളൂ എന്ന കാരണത്താല്‍ ഒരിക്കലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാതിരിക്കരുത്. അങ്ങനെ ചെയ്താല്‍ സമ്പത്ത് സ്വരുക്കൂട്ടാനുള്ള വളരെ വലിയ ഒരു അവസരമായിരിക്കും നഷ്ടപ്പെടുത്തുക. കാരണം മ്യൂച്വല്‍ ഫണ്ട് എന്നത് ഒട്ടേറെ വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങളിലക്കുള്ള ഒരു വലിയ വാതായനമാണ്. ഇതിലൂടെ വിഭിന്നവും വ്യത്യസ്തവുമായ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുന്നത്. വാങ്ങാനും വില്‍ക്കാനും വളരെ എളുപ്പമാണ്. നടത്തുന്ന നിക്ഷേപത്തിന്റെ സ്റ്റേറ്റ്‌മെന്റ് കൃതമായി ലഭിക്കും.

വ്യത്യസ്ത നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവര്‍ക്ക് പോലും അനായസം ഇതില്‍ നിക്ഷേപിക്കാം. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകള്‍ക്ക് പോലും നിക്ഷേപിക്കാവുന്ന തരത്തിലാണ് ഇതിന്റെ ഘടന. ഓഹരി വിപണിയെക്കുറിച്ച് യാതൊന്നും അറിയാത്തവര്‍ക്ക് പോലും ഓഹരി വിപണിയുടെ നേട്ടം മ്യൂച്വല്‍ ഫണ്ടിലൂടെ കൈവരിക്കാന്‍ സാധിക്കും. അതേപോലെ കടപ്പത്രം, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് തുടങ്ങിയവയെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്കും അവയില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ അവസരമൊരുക്കും.

വളരെ ലളിതമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന അവയുടെ പ്രവര്‍ത്തനം ഇനി പറയുന്ന രീതിയില്‍ ലളിതമായി വിവരിക്കാം.

സ്റ്റെപ് 1

മ്യൂച്വല്‍ ഫണ്ട് കമ്പനി ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ അല്ലെങ്കില്‍ ലക്ഷ്യത്തോടെ ഒരു ഫണ്ടിനു രൂപം കൊടുക്കുന്നു. ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപിക്കുക, കമ്പനി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുക, ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നായിരിക്കാം ആ ഫണ്ടിന്റെ ഉദ്ദേശ്യം അല്ലെങ്കില്‍ ലക്ഷ്യം. അതായത് ഇവയില്‍ ഏതിലെങ്കിലും ഒന്നില്‍ നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ആ ഫണ്ട് പുറത്തിറക്കുന്നത്. ഇത്തരത്തില്‍ ഫണ്ട് പുറത്തിറക്കുന്ന കമ്പനിയെ അസെറ്റ് മാനേജ്‌മെന്റ് കമ്പനി അഥവാ എ.എം.സി എന്നാണ് വിളിക്കുന്നത്.

സ്റ്റെപ് 2
ഈ ഫണ്ടില്‍ ആകൃഷ്ടരായി ഇതിലേക്ക് നാം നിക്ഷേപം നടത്തുന്നു. നിങ്ങളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സമാഹരിക്കുന്ന തുക ഒരുമിച്ച് ചേര്‍ത്ത്  മ്യൂച്വല്‍ ഫണ്ട് കമ്പനി, ഫണ്ടില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനായി ഒറ്റ ഫണ്ടാക്കുന്നു.

സ്റ്റെപ് 3
ഉചിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധരായ ഫണ്ട് മാനേജരോട് നര്‍ദേശിക്കുന്നു.

സ്റ്റെപ് 4
നിങ്ങള്‍ നല്‍കിയതും മറ്റുള്ളവര്‍ നല്‍കിയതുമായ പണം ഫണ്ട് മാനേജരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചും ഫണ്ട് നേരത്തെ പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ക്കും അനുസരിച്ചുമുള്ള ഉപാധിയില്‍ നിക്ഷേപിക്കുന്നു.

സ്റ്റെപ് 5
മൊത്തം നിക്ഷേപത്തെ ഓരോ നിക്ഷേപകനും മുടക്കിയിട്ടുള്ള പണത്തിന് ആനുപാതികമായ യൂണിറ്റുകളായി വിഭജിച്ച് അവരവര്‍ക്ക് അര്‍ഹമായത് നല്‍കുന്നു.

സ്റ്റെപ് 6
നടത്തിയ നിക്ഷേപം നിരന്തരം സൂഷ്മ വിശകലനത്തിനുവിധേയമാക്കുന്നു. നിക്ഷേപം ഓഹരിയിലാണ് എങ്കില്‍ ഓരോ ഓഹരിയുടെയും പ്രകടനം വിലയിരുത്തുന്നു. കമ്പനികളുടെ ഭാവി സാധ്യതകള്‍ പഠിക്കുന്നു. അതിനനസുരിച്ച് നേരത്തെ നടത്തിയ നിക്ഷേപം പിന്‍വലിക്കുകയോ പുനര്‍നിക്ഷേപിക്കുയോ ചെയ്യുന്നു.

സ്റ്റെപ് 7
വര്‍ഷാവര്‍ഷം മ്യൂച്വല്‍ ഫണ്ട് കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഡിവിഡന്റായി നിക്ഷേപകര്‍ക്ക് കൈമാറുന്നു.

സ്റ്റെപ് 8
നിക്ഷേപകന്‍ യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ ഓരോ യൂണിറ്റിനും അന്ന് നിലവിലുള്ള വില നിക്ഷേപകന് നല്‍കുന്നു. എത്രയൊക്കെ ലാഭം കിട്ടാന്‍ സാധ്യതയുണ്ടോ അത്രയും നഷ്ടസാധ്യതയും ഉണ്ട് എന്നത് മറക്കാതെ വേണം ഇതില്‍ നിക്ഷേപിക്കാന്‍.

(ഈ വിഷയത്തിലുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോണ്‍-9447667716, ഇ-മെയില്‍-jayakumarkk8@gmail.com)