
നമ്മുടെ വീട്ടിൽ എത്ര പണമുണ്ടെന്ന് ചോദിച്ചാൽ മിക്കവർക്കും ഏകദേശമെങ്കിലും പറയാനാകും. ബാങ്കിൽ എത്രയുണ്ടെന്നും നിക്ഷേപങ്ങളിൽ എത്രയുണ്ടെന്നും അറിയാം. പക്ഷേ ''എന്റെ വീട്ടിലെ എല്ലാ സാമ്പത്തിക ആസ്തികളും എനിക്ക് അറിയാമോ?'' എന്ന് ചോദിച്ചാൽ പലർക്കും ഉത്തരം പറയാൻ കുറച്ച് സമയമെടുക്കും.
അലമാരയിലെ സ്വർണം, വർഷങ്ങളായി ഓർക്കാത്ത ഇൻഷുറൻസ് പോളിസി, ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ട്, പഴയ സ്ഥിരനിക്ഷേപം, ഉപയോഗിക്കാത്ത ഒരു മുറി, അതിലും പ്രധാനമായി വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന സ്വന്തം കഴിവ്- ഇവയെല്ലാം ഒരു തരത്തിൽ മറഞ്ഞിരിക്കുന്ന സമ്പത്താണ്. സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ പുതിയതായി പണം കണ്ടെത്തുന്നതിന് മുമ്പ്, നമ്മുടെ കൈവശമുള്ള സമ്പത്ത് എത്രയുണ്ടെന്ന് കണ്ടെത്തുന്നതാണ് ബുദ്ധി.
ആദ്യം ഒരു 'ആസ്തി ഓഡിറ്റ്'
ഒരു ഞായറാഴ്ച രാവിലെ മാറ്റിവെക്കൂ. വീട്ടിലെ എല്ലാ സാമ്പത്തികരേഖകളും ഒരുമിച്ച് എടുക്കുക. ബാങ്ക് അക്കൗണ്ടുകൾ, ഫിക്‌സഡ് ഡിപ്പോസിറ്റുകൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, സ്വർണം, ഭൂമി, വീട്, വാഹനങ്ങൾ എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുക.
ഓരോന്നിനും മുന്നിൽ നാല് കാര്യങ്ങൾ എഴുതുക:
എന്താണ്? എത്ര മൂല്യമുണ്ട്? ആരുടെ പേരിലാണ്? ഇപ്പോൾ അത് എന്ത് പ്രയോജനം നൽകുന്നു? അപ്പോൾ പലർക്കും ഒരു അതിശയകരമായ കാര്യം മനസ്സിലാകും-വരുമാനം കുറവാണെന്ന് കരുതിയിരുന്ന വീട്ടിൽ തന്നെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ചില ആസ്തികൾ ഉണ്ടെന്ന്.
അലമാരയിലെ സ്വർണം: ആഭരണമോ ആസ്തിയോ?കേരളത്തിലെ പല കുടുംബങ്ങളുടെയും ഏറ്റവും വലിയ സാമ്പത്തിക ആസ്തികളിലൊന്നാണ് സ്വർണം. എന്നാൽ പലപ്പോഴും അതിന്റെ വലിയൊരു ഭാഗം ലോക്കറിൽ കിടക്കുകയാണ്. ഇവിടെ ചോദിക്കേണ്ട ചോദ്യം ''സ്വർണം വിൽക്കണോ?'' എന്നതല്ല. ''ഈ സ്വർണം എന്റെ സാമ്പത്തിക ലക്ഷ്യത്തിന് എന്ത് പ്രയോജനം ചെയ്യുന്നു?'' എന്നതാണ്.
അത്യാവശ്യ ഘട്ടത്തിൽ മാത്രം വിൽക്കുകയോ പണയംവയ്ക്കുകയോ ചെയ്യുന്നതിനു പകരം, സ്വർണത്തിന്റെ ഒരു ഭാഗം ദീർഘകാല സാമ്പത്തിക പദ്ധതിയുടെ ഭാഗമാക്കാം. എന്നാൽ സ്വർണം പണയംവച്ച് ഉയർന്ന പലിശയുള്ള കടം എടുത്ത് അനാവശ്യ ചെലവുകൾ നടത്തുന്നത് സമ്പത്ത് സൃഷ്ടിക്കലല്ല. പഴയതോ ഉപയോഗിക്കാത്തതോ ആയ ആഭരണങ്ങൾ വിൽക്കുന്നതിന് മുമ്പ് ശുദ്ധി, തൂക്കം, making charge, buyback terms തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുക. ഒന്നിലധികം വിശ്വസനീയ ജ്വല്ലറികളിൽ വില താരതമ്യം ചെയ്യുന്നതും നല്ലതാണ്.
മറന്നുപോയ ഇൻഷുറൻസ് പോളിസികൾ
''എന്റെ പേരിൽ ഒരു പോളിസി ഉണ്ടെന്ന് തോന്നുന്നു; പക്ഷേ രേഖ എവിടെയാണെന്ന് അറിയില്ല.'' ഇത് അപൂർവമായ കാര്യമല്ല.
വീട്ടിലെ പഴയ ഫയലുകൾ പരിശോധിക്കുക. ലൈഫ്തു ഇൻഷുറൻസ്, മണി ബാക്ക് പോളിസി, എൻഡോവ് മെന്റ് പോളിസി തുടങ്ങിയവയുടെ രേഖകൾ കണ്ടെത്തുക. പോളിസി ആക്ടീവ് ആണോ, പ്രീമിയം അടയ്‌ക്കേണ്ടതുണ്ടോ, മെച്യൂരിറ്റി എപ്പോഴാണ്, നോമിനി ആരാണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക. പോളിസി വെറുതെ കിടക്കുകയാണെങ്കിൽ ഉടൻ സറണ്ടർ ചെയ്യുന്നത് എല്ലായ്‌പ്പോഴും ശരിയായ തീരുമാനമല്ല. സറണ്ടർ വാല്യു, മെച്യൂരിറ്റി വാല്യു, പെയ്ഡ് അപ് വാല്യു എ ന്നിവ മനസ്സിലാക്കിയശേഷമേ തീരുമാനം എടുക്കാവൂ. രേഖയില്ലാത്ത പോളിസി പലപ്പോഴും മറന്നുപോയ സമ്പത്താണ്.
ബാങ്കിൽ കിടക്കുന്ന 'മറന്ന പണം'
പഴയ ജോലി, പഠനം, വിവാഹം, സ്ഥലംമാറ്റം-ഇങ്ങനെ പല കാരണങ്ങളാൽ ആളുകൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം. ചിലത് പിന്നീട് ഉപയോഗിക്കാതാകുകയും ചെയ്യും.
പഴയ അക്കൗണ്ടുകൾ, എഫ്ബികൾ, പലിശ ലഭിക്കാനുള്ള തുക എന്നിവ പരിശോധിക്കുക. സ്വന്തം പേരിലുള്ള നിക്ഷേപങ്ങൾ മാത്രമല്ല, കുടുംബത്തിലെ മുതിർന്നവരുടെ രേഖകളും ക്രമപ്പെടുത്തി സൂക്ഷിക്കുന്നത് പ്രധാനമാണ്.
വർഷങ്ങളായി ഉപയോഗിക്കാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് അവയുടെ നിലവിലെ സ്ഥിതി അന്വേഷിക്കുക. അവകാശപ്പെട്ടിട്ടില്ലാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർബിഐയുടെ UDGAM പോലുള്ള സംവിധാനങ്ങളും ഉപയോഗിക്കാം.
വീട്ടിലെ ഒഴിഞ്ഞ ഇടവും ഒരു ആസ്തിയാണ്
വീട്ടിലെ ഒരു മുറി, ഒരു നില വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയാണോ? നിയമപരമായും പ്രായോഗികമായും സാധ്യമെങ്കിൽ അത് വാടകയ്ക്ക് നൽകാം. ഒരു പാർക്കിംഗ് സ്‌പേസ്, ചെറിയ ഷോപ് റൂം, വീടിനോട് ചേർന്നുള്ള വർക്ക് സ്‌പേസ് എന്നിവയ്ക്കും വരുമാനസാധ്യതയുണ്ടാകാം. എന്നാൽ വാടക ലഭിക്കും എന്നതുകൊണ്ട് മാത്രം തീരുമാനം എടുക്കരുത്. സുരക്ഷ, അറ്റകുറ്റപ്പണികൾ, നികുതി തുടങ്ങിയ കാര്യങ്ങൾ എന്നിവയും കണക്കാക്കണം.
ഏറ്റവും വലിയ മറഞ്ഞിരിക്കുന്ന സമ്പത്ത്: നിങ്ങളുടെ കഴിവ്
സ്വർണത്തേക്കാൾ വിലയേറിയ ഒരു ആസ്തി പലരുടെയും കൈവശമുണ്ട്-അവരുടെ കഴിവും അനുഭവവും. വർഷങ്ങളായി നന്നായി പാചകം ചെയ്യുന്ന സ്ത്രീക്ക് ഹോം ബേസ്ഡ് ബിസിനസ് തുടങ്ങാം. അധ്യാപന പരിചയമുള്ളവർക്ക് ഓൺലൈൻ ട്യൂഷൻ എടുക്കാം. നന്നായി എഴുതുന്നവർക്ക് കണ്ടന്റ് റൈറ്റിംഗ് ചെയ്യാം. അക്കൗണ്ടിംഗ് അറിയുന്നവർക്ക് പാർട്ട് ടൈം ബുക്ക് കീപ്പിംഗ് ചെയ്യാം. തുന്നൽ, ബേക്കിംഗ്, ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി , ട്രാൻസ്ലേഷൻ, കൌൺസിലിംഗ്, ഇവന്റ് കോർഡിനേഷൻ തുടങ്ങിയ കഴിവുകൾ അനവധി. ഇവയിൽ പലതും വലിയ മൂലധനം ആവശ്യപ്പെടുന്നില്ല.
ഒരു ലളിതമായ പരീക്ഷണം നടത്താം. നിങ്ങളുടെ കഴിവുകളുടെ പട്ടിക തയ്യാറാക്കി അതിനരികിൽ ഒരു ചോദ്യം എഴുതുക:
''ഇതിൽ നിന്ന് മറ്റൊരാൾ പണം കൊടുത്ത് വാങ്ങാൻ തയ്യാറാകുന്ന എന്താണ് എനിക്ക് നൽകാൻ കഴിയുന്നത്?''
ഉത്തരം കിട്ടിയാൽ അവിടെ ഒരു ചെറിയ സംരംഭത്തിന്റെ തുടക്കമുണ്ട്.
'മറഞ്ഞിരിക്കുന്ന സമ്പത്ത്' കണ്ടെത്താനുള്ള അഞ്ച് ചോദ്യങ്ങൾ
മാസത്തിൽ ഒരിക്കൽ ഈ അഞ്ച് ചോദ്യങ്ങൾ സ്വയം ചോദിക്കാം:
1. എനിക്ക് ഉപയോഗിക്കാതെ കിടക്കുന്ന സാമ്പത്തിക ആസ്തി ഉണ്ടോ?
2. എനിക്ക് അവകാശപ്പെട്ടിട്ടും മറന്നുപോയ പണം ഉണ്ടോ?
3. വരുമാനം നൽകാത്ത ഒരു ആസ്തിയെ വരുമാനം നൽകുന്ന രീതിയിലേക്ക് മാറ്റാനാകുമോ?
4. എന്റെ കഴിവുകളിൽ നിന്ന് അധിക വരുമാനം ഉണ്ടാക്കാനാകുമോ?
5. എന്റെ കൈവശമുള്ള ആസ്തികൾക്ക് ശരിയായ നോമിനി, രേഖകൾ, ഉടമസ്ഥാവകാശ വിവരങ്ങൾ എന്നിവ ക്രമത്തിലാണോ?
പണം കണ്ടെത്തുന്നതിന് മുമ്പ് സമ്പത്ത് കണ്ടെത്തുക
സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കൂടുതൽ ശമ്പളം മാത്രം വേണമെന്നില്ല. ചിലപ്പോൾ ആദ്യം വേണ്ടത് നമ്മുടെ കൈവശമുള്ള സമ്പത്ത് തിരിച്ചറിയുകയാണ്.
അലമാരയിലെ സ്വർണം, പഴയ പോളിസി, മറന്ന ബാങ്ക് അക്കൗണ്ട്, ഒഴിഞ്ഞ മുറി-ഇവയെല്ലാം സാമ്പത്തിക ജീവിതത്തിൽ ഒരു പങ്ക് വഹിക്കാം. പക്ഷേ അതിലും വലിയ സമ്പത്ത് നമ്മുടെ കഴിവുകളും അറിവും അനുഭവവുമാണ്. അതുകൊണ്ട് ഇന്ന് വീട്ടിലെ അലമാര തുറക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ജീവിതത്തിന്റെ അലമാര തുറക്കൂ.
എന്തൊക്കെയാണ് അവിടെ മറഞ്ഞുകിടക്കുന്നതെന്ന് കണ്ടെത്തൂ. ''സമ്പത്ത് എന്നത് ബാങ്കിൽ കിടക്കുന്ന പണം മാത്രമല്ല. ഉപയോഗിക്കാതെ കിടക്കുന്ന ഓരോ ആസ്തിയും ഒരു സാധ്യതയാണ്. ആ സാധ്യത തിരിച്ചറിയുന്ന നിമിഷത്തിലാണ് മറഞ്ഞിരിക്കുന്ന സമ്പത്ത് യഥാർത്ഥസമ്പത്താകുന്നത്.''
(ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാം. ഫോൺ- 9447667716. ഇ-മെയിൽ jayakumarkk8@gmail.com)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 06 Oct 2026, 02:10 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented