''ആപ്പിളിന് ചുവന്ന കളറല്ലേ അപ്പൂപ്പാ...പച്ച ആപ്പിൾ ഉണ്ടാവുമോ...'' എൽ.കെ.ജി. ക്ലാസിലെ കുഞ്ഞുപാഠങ്ങളിലെ കൊച്ചു കൊച്ചു സംശയങ്ങൾ നാലു വയസുകാരൻ ധ്രുവൽ ജിത്ത് അപ്പൂപ്പനോട് ചോദിച്ചുകൊണ്ടേയിരുന്നു. സഹോദരൻ ധ്രുപദ് പാഠങ്ങൾ ഉറക്കെ വായിച്ചു പഠിക്കുകയാണ്. കളിപ്പാട്ടവുമായി വന്ന കുഞ്ഞനിയൻ അദ്വൈതിനെ അഞ്ചാം ക്ലാസുകാരി അവന്തിക ചേർത്തുപിടിച്ചു. പഠനവും കളിയും ചിരിയുമൊക്കെയായി വീടുകളിൽ സന്തോഷം നിറയുകയാണ്.
മുണ്ടക്കൈ ചൂരൽമല എന്ന മേൽവിലാസത്തിൽ നിന്നുമാറി ടൗൺഷിപ്പ് എന്ന പുതിയ മേൽവിലാസത്തിലാണ് അവരുടെയൊക്കെ പുതുജീവിതം. അതിജീവനത്തിന്റെ കഥകളാണ് ടൗൺഷിപ്പിലെ ഓരോ വീടുകളും. ഉപ്പയും സഹോദരങ്ങളും നഷ്ടപ്പെട്ട നൈസമോൾ ഉമ്മ ജസീലയ്ക്കും ഉമ്മൂമ്മ ജമീലയ്ക്കുമൊപ്പമാണ് ടൗൺഷിപ്പിലെ വീട്ടിൽ താമസിക്കുന്നത്. പരിക്കുകളെല്ലാം ദേഭമായി ഇപ്പോൾ എൽ.കെ.ജി. വിദ്യാർഥിനിയാണ് നൈസമോൾ. ഉമ്മ ജസീല മേപ്പാടിയിൽ കുട്ടികളുടെ ടെക്‌സറ്റയിൽസ് നടത്തുകയാണ്.
Also Read
അച്ഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട അവന്തിക അച്ഛാച്ചനും അച്ഛമ്മയ്ക്കും ഇളയച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ഗുരുതര പരിക്കുകളെയെല്ലാം അതിജീവിച്ചതാണ് അവന്തികയുടെ ജീവിതം. ഇപ്പോൾ വെള്ളാർമല സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
ഉരുൾപൊട്ടലിൽ മൂന്നുമക്കളെ നഷ്ടമായ അനീഷും സയനയും മക്കളുടെയും അനീഷിന്റെ അമ്മയുടെയും ചിത്രങ്ങൾ വീടിനുള്ളിൽ വരച്ചു വെച്ചിട്ടുണ്ട്. ''ആ ചിത്രം കാണുമ്പോൾ അവർ കൂടെയുള്ളതുപോലെ തോന്നും. അതൊരാശ്വാസം'', അനീഷും സയനയും പറഞ്ഞു. അങ്ങനെ ഓരോരുത്തരും അതിജീവനത്തിന്റെ പാതയിൽ ജീവിതം തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുപോലുള്ള ഒരേ നിറത്തിലുള്ള വീടുകളിൽ ഒരുമയോടെ കഴിയുമ്പോഴും മനസ്സു നിറയെ പഴയ ജീവിതമാണ്. നാടൊന്നാകെയൊഴുകിപ്പോയ ഉരുൾദുരന്തത്തിന് രണ്ടാണ്ട് തികയുമ്പോൾ ഓർമ്മകളിൽ അവരുടെ കണ്ണും നിറയുകയാണ്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദനയിൽ അവരെല്ലാം വിതുമ്പിപ്പോയി. ''ഒന്നും പഴയപോലെ തിരികെ കിട്ടില്ലെന്നറിയാം എങ്കിലും ഓരോ നിമിഷവും അവർ കൂടെയുണ്ടെങ്കിലെന്ന് ആഗ്രഹിക്കും. അവർക്കായി പ്രാർഥിക്കും'', ജസീലയ്ക്കും ജമീലയ്ക്കും വാക്കുകൾ പൂർത്തിയാക്കാനായില്ല. പ്രിയപ്പെട്ടവരുടെ ഓർമ്മദിനത്തിൽ അവർ ഉള്ളുരുകി പ്രാർഥിച്ചു.
ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 കുടുംബങ്ങളാണ് നിലവിൽ താമസം തുടങ്ങിയത്. രണ്ടാംഘട്ടത്തിലുൾപ്പെട്ടവരുടെ വീടു നിർമാണമുൾപ്പെടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബറോടെ രണ്ടാംഘട്ടത്തിലെ വീടുകളും കൈമാറാനാണ് പ്രവൃത്തി ഏറ്റെടുത്ത ഊരാളുകൾ ലേബർ കോൺട്രക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തീരുമാനം.
പ്രിയപ്പെട്ടവരുറങ്ങുന്ന ഹൃദയഭൂമി
''ഉരുളെടുത്തുപോയ പ്രിയപ്പെട്ടവരുറങ്ങുന്ന പുത്തുമലയിലെ ഹൃദയഭൂമിയിലെത്തിയാൽ ഉള്ളൊന്നു തണുക്കും. അവരെല്ലാം കൂടെതന്നെയുണ്ടെന്നൊരു തോന്നലുണ്ടാവും. ഇടയ്ക്കിടെ ഞങ്ങൾ ഹൃദയഭൂമിയിലെത്തും, ഏകാന്തയിൽ അല്പനേരം ഇരിക്കും'', ജസീല പറഞ്ഞു. ഒത്തുചേരലിലെല്ലാം അവർക്ക് പറയാനുള്ളത് പഴയ ജീവതവും മൺമറഞ്ഞുപോയവരെ കുറിച്ചുമൊക്കെയാണ്. ''ആരും ഞങ്ങളെ വിട്ടുപോയിട്ടില്ല ഒപ്പമുണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം'', ജമീല പറഞ്ഞു. ''ഞങ്ങളുടെ സൗഹൃദവും കൂട്ടായ്മയുമൊക്കെയായിരുന്നു മുണ്ടക്കൈയും ചൂരൽമലയും. സാധാരണക്കാരും തൊഴിലാളികളും കെട്ടിപ്പടുത്തതാണ് ഈ രണ്ടുഗ്രാമങ്ങളും'', ചൂരൽമല സ്വദേശിയായ സി.കെ. വിജയൻ പറഞ്ഞു. ''അധ്വാനിച്ചുണ്ടാക്കിയതൊന്നും ഇപ്പോൾ അവിടെയില്ല. ഇന്ന് താമസിക്കാൻ വീടായി. ഇനി ജിവിതം തിരികെ പിടിക്കണം'', പുതിയ പ്രതീക്ഷകൾ പങ്കുവെക്കുകയാണ് അതിജീവിതരെല്ലാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Survivors of the 2024 Mundakkai-Chooralmala landslide are rebuilding lives in new township housing projects. The community honors the second anniversary of the tragedy with prayers and memories of lost loved ones
Published: 30 Jul 2026, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented