ശ്രുതി... വയനാടിന്റെ കണ്ണീര്‍പെയ്ത്തില്‍ ഉറ്റവരെയല്ലാം മണ്ണെടുത്തപ്പോള്‍ തന്റെ പ്രിയപ്പെട്ടവന്റെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നവള്‍. പ്രണയമെന്ന വാക്കിന് ജെന്‍സന്‍ എന്ന പേരുണ്ടെന്ന് നാടറിഞ്ഞത് അന്നാണ്. എന്നാല്‍ ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ വേദന മായും മുന്‍പേ ജെന്‍സനെയും അവള്‍ക്ക് നഷ്ടമായി. വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി വീണ്ടും വില്ലനായി. ഇനിയവള്‍ എന്തുചെയ്യും എന്ന് പരിതപിച്ച സമൂഹത്തിന് മുന്നില്‍ വീണ്ടും ശ്രുതിയെത്തി. സങ്കടക്കടലിലും പ്രത്യാശയുടെ ഓളംവെട്ടുന്ന കണ്ണുകകളുമായി. ജെന്‍സന്റെ സ്വപ്‌നങ്ങള്‍ക്ക് തുടര്‍ച്ച കണ്ടെത്താനാണ് ഇനിയുള്ള കാലമെന്ന് ശ്രുതി.  ''ഇച്ചായന്‍ ബാക്കിവെച്ചതെല്ലാം പൂര്‍ത്തിയാക്കണം...ഇച്ചായന്‍ ആഗ്രഹിച്ചതുപോലെ ജീവിക്കണം...ഞാന്‍ കരയുന്നത് ഒരിക്കലും ഇച്ചായന് ഇഷ്ടമല്ല. അതുകൊണ്ട് ഇനി കരയില്ല...'' 

ദുരന്തമഴ നനഞ്ഞ കുടുംബം
ദുരന്തപ്പെയ്ത്തില്‍ ഉലഞ്ഞുപോയ കുടുംബമാണ് ശ്രുതിയുടെത്. ആ കുടുംബത്തിലെ ഒമ്പതുപേരെയാണ് തോരാമഴ ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത്. അക്കൂട്ടത്തില്‍ ശ്രുതിയുടെ അച്ഛന്‍ ശിവണ്ണനും അമ്മ സബിതയും അനിയത്തി ശ്രേയയും ഉള്‍പ്പെട്ടു. കോഴിക്കോട്ട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി മാത്രം ജീവനോടെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരുമാസംമുന്‍പായിരുന്നു  ശ്രുതിയുടെ വിവാഹനിശ്ചയം. അതേദിവസം തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും. എന്നാല്‍ ഒരു മാസത്തിന്റെ ഇടവേളയില്‍ എല്ലാ സന്തോഷങ്ങളും അസ്തമിച്ചു.

placeholder
ശ്രുതിയും ജെന്‍സനും ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്ത് (ഫയല്‍ചിത്രം: PTI)

ശ്രുതിയുടെ അച്ഛന്‍ ശിവണ്ണന്‍ ദിവസവേതനക്കാരനായിരുന്നു. അമ്മ സബിത സെയില്‍സ് വുമണായി ജോലിചെയ്തു. എല്ലാ സമ്പാദ്യവും കൂട്ടിവെച്ച് ഒരുപാട് പ്രതീക്ഷകളോടെയാണ് അവര്‍ പുതിയ വീടുവച്ചത്. കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവണ്‍മെന്റ്  കോളേജില്‍ വിദ്യാര്‍ഥിനിയായിരുന്ന അനിയത്തി ശ്രേയയ്ക്കും അച്ഛനമ്മമാര്‍ക്കുമൊപ്പം ശ്രുതി സന്തോഷത്തോടെ കഴിഞ്ഞ വീടാണത്. ശ്രുതിയുടെ വിവാഹത്തിനായി അച്ഛനമ്മമാര്‍ സ്വരുക്കൂട്ടിവെച്ച നാലരലക്ഷംരൂപയും 15 പവനും മണ്ണില്‍ എവിടെയോ പുതഞ്ഞു.  

ഇത് മാത്രമല്ല ശ്രുതിയുടെ നഷ്ടം. അച്ഛന്റെ സഹോദരന്‍മാരുടെ കുടുംബങ്ങളിലുള്ളവരും ആ ദുരിതപ്പെയ്ത്തില്‍ വിടപറഞ്ഞു. ശിവണ്ണയുടെ സഹോദരന്‍ സിദ്ദരാജും ഭാര്യ ദിവ്യയും മകന്‍ ലക്ഷ്വത് കൃഷ്ണയും അന്ന് വിടവാങ്ങി. അച്ഛനമ്മമാരെയും സഹോദരനെയും നഷ്ടമായ ലാവണ്യ എന്ന കൊച്ചുപെണ്‍കുട്ടി മാത്രമാണ് ആ വീട്ടില്‍ ഇനി അവശേഷിക്കുന്നത്. പഠനത്തിനായി നവോദയ സ്‌കൂളിലായതിനാല്‍ ലാവണ്യ രക്ഷപ്പെട്ടു. ശിവണ്ണയുടെ മറ്റൊരു സഹോദരന്‍ ഗുരുമല്ലനും ഭാര്യയും മരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അവരുടെ മക്കളായ അരുണും അനൂപും ലാവണ്യയെയും ശ്രുതിയെയും പോലെ വേദനകളുടെ ലോകത്ത് ബാക്കിയായി.

അന്ന് ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവരെല്ലാം ജോലിക്കോ പഠനത്തിനോ വേണ്ടി പുറത്തുപോയവര്‍ മാത്രമാണെന്ന് അരുണ്‍ പറയുന്നു. ''അല്ലെങ്കില്‍ ഞങ്ങളും മരിക്കുമായിരുന്നു. ഞങ്ങളുടെ അച്ഛമ്മയുടെ മൂന്ന് മക്കളും പോയി. ജെന്‍സന്‍ മരിച്ച വാഹനാപകടത്തില്‍ അച്ഛമ്മയ്ക്ക് കാലിലും തോളെല്ലിലുമൊക്കെ പരിക്കേറ്റു. കരയാനിനി കണ്ണീരില്ല. ഞങ്ങളെങ്ങനെയാണ് ഈ വേദനയില്‍നിന്ന് കരകയറുക.'' ഉത്തരമില്ലാത്ത ചോദ്യത്തിന് മുന്നില്‍ അരുണിന് വാക്കുകള്‍ ഇടറി. ''ഇനി ഞാനും എന്റെ പേരക്കുട്ടികളും മാത്രമേയുള്ളൂ, ബാക്കിയാരുമില്ല.'' അച്ഛമ്മ മാധവിയുടെ വാക്കുകളില്‍ സങ്കടക്കടല്‍ ഇരമ്പി. കടപുഴക്കിയ സങ്കടപ്പെയ്ത്തില്‍ ഒരുനിമിഷംപോലും അകന്നു നില്‍ക്കാതെ ആ ദിവസങ്ങളില്‍ ജെന്‍സന്‍ ശ്രുതിയ്‌ക്കൊപ്പമുണ്ടായിരുന്നു. മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍ ജെന്‍സന്‍ അവള്‍ക്ക് കൂട്ടിരുന്നു. ദുരന്തത്തിന്റെ ഇരുട്ടില്‍ ആ നിഴലും മറഞ്ഞുപോകുമെന്ന് അന്നാരറിഞ്ഞു.

ഇനിയില്ല ആ സ്‌നേഹം
നീ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് നെഞ്ചോട് ചേര്‍ത്തവന്‍, ഇനിയുള്ളകാലമത്രയും കൂടെയുണ്ടാകുമെന്ന്  ഉറപ്പുനല്‍കിയവന്‍... ദുരന്തമുഖത്ത് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി നിന്നവളുടെ കൈപിടിച്ച്, ഇനി ഒരുമിച്ചെന്നുറപ്പിച്ച് ഒപ്പം നടന്നവന്‍... ''അപ്പൂസേ...നീ അമ്മേടെ കണ്ണീര് കാണുന്നുണ്ടോ...? കരച്ചില് കേള്‍ക്കുന്നുണ്ടോ? ശ്രുതിമോളോട് ഞാനിനിയെന്തു പറയും...?'' ജെന്‍സന്റെ ശരീരം അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ അമ്മ മേരി നെഞ്ചുപൊട്ടിക്കരഞ്ഞ് പറഞ്ഞ വാക്കുകള്‍. ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ മടങ്ങിയെന്നത് ആര്‍ക്കും വിശ്വസിക്കാനായിരുന്നില്ല. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍വെച്ചാണ് ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ജെന്‍സന് ഗുരുതരമായി പരിക്കേറ്റു. ജെന്‍സനായിരുന്നു വാന്‍ ഓടിച്ചിരുന്നത്. 

ജെന്‍സന്റെ ചേതനയറ്റ ശരീരം ഉള്ളുപിടഞ്ഞാണ് ശ്രുതി കണ്ടത്. കല്പറ്റ ലിയോ ആശുപത്രിയില്‍ നിശ്ശബ്ദത തളംകെട്ടിയ ആ മുറിയില്‍ വെച്ച് അവര്‍ അവസാനമായി കണ്ടു. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്രുതി ഐ.സി.യുവില്‍ നിന്നാണ് സ്‌ട്രെച്ചറില്‍ പ്രത്യേകമായി ഒരുക്കിയ മുറിയില്‍ ജെന്‍സണെ കാണാനെത്തിയത്. അവസാന കണ്ടുമുട്ടല്‍. ആരുടെയും കണ്ണു നനയിക്കുന്നതായിരുന്നു ആ കാഴ്ച.

placeholder
ശ്രുതി അച്ഛമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പം

സ്‌കൂള്‍കാലംമുതല്‍ ഒപ്പം കളിച്ചുവളര്‍ന്ന കൂട്ടുകാരാണ് അവര്‍. പത്തുവര്‍ഷക്കാലത്തെ പ്രണയം. ''അവളെ അവന്‍ നന്നായി നോക്കുമായിരുന്നു. അവള്‍ക്ക് കൂട്ടായി അവന്‍ തന്നെ വേണമായിരുന്നു.'' ഇരുവരുടെയും അയല്‍വാസി പറയുന്നു. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഉറ്റവരെ നഷ്ടമായ ശ്രുതി ഇനി തനിച്ചാവരുതെന്ന ബോധ്യത്തില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെന്‍സന്‍. ലളിതമായൊരു ചടങ്ങിലൂടെ ജീവിതത്തില്‍ ഒന്നിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മഴപെയ്ത മറ്റൊരു പകലില്‍ ജെന്‍സന്‍ എന്നേക്കുമായി മാഞ്ഞു. തനിക്ക് ജീവനുള്ളിടത്തോളംകാലം സംരക്ഷിക്കുമെന്ന് വാക്കുപറഞ്ഞവന്‍ പാതിവഴിയില്‍ പിരിഞ്ഞുപോയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് ശ്രുതിയിപ്പോള്‍. 

തളരില്ല ഞാന്‍
വയനാട് കല്പറ്റ അമ്പിലേരിയിലെ വാടകവീട്ടിലാണ് ശ്രുതിയിപ്പോള്‍. വയനാട് പൊന്നടിയില്‍, തൃശ്ശൂര്‍ സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആന്റണി എന്നിവരുടെ സഹായത്തോടെ ശ്രുതിക്കായി ഒരു വീടൊരുങ്ങുന്നുണ്ട്. ''വീടിന്റെ പണികള്‍ കഴിഞ്ഞാല്‍ അങ്ങോട്ടേക്ക് മാറണം. സുഹൃത്തുക്കളെല്ലാം വിളിച്ചിരുന്നു. ചികിത്സാചെലവുകള്‍ക്ക് സര്‍ക്കാര്‍ സഹായമുണ്ട്. ഇപ്പോള്‍ അച്ഛമ്മയും അമ്മമ്മയും വല്യച്ഛന്റെ മക്കളുമെല്ലാം കൂടെയുണ്ട്. ജെന്‍സന്റെ വീട്ടുകാരും വരാറുണ്ട്, വിളിക്കാറുണ്ട്. ഒറ്റയ്ക്കായി എന്നൊന്നും തോന്നാതിരിക്കാന്‍ എല്ലാവരും ഒപ്പമുണ്ട്. എണീറ്റുനടക്കാന്‍ ആറുമാസത്തോളമെടുക്കും. ഒരു ശസ്ത്രക്രിയകൂടിയുണ്ട്. സ്ഥിരവരുമാനത്തിന് ഒരു ജോലി അത്യാവശ്യമാണ്. ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതൊരു ആശ്വാസമാണ്.'' ശ്രുതിയുടെ വാക്കുകളില്‍ നാളെയെപ്പറ്റിയുള്ള പ്രതീക്ഷകളുടെ നാളം തെളിഞ്ഞു.

''ഇച്ചായന്‍ ഒരു ബിസിനസ് തുടങ്ങിയിരുന്നു. ലോണൊക്കെ എടുത്ത് വലിയ ആഗ്രഹത്തോടെ തുടങ്ങിയതാണ്. അത് ഏറ്റെടുക്കണം. അതിനുവേണ്ടിയാവും എന്നെ ബാക്കിവെച്ചത്. അല്ലെങ്കില്‍ ഞാനും മരിക്കുമായിരുന്നു. കഴിഞ്ഞ ആറുവര്‍ഷമായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഞാന്‍. ഡിഗ്രി അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കി നഴ്‌സിങ് അസിസ്റ്റന്റ്‌സ് കോഴ്‌സ് പഠിച്ചു. ഇനി ബി.ബി.എ. ചെയ്യണം. ബിസിനസ് കാര്യങ്ങളൊക്കെ പഠിക്കണം. എല്ലാരും കൂടെയുണ്ട്. ആ ഒരു വിശ്വാസത്തില്‍ മുന്നോട്ടുപോകുകയാണ്. ഇവരുടെ കൂടെയിരിക്കുമ്പോള്‍ ഞാന്‍ ഓക്കെയാണ്. ഞാനുള്ള ധൈര്യത്തിലാണ് എനിക്ക് ചുറ്റുമുള്ളവര്‍ നോര്‍മലായിട്ടിരിക്കുന്നത്. ഞാന്‍ വീണുകഴിഞ്ഞാല്‍ അവരും വീണുപോകും. ബോള്‍ഡായി നില്‍ക്കണം.'' ശ്രുതി പറയുന്നു.

placeholder
മാതാപിതാക്കള്‍ക്കും അനിയത്തിക്കുമൊപ്പം ശ്രുതി (ഫയല്‍ചിത്രം)

വായിക്കാനേറെയിഷ്ടമുള്ള ശ്രുതിയെതേടി ധാരാളം പുസ്തകങ്ങള്‍ എത്തുന്നുണ്ട്. പല നാടുകളില്‍നിന്ന് കരുതലിന്റെ പല കരങ്ങള്‍ അയക്കുന്നവ. ''റാം c/o ആനന്ദിയാണ് ഇപ്പോള്‍ വായിക്കുന്നത്. ട്രെന്‍ഡിങ്ങാണെന്ന് കേള്‍ക്കുന്ന ബുക്കുകളെല്ലാം തേടിപ്പിടിച്ച് വായിച്ചിരുന്നു. യാത്രപോകാന്‍ ഇഷ്ടമാണ്. ഞാനും ഇച്ചായനും കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. ഇനി മണാലിയിലേക്ക് പോകണമെന്നായിരുന്നു പ്ലാന്‍. കാല് ശരിയായി ബിസിനസ്സൊക്കെ പച്ചപിടിച്ചാല്‍ മണാലിക്ക് പോകണം, ഇച്ചായന്റെ ആഗ്രഹംപോലെ.'' കണ്ണീര്‍നനവുള്ള സ്വപ്‌നങ്ങളിലേക്ക് നോക്കി ശ്രുതി പുഞ്ചിരിക്കുന്നു. 

ട്രൂത്ത് മാംഗല്യം വേദിയില്‍
ശ്രുതിയുടെയും ജെന്‍സന്റെയും കഥയറിഞ്ഞപ്പോള്‍, അവരുടെ വിവാഹം 'ട്രൂത്ത് മാംഗല്യം' വേദിയില്‍വെച്ച് നടത്താന്‍ മമ്മൂട്ടി നിര്‍ദേശിച്ചിരുന്നു. അതുപ്രകാരം സമൂഹവിവാഹച്ചടങ്ങില്‍ ശ്രുതിയും എത്തിച്ചേര്‍ന്നു, ഒപ്പം ജെന്‍സനില്ലാതെ...