'വാടാ, ഗിവ് മി എ ഹഗ്', കൈകള്‍ വിടര്‍ത്തി, മുഖംമറച്ചൊരു പട്ടാളക്കാരന്‍ മുമ്പില്‍നില്‍ക്കുന്ന ഓഫ് റോഡേഴ്‌സിനെ വിളിച്ചു. അവരെല്ലാം ആവേശത്തോടെ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ഒടുവില്‍ അവര്‍ അദ്ദേഹത്തിന് സല്യൂട്ട് നല്‍കി. ആ പട്ടാളക്കാരന്‍ ആരെന്ന ചോദ്യത്തിനുത്തരമായി ആ പേര് പൊങ്ങിവന്നു, ലഫ്.കേണല്‍ ഋഷി രാജലക്ഷ്മി.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരല്‍മലയിലും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച് തുടക്കംമുതലേ ലഫ്.കേണല്‍ ഋഷിയുമുണ്ടായിരുന്നു. എപ്പോഴും മുഖംമറച്ചുനടക്കുന്ന ആ സൈനികനെ തുടക്കത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. പതുക്കെ അദ്ദേഹത്തിന്റെ ധീരതയുടെ കഥ എല്ലാവരുമറിഞ്ഞു.
ആലപ്പുഴ ജില്ലയിലെ മുതുകുളത്തുനിന്നുള്ള ഋഷി, ആദ്യം കെ.എസ്.ഇ.ബി.യില്‍ ജീവനക്കാരനായിരുന്നു. പിന്നീട് എയര്‍ ഇന്ത്യയില്‍ ജോലികിട്ടി. സൈനികനാവണമെന്ന അടങ്ങാത്ത ആഗ്രഹം അപ്പോഴൊക്കെ മനസ്സിലുണ്ടായിരുന്നു. ഒടുവില്‍ ആഗ്രഹിച്ചതുപോലെ സൈന്യത്തിന്റെ ഭാഗമായി അദ്ദേഹം.
മുഖം തകര്‍ത്ത ആ അപകടം
2017 മാര്‍ച്ച് 4. അന്ന് മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി 42 ബറ്റാലിയന്‍ രാഷ്ട്രീയ റൈഫിളിലെ മേജറാണ് ഋഷി. കശ്മീരിലെ ത്രാല്‍ മേഖലയില്‍, ഗ്രാമീണര്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പിലായിരുന്നു അദ്ദേഹം. അപ്പോഴാണ് മേലുദ്യോഗസ്ഥരില്‍നിന്നുള്ള ആ സന്ദേശം ലഭിക്കുന്നത്. തീവ്രവാദികള്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നു. ഉടനെ മേജര്‍ ഋഷിയും സംഘവും അങ്ങോട്ടേക്ക് തിരിച്ചു.
അതീവ ദുഷ്‌കരമായിരുന്നു ആ ദൗത്യം. പാറകള്‍ നിറഞ്ഞ ഒരിടത്തായിരുന്നു ആ വീട്. അടുത്തുതന്നെ വേറെയും വീടുകളുണ്ട്. ആളുകള്‍ക്ക് പരിക്കേല്‍ക്കാതെ വേണം തീവ്രവാദികളെ കീഴടക്കാന്‍. രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയ്ക്കുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനുശേഷം വെടിവെപ്പും ബോംബേറും തുടങ്ങി. ഏറെനേരം അത് നീണ്ടുനിന്നു. വീടാണെങ്കില്‍ കുറേയൊക്കെ നശിക്കുകയും ചെയ്തു. എന്നിട്ടും തീവ്രവാദികള്‍ പുറത്തുവരുന്നില്ല. ഇനി തീവ്രവാദികളെ തകര്‍ക്കാനായി അവര്‍ ഒളിച്ചിരിക്കുന്ന വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കണം. അത്യന്തം അപകടകരമാണത്. തീവ്രവാദികള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയില്ല. എങ്കിലും ആ ജോലി മേജര്‍ ഋഷി തന്നെ ഏറ്റെടുത്തു. ആ സ്‌ഫോടനത്തിനുശേഷവും തീവ്രവാദികളുടെ ഒരനക്കവുമില്ല. തീവ്രവാദികളെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍, വീണ്ടും വീടിനുള്ളില്‍ ബോംബ് വെക്കണം, അതിനും മേജര്‍ ഋഷി തന്നെ മുന്നോട്ടുപോയി.

രാത്രിയാണ്, ഉള്ളിലാണെങ്കില്‍ തീരെ വെളിച്ചവുമില്ല. വീടിനുള്ളില്‍ കടന്ന മേജര്‍, ഉചിതമായൊരു സ്ഥലം കണ്ടെത്തി. അവിടെ ബോംബ് വെക്കുന്നത് വീടിനെ പൂര്‍ണമായി തകര്‍ക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബോംബ് സ്ഥാപിച്ചയുടന്‍ എവിടുന്നെന്നറിയാതെ ഒരു തീവ്രവാദി മേജര്‍ ഋഷിക്ക് നേരെ വെടിവെക്കാന്‍ തുടങ്ങി. ആദ്യത്തെ വെടിയുണ്ട അദ്ദേഹത്തിന്റെ ഹെല്‍മറ്റിനെ തകര്‍ത്തു, അടുത്തത് അദ്ദേഹത്തിന്റെ മൂക്ക് തകര്‍ത്ത് കടന്നുപോയി. മൂന്നാമത്തെ വെടിയുണ്ടയാണ് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിച്ചത്. അത് അദ്ദേഹത്തിന്റെ താടിയെല്ലും കവിള്‍ത്തടവും തകര്‍ത്തു. മാംസം ചിതറി, രക്തം ഒഴുകിയിറങ്ങി. അത്രയും വേദനയ്ക്കിടയിലും അദ്ദേഹത്തിന് ഒരു കാര്യം ഉറപ്പായി. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍, മറ്റ് സൈനികര്‍ കൂടി അപകടത്തിലാവും. ഉടനെ തന്റെ തോക്ക് എടുത്ത്, ആ തീവ്രവാദിക്കുനേരെ വെടിയുതിര്‍ത്തു. പിന്നെ പതുക്കെ അദ്ദേഹം പുറത്തേക്കിഴഞ്ഞു. ഉടനെ മറ്റ് സൈനികര്‍ അദ്ദേഹത്തെ ആ സ്ഥലത്തുനിന്ന് മാറ്റി.
അവിടുന്ന് നേരെ ശ്രീനഗറിലെ സൈനികാസ്പത്രിയിലേക്ക്. കണ്ടാല്‍ ആരും പേടിച്ചുപോകുന്ന അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ മുഖം. അവസ്ഥ മനസ്സിലായിട്ടും, കടുത്ത വേദനയിലും മേജര്‍ ഋഷി തളര്‍ന്നില്ല. ഒട്ടും പതറാതെ, തന്നെ കാണാനെത്തിയവരെയെല്ലാം മേജര്‍ ഋഷി അങ്ങോട്ട് ആശ്വസിപ്പിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തെ കാണാന്‍ വന്ന മുന്‍ സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മേജര്‍ ഋഷിയെ വിശേഷിപ്പിച്ചത്, 'india's most fearless man' എന്നാണ്. ദിവസങ്ങളോളം അദ്ദേഹം ആസ്പത്രിയില്‍ കിടന്നു. എട്ട് മേജര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ 23 ശസ്ത്രക്രിയകള്‍. എന്നിട്ടും മുഖം പഴയതുപോലായില്ല. ആസ്പത്രിക്കിടക്കയിലും എത്രയും പെട്ടെന്ന് തന്റെ ഉത്തരവാദിത്തങ്ങളിലേക്ക് തിരിച്ചുപോകണമെന്ന് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
അധികം വൈകാതെ മേജര്‍ തിരിച്ചെത്തി. ഇക്കുറി ഒരു വ്യത്യാസത്തോടെയാണെന്ന് മാത്രം. ഒരു മാസ്‌ക് കൊണ്ട് തന്റെ മുഖംമറച്ചാണ് അദ്ദേഹം തന്റെ കര്‍ത്തവ്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ത്രാലിലെ ആളുകളുള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഖാന്‍ സാഹിബാണ് മേജര്‍ ഋഷി. 2017-ലെ സ്വാതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള സേനാമെഡല്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ശിവ് അരൂരും രാഹുല്‍ സിങ്ങും ചേര്‍ന്നെഴുതിയ India's Most Fearless 2 എന്ന പുസ്തകത്തില്‍ ലെഫ്.കേണല്‍ ഋഷിയുടെ ജീവിതവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വയനാട്ടിലെത്തിയപ്പോള്‍ പലരും മുഖംമറച്ചുവെയ്ക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. അതിന് ലെഫ്.കേണല്‍ ഋഷിയുടെ മറുപടി ഇങ്ങനെയായിരുന്നു, ''നമ്മള്‍ നമ്മുടെ കുറവുകള്‍ മറച്ചുവെക്കുകയും കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യണം''. ചെയ്യുന്ന പ്രവര്‍ത്തികളിലൂടെ ആ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പാലിക്കുകയാണ് അദ്ദേഹം.
Content Highlights: story of Lt. Colonel rishi rajalakshmi, fearless man of india
Published: 15 Aug 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented