തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെയും സംഗീതയുടെയും മൂത്തമകനാണ് ജേസൺ സഞ്ജയ്. വിജയ് ചിത്രമായ 'വേട്ടൈക്കാരനി'ൽ അഭിനയിച്ച സഞ്ജയ്, പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല. ഇപ്പോൾ സംവിധായകന്റെ വേഷത്തിലാണ് അദ്ദേഹം. കുടുംബപ്രശ്‌നത്തിൽ അമ്മയ്‌ക്കൊപ്പമാണ് സഞ്ജയ് നിൽക്കുന്നതെന്നും പേരിലുള്ള അച്ഛന്റെ ഇനീഷ്യലിനുപകരം അമ്മയുടേത് കൂട്ടിച്ചേർത്തെന്നുമൊക്കെ വാർത്തകളുണ്ടായിരുന്നു.

To advertise here,

അതിനിടെയാണ് സഞ്ജയ് സംവിധാനം ചെയ്യുന്ന 'സിഗ്മ'യിലെ സിംഗിൾ ഇക്കഴിഞ്ഞദിവസം റിലീസായത്. 'സിഗ്മ സ്റ്റൈൽ' എന്ന സിംഗിൾ വളരെ പെട്ടെന്ന് തന്നെ ആരാധകശ്രദ്ധയാകർഷിച്ചു. ഈ ഗാനത്തിന് സംഗീതസംവിധാനം നിർവഹിച്ചത് തമൻ എസ്. ആണ്. പാടിയതും അദ്ദേഹം തന്നെ. നായകനായ സന്ദീപ് കിഷൻ, ഫാരിയ അബ്ദുള്ള, രാജു സുന്ദരം എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതിനൊപ്പം സഞ്ജയ്‌യും ഗാനരംഗത്തിൽ വരുന്നുണ്ട്.

'പദവി മേൽ ആസൈ ഇല്ലൈ, പൊരുൾ പത്തു വിരൽ' (പദവിയിൽ ആശയില്ല, പത്തുവിരലുകളാണ് എന്റെ സമ്പത്ത്) എന്നാണ് പാട്ടുതുടങ്ങുന്നത്. അത് വിജയ്ക്കുള്ള മകന്റെ മറുപടിയാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. അങ്ങനെയല്ല, സ്വതന്ത്രനായി കരിയർ കെട്ടിപ്പടുക്കണമെന്ന ആഗ്രഹമാണ് ഈ വരികളിലൂടെ സഞ്ജയ് പ്രകടിപ്പിക്കുന്നതെന്നാണ് മറ്റുചിലരുടെ അഭിപ്രായം.

അതേസമയം അച്ഛന്റെ സ്റ്റൈലാണ് സഞ്ജയ്‌യുടെതും എന്നാണ് ആരാധകർ പറയുന്നത്. പാട്ട് റിലീസായതോടെ സഞ്ജയ്‌നെ വിജയ്‌ക്കൊപ്പം താരതമ്യപ്പെടുത്തുകയാണ് ആരാധകരിലേറെയും. നൃത്തച്ചുവടുകളിലും എക്‌സ്പ്രഷനിലും മാനറിസങ്ങളിലും സഞ്ജയ്ക്ക് അച്ഛനുമായി വലിയ സാമ്യമാണുള്ളതെന്നും അവർ അഭിപ്രായപ്പെടുന്നു. അതിനൊപ്പം വിജയ് ചിത്രമായ 'പോക്കിരി'യിലെ ഒരു പ്രശസ്തമായ സീക്വൻസും സിനിമയിൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്.

അച്ഛന്റെ പാതയിലൂടെ തന്നെയാണ് സഞ്ജയ് പോവുന്നതും അച്ഛനും മകനും തമ്മിൽ അകൽച്ചയൊന്നുമില്ലെന്നുമാണ് ആരാധകപക്ഷം. നേരത്തെ നായകൻ സന്ദീപ് കിഷൻ, സഞ്ജയിനെക്കുറിച്ച് സംസാരിച്ചിരുന്നു. സഞ്ജയ്ക്ക് തന്റെ പിതാവ് ദളപതി വിജയ്‌യുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു സന്ദീപ് പറഞ്ഞത്. ഏറ്റവും എളിമയുള്ള സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും താരം അഭിപ്രായപ്പെട്ടു. തമിഴിലും തെലുഗുവിലുമായി നിർമിക്കുന്ന 'സിഗ്മ' ജൂലായ് 31-നാണ് റിലീസാവുന്നത്.

അതിനിടെ ദുൽഖർ സൽമാനെയായിരുന്നു ചിത്രത്തിലെ നായകനായി ആദ്യ സഞ്ജയ് തീരുമാനിച്ചിരുന്നതെന്നും വാർത്തകളുണ്ട്. പിങ്ക് വില്ലയാണിത് റിപ്പോർട്ട് ചെയ്യുന്നത്. തിരക്കഥ കേട്ടപ്പോൾ ദുൽഖറിന് അതേറെ ഇഷ്ടപ്പെട്ടിരുന്നുവത്രേ. അഭിനയിക്കാനുള്ള താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ തിരക്കേറിയ ഷെഡ്യൂൾ കാരണം അഭിനയിക്കാൻ കഴിയാതെ വരികയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi