തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്‌യുടെ (C.Joseph Vijay) മകൻ ജേസൺ സഞ്ജയ് (Jason Sanjay) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിഗ്മ' (Sigma). സുദീപ് കിഷനാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. നേരത്തെ ജൂലായ് 31-നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, 'ജനനായകൻ' (Jana Nayagan) ജൂലായ് 23-ന് റിലീസ് ചെയ്യുന്നതിനാൽ അത് മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ ആഗസ്തിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

To advertise here,

സിനിമയുടെ പ്രൊമോഷൻ പരിപാടികളുമായി തിരക്കിലാണ് സഞ്ജയ് ഇപ്പോൾ. അതിനിടയിൽ സഞ്ജയ്‌യുടെ ഒരഭിമുഖം വൈറലാവുകയാണ്. ചെറുപ്പത്തിലെ കാര്യങ്ങളും അഭിമുഖത്തിലൂടെ സഞ്ജയ് തുറന്നുപറഞ്ഞു.

അതിനിടെ ഇംഗ്ലീഷ് നടനായ ജെയ്‌സൺ സ്റ്റെയ്തവും സംസാരവിഷയമായി. തനിക്ക് ഏറെ ഇഷ്ടമുള്ള നടനെന്നാണ് അദ്ദേഹത്തെക്കുറിച്ച് അവതാരക പറഞ്ഞത്. പിന്നാലെ അവതാരക ഒരു ചോദ്യവും ചോദിച്ചു. ''സഞ്ജയ് ഒരു ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുകയാണെന്നിരിക്കട്ടെ. അതിൽ ജെയ്‌സൺ സ്റ്റെയ്തമിനൊപ്പം ഒരു ഇന്ത്യൻ നടനെ കൂടി വേണം. അങ്ങനെയെങ്കിൽ ഏത് ഇന്ത്യൻനടനെയായിരിക്കും അഭിനയിപ്പിക്കുക?''. ഒരു സംശയവുമില്ലാതെ സഞ്ജയ് ഉത്തരംപറഞ്ഞു, ''ആദ്യത്തെ ഓപ്ഷൻ എന്റെ അപ്പ തന്നെ''. ജെയ്‌സണും അപ്പയും നല്ല കോമ്പിനേഷൻ ആയിരിക്കുമെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

ചെറുപ്പത്തിൽ പൈലറ്റാവാനായിരുന്നു തനിക്ക് ഇഷ്ടമെന്നും സഞ്ജയ് വെളിപ്പെടുത്തി. ''തുടക്കത്തിൽ എനിക്ക് ഒരു പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. പിന്നീട്, ഒരു ക്രിക്കറ്റ് താരമാകാൻ ഞാൻ ആഗ്രഹിച്ചു. 2008-ൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ എന്നെ നിങ്ങൾ കണ്ടിട്ടുണ്ടാകാം; അന്ന് ഐപിഎല്ലിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന അച്ഛനൊപ്പമാണ് ഞാൻ അവിടെ എത്തിയത്''.

അന്ന് വിജയ്‌യുടെ ചുമലിൽ ഇരിക്കുന്ന സഞ്ജയ്‌യുടെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ അഭിമുഖം വളരെ പെട്ടെന്ന് ചർച്ചയായി. പ്രത്യേകിച്ച് വിജയ്-സംഗീത വിവാഹമോചനകേസ് വന്നപ്പോൾ, മക്കൾ അമ്മയുടെ കൂടെയാണെന്ന് പറയപ്പെട്ടിരുന്നു. വിജയ്‌യുമായി മക്കൾക്ക് ബന്ധമില്ലെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോൾ പുറത്തുവന്ന വീഡിയോയിലൂടെ വിജയ്‌യും മക്കളു തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ആരാധകർ പറയുന്നു.

'സിഗ്മ'യിലെ സിംഗിൾ നേരത്തെ റിലീസായിരുന്നു. അത് വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു. സഞ്ജയ്‌യും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിൽ നൃത്തച്ചുവടുകളിലും എക്‌സ്പ്രഷനിലും സഞ്ജയ്ക്ക് അച്ഛനുമായി വലിയ സാമ്യമുണ്ടെന്നും ആരാധകർ കണ്ടെത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi