തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ചലച്ചിത്ര നിർമാണ-വിതരണക്കമ്പനിയാണ് എജിഎസ് എന്റർടെയിൻമെന്റ്. 2006-ൽ കൽപാത്തി സഹോദരങ്ങൾ എന്നറിയപ്പെടുന്ന എസ്.അഘോരം, എസ്.ഗണേഷ്, എസ്.സുരേഷ് എന്നിവർ ചേർന്നാണിത് സ്ഥാപിച്ചത്. കമ്പനിയുടെ ഇപ്പോഴത്തെ സി.ഇ.ഒ അർച്ചന കൽപാത്തിയാണ്.

To advertise here,

സന്തോഷ് സുബ്രഹ്മണ്യം, എങ്കേയും കാതൽ, തിരുട്ടു പയലെ 2, വെയ് രാജാ വെയ്, തനി ഒരുവൻ തുടങ്ങിയവയെല്ലാം നിർമിച്ചത് എജിഎസ് എന്റർടെയിൻമെന്റാണ്.

വിജയ് ചിത്രങ്ങളായ ബിഗിൽ, GOAT (The Greatest of All Time) എന്നിവ നിർമിച്ചതും ഈ കമ്പനി തന്നെ. ഇത്ര വലിയ നിർമാണക്കമ്പനിയായിട്ടും ഇതുവരെ തമിഴിലെ മുൻനിരനായികമാരിലൊരാളായ തൃഷയുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല കമ്പനി. ഇതിനെക്കുറിച്ചെല്ലാം മറുപടി പറയുകയാണ് അർച്ചന കൽപാത്തി ഇപ്പോൾ. തൃഷയുമായി ഔദ്യോഗികസൗഹൃദമല്ല, അതിലുമപ്പുറത്തുള്ള ബന്ധമാണുള്ളതെന്നും അർച്ചന പറയുന്നു. സ്‌കൂൾ-കോളേജ് കാലം മുതൽ തങ്ങൾ സുഹൃത്തുക്കളാണെന്നും ഇന്നും അതേ ബന്ധം തുടരുന്നുവെന്നും അർച്ചന വെളിപ്പെടുത്തി. ആ സൗഹൃദം സിനിമയിലേക്ക് കൊണ്ടുവരാൻ താത്പര്യമില്ലെന്നും അർച്ചന വെളിപ്പെടുത്തുന്നു.

''ലോകത്തിലെനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുകളിലൊരാളാണ് തൃഷ. സ്‌കൂൾ- കോളേജ് കാലം മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് ഒരു പൊതു സൗഹൃദവലയമുണ്ട്'', അവർ പറഞ്ഞു. ഒരു സിനിമയിൽ ഒരുമിക്കാത്തതിന്റെ കാരണം ആ സൗഹൃദമാണെന്നാണ് അർച്ചനയുടെ പക്ഷം. തൃഷയുടെ സിനിമായാത്രയെ അർച്ചന പ്രശംസിക്കുകയും ചെയ്യുന്നു. ''എനിക്കൊരുപാട് ഇഷ്ടമാണ് തൃഷയെ. ഇത്രയും വർഷങ്ങളായി സിനിമാമേഖലയിൽ നിൽക്കാനും, ഇപ്പോഴും ഉന്നതിയിൽ തുടരാനും, കഠിനാധ്വാനമുണ്ടെങ്കിലേ നടക്കുകയുള്ളൂ. അതിനൊപ്പം ധാർമികതയും പ്രൊഫഷണലിസവും കൂടിവേണം. ഇതെല്ലാം തൃഷയ്ക്കുണ്ട്'', അർച്ചനയുടെ വാക്കുകൾ.

''എന്നെക്കാൾ കൂടുതൽ കാലമായിട്ട് അവർ സിനിമയിൽ ഉണ്ട്. ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകൾ നൽകിയിട്ടുണ്ട്. അവർ വളരെ കഠിനാധ്വാനിയാണ്. 'കറുപ്പ്' സിനിമ നോക്കൂ. എല്ലാ വർഷവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകൾ നോക്കിയാൽ, അവരും ഉണ്ടാകും'', അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം എജിഎസ് എന്റർടെയിൻമെന്റ് നിർമിച്ച വിജയ് ചിത്രമായ 'ഗോട്ടി'ൽ അതിഥിവേഷത്തിലെത്തിയിരുന്നു തൃഷ. നേരത്തെ അർച്ചനയുടെ കുടുംബത്തിലെ ഒരു വിവാഹത്തിനാണ് വിജയ്‌യും തൃഷയും ഒരുമിച്ചെത്തിയതും അതുപിന്നീട് വിവാദമായതും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi