മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 'ജനനായകൻ' (Jana Nayagan) തിയേറ്ററിലെത്തുകയാണ്. ജൂലായ് 23-നാണ് ചിത്രം റിലീസാവുന്നത്. സെൻസർഷിപ്പ് പ്രശ്‌നങ്ങളാണ് ചിത്രം വൈകാൻ കാരണമായത്. അതിനുപിന്നാലെ ഏപ്രിൽ 9-ന് സിനിമ ഏറെക്കുറെ പൂർണമായി ഓൺലൈനിൽ ലീക്കായി. സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ എത്തിയിരുന്നു. തമിഴ്‌നാട് തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ചിത്രം ചോർന്നത്.

To advertise here,

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ വിജയ്‌യെ (C.Joseph Vijay) സഹായിക്കാനാണ് സിനിമ ചോർത്തിയതെന്ന് അന്ന് പലരും ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എച്ച്.വിനോദ്.

ചെന്നൈയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിനോദ്. വിജയ്‌യെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ വേണ്ടി സിനിമ മനഃപൂർവം ചോർത്തിയെന്ന ആരോപണത്തെക്കുറിച്ചും വിനോദ് സംസാരിച്ചു. ഈ ആരോപണം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് പറഞ്ഞ സംവിധായകൻ, 400 കോടി രൂപ ബജറ്റുള്ള ഒരു ചിത്രം അത്ര എളുപ്പത്തിൽ ചോർത്താനാവില്ലെന്നും, ഒരുപക്ഷേ അങ്ങനെ സംഭവിച്ചാൽ തന്നെ അധികൃതർ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ഗൂഢാലോചന കണ്ടെത്തുമായിരുന്നുവെന്നും വ്യക്തമാക്കി.

ചിത്രം ചോർന്ന സമയത്ത് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നില്ലെന്നും സംസ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായ അധികാരമൊന്നും ഉണ്ടായിരുന്നില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം ഉന്നയിക്കപ്പെട്ട ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജപതിപ്പ് കാണരുതെന്ന് വിജയ് എന്തുകൊണ്ട് ആരാധകരോട് അഭ്യർത്ഥിച്ചില്ല എന്ന ചോദ്യത്തിന് സംവിധായകൻ ഇങ്ങനെ മറുപടി നൽകി, ''വിജയ് അത്തരമൊരു അഭ്യർത്ഥന നടത്തിയിരുന്നെങ്കിൽ, കർഷകരുടെ പ്രശ്‌നമുൾപ്പെടെ രാജ്യത്ത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിട്ടും അക്കാര്യങ്ങളിലൊന്നും പ്രതികരിക്കാത്ത അദ്ദേഹം എന്തുകൊണ്ടാണ് ഇപ്പോൾ ഇതിൽ മാത്രം ഇടപെടുന്നതെന്ന വിമർശനം ഉയർന്നേനെ''. ചിത്രം ചോർന്ന സംഭവം പൂർണ്ണമായും നിയമപരമായ ഒരു വിഷയമാണെന്നും, നിർമ്മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആണ് അത് കൈകാര്യം ചെയ്തതെന്നും വിനോദ് കൂട്ടിച്ചേർത്തു.

''വിഷയം വഴിമാറിപ്പോകാനും വിമർശനങ്ങൾക്ക് വഴിവെക്കാനും സാധ്യതയുള്ളതുകൊണ്ടാണ് വിജയ് സാർ ഇതിൽ ഇടപെടാതിരുന്നതെന്ന് എനിക്ക് തോന്നുന്നു''.

നടനെന്ന നിലയിൽ വിജയ്‌യുടെ അവസാനചിത്രമെന്ന പേരിലാണ് ജനനായകൻ ആദ്യംമുതലേ വാർത്തകളിലിടം പിടിച്ചത്. എന്നാൽ, ഇത് അദ്ദേഹത്തിന്റെ അവസാനചിത്രമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ജനനായകന്റെ സംവിധായകൻ എച്ച്.വിനോദ് വെളിപ്പെടുത്തിയിരുന്നു. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരെയ്ൻ, പ്രിയാമണി എന്നിങ്ങനെ വൻതാരനിര തന്നെയുണ്ട് ചിത്രത്തിൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi