മമ്മൂട്ടിചിത്രം 'ടർബോ'യിൽ ടർബോജോസിനെ വിറപ്പിച്ച വില്ലൻ വെട്രിവേൽ ഷൺമുഖ സുന്ദരം തമിഴിലേയ്ക്ക്. കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് കന്നട നടനും സംവിധായകനുമായ രാജ് ബി.ഷെട്ടിയുടെ കോളിവുഡ് അരങ്ങേറ്റം. രാധിക ശരത്കുമാർ പ്രധാനവേഷത്തിലെത്തിയ 'തായ് കിഴവി' ഒരുക്കി ശ്രദ്ധേയനായ ശിവകുമാർ മുരുകേശനാണ് ചിത്രത്തിന്റെ സംവിധായകൻ. സിയോൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് ശിവകാർത്തികേയനാണ്.
കന്നട സിനിമയെ ഇന്ന് നയിക്കുന്ന മൂന്ന് ഷെട്ടിമാരിൽ ഒരാളാണ് രാജ് ബി.ഷെട്ടി. രക്ഷിത്, രാജ്, ഋഷഭ്... ഇവരുടെ സിനിമകൾക്ക് കേരളത്തിലും സ്വീകാര്യതയുണ്ട്. കന്നട സിനിമയും അവിടത്തെ താരങ്ങളും സ്വന്തം ദേശത്തിന്റെ അതിരുകൾ മായ്ച്ച് കുതിക്കുന്ന കാഴ്ച്ചയാണ് നിലവിലുള്ളത്. ഋഷബ് ഷെട്ടി ഒരുക്കിയ 'കിറിക് പാർട്ടി', 'കാന്താര', രക്ഷിത് ഷെട്ടിയുടെ 'ഉളിധവരു കണ്ടന്തെ', രാജ് ബി. ഷെട്ടിയുടെ 'ഒരു മൊട്ടേയ കഥെ', 'ഗരുഡ ഗമന ഋഷഭ വാഹന', 'ടോബി' 'കൊണ്ടൽ', 'രുധിരം' എന്നിവയെല്ലാം കയ്യടികളോടെയാണ് മലയാളി പ്രേക്ഷകരും ഏറ്റെടുത്തത്. കന്നടത്തിൽ വലിയ വിജയം നേടി സു ഫ്രം സോ എന്ന ചിത്രത്തിലാണ് രാജ് ബി.ഷെട്ടിയെ പ്രേക്ഷകർ അവസാനമായി കണ്ടത്. മൊഴിമാറ്റം നടത്തി കേരളത്തിലെത്തിയ ചിത്രം മലയാളികളും സ്വീകരിച്ചു. സു ഫ്രം സോയുടെ നിർമാതാവും രാജ് ബി.ഷെട്ടിയായിരുന്നു.
Also Read
ഋഷഭും രക്ഷിതും കന്നഡസിനിമയുടെ തലമുറമാറ്റത്തിൽ പ്രധാന പങ്കുവഹിച്ചശേഷമാണ് മൂന്നാമനായ രാജ് ബി. ഷെട്ടിയുടെ എൻട്രി. ആർജെയായും ഷോർട്ട് ഫിലിം മേക്കറായുമാണ് രാജിന്റെ തുടക്കം. 2017-ൽ പുറത്തിറങ്ങിയ 'ഒരു മൊട്ടേയ കഥേ' എന്ന ചിത്രത്തിലൂടെ രാജ് ബി.ഷെട്ടി സിനിമയിലേക്കെത്തി. കഷണ്ടിയുള്ള ഒരു യുവാവിന്റെ ജീവിതം പറഞ്ഞ ചിത്രം കഥയെഴുതി സംവിധാനം ചെയ്തതും അഭിനയിച്ചതും അദ്ദേഹം തന്നെ. പിന്നീട് ഒരുപിടി സിനിമകളിൽ അഭിനമയിച്ചെങ്കിലും 'മായാബസാർ 2016' ഒഴികെയുള്ളവ കാര്യമായ ശ്രദ്ധ നേടിയില്ല.
വീണ്ടും സംവിധായകനാകുന്നത് 2021-ൽ പുറത്തിറങ്ങിയ 'ഗരുഡ ഗമന ഋഷഭ വാഹന'. മംഗലാപുരം പശ്ചാത്തലമായ ഗാങ്സ്റ്റർ ഡ്രാമ. രാജും ഋഷഭും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജിലെ സംവിധായകന് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തു. ഉജ്ജ്വല വിജയത്തിനപ്പുറം നടനെന്ന നിലയിലും രാജ് ബി.ഷെട്ടിയുടെ മറ്റൊരു റേഞ്ച് ചിത്രം അടയാളപ്പെടുത്തി. തൊട്ടുപിന്നാലെ രക്ഷിത് ഷെട്ടിക്കൊപ്പം 'ചാർലി 777' സിനിമയിൽ കോമഡി ട്രാക്കിലുള്ള കഥാപാത്രം.
'ടോബി' എന്ന ചിത്രത്തിന് തിരക്കഥ എഴുതി നായകനായി എത്തി 2023-ൽ. വേറിട്ട കഥ പറച്ചിലായിരുന്നു ടോബിയുടെ പ്രത്യേകത. അതിനു പിന്നാലെ രാജ് സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രം 'സ്വാതി മുത്തിന മലേ ഹണിയേ' എത്തി. ഇത്തവണ ഒരു ചെറുകഥയുടെ ലാളിത്യത്തോടെ ഒരു ഡോക്ടറും രോഗിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുന്നു പറഞ്ഞത്.
വൈകാതെ മലയാളത്തിലേക്കും എൻട്രി നടത്തി. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ടർബോ'യിൽ വെട്രിവേൽ ഷൺമുഖം എന്ന ടെറർ വില്ലൻ. 'കൊണ്ടൽ','രുധിരം' എന്നീ ചിത്രങ്ങളും പിന്നാലെ...രക്ഷിതിനൊപ്പം 'ചാർളി 777'ലും, ഋഷഭിനു വേണ്ടി 'സർക്കാരി ഹൈ. പ്ര. ശാലേ, കാസർകോട്, കൊടുഗെ: രാമണ്ണ റായ്' സിനിമയിലും സഹ എഴുത്തുകാരനായി രാജ് ഉണ്ടായിരുന്നു. കാന്താര ഒന്നാം ഭാഗത്തിൽ ക്ലൈമാക്‌സ് ഷൂട്ടിൽ അസിസ്റ്റ് ചെയ്തും, തുളു സംഭാഷണങ്ങളിൽ ചിലത് എഴുതിയും ഋഷഭിനൊപ്പം അദൃശ്യ സാന്നിധ്യമായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Raj B. Shetty makes his Kollywood debut in the film 'Sion'. The film is produced by Kamal Haasan's Raaj Kamal Films International. Sivakarthikeyan will also play a key role in the movie
Published: 09 Jul 2026, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented