തമിഴക വെട്രി കഴകം (TVK) മികച്ച വിജയം നേടിയപ്പോൾ, പാർട്ടി നേതാവ് വിജയ്‌നെക്കുറിച്ച് ആരാധകർ പറഞ്ഞൊരു കാര്യമുണ്ട്. രാഷ്ട്രീയത്തിൽ വരുമെന്നും വൻവിജയം നേടുമെന്നും മുഖ്യമന്ത്രി വരെയാകുമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് അന്ന് ആരാധകർ പറഞ്ഞിരുന്നത്. അതിന്റെ സൂചനകൾ തന്റെ പല സിനിമകളിലും വിജയ് നൽകിയിരുന്നുവെന്നും അവർ വാദിച്ചു.

അതിനേറ്റവും വലിയ കാരണമായി ചൂണ്ടിക്കാട്ടിയത് വിജയ്‌യുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'The Greatest of All Time' (GOAT) ആണ്. 2024-ൽ റിലീസായ ഈ സിനിമയിൽ വിജയ്‌യുടെ വിജയവുമായി ബന്ധപ്പെട്ടുള്ള ചില രംഗങ്ങളുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത്, വിജയ് ഓടിച്ചിരുന്ന കാറിന്റെ രജിസ്‌ട്രേഷൻ നമ്പറാണ്, TN 07 CM 2026 എന്നായിരുന്നു വണ്ടിയുടെ നമ്പർ.

സെപ്റ്റംബർ 5-നാണ് സിനിമ റിലീസ് ചെയ്തത്. അതേവർഷം ഫെബ്രുവരിയിലാണ് താൻ സിനിമയിൽനിന്ന് വിരമിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി വിജയ് പ്രഖ്യാപിച്ചത്. എന്തായാലും തന്റെ അവസാനചിത്രമായ 'ജനനായകന്' മുമ്പ് റിലീസായ 'ഗോട്ടി'ൽ തന്നെ തന്റെ രാഷ്ട്രീയ ഭാവി അദ്ദേഹം മനസ്സിലാക്കിയിരുന്നുവെന്നാണ് ആരാധകർ പറയുന്നത്.

വണ്ടിയുടെ നമ്പറിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ വ്യാപകചർച്ചകളും വിജയ് മുഖ്യമന്ത്രിയാകുന്ന സമയത്ത് നടന്നിരുന്നു. ഒടുവിലിതാ ആ നമ്പർപ്ലേറ്റ് വിജയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു. ഈയിടെ മുഖ്യമന്ത്രിയ സന്ദർശിച്ചാണ് ഇത് കൈമാറിയത്. അതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

''ഒരു ചരിത്രം സൃഷ്ടിക്കപ്പെട്ടു. ഒരു ചിന്തയിൽ നിന്ന് ഒരു ദർശനത്തിലേക്ക് ഈ നിമിഷം വരെ. ഇന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. TN07CM2026''. ചിത്രങ്ങൾക്ക് താഴെ കമന്റുമായെത്തിയ ആരാധകരിലേറെയും പറയുന്നത്, വിജയ്‌യുടെ ഭാവി വെങ്കട്ട് പ്രവചിച്ചുവെന്നാണ്.

വിജയ് ഡബിൾറോളിലെത്തിയ സിനിമയാണ് 'ഗോട്ട്'. മീനാക്ഷി ചൗധരി, പ്രശാന്ത്, അജ്മൽ അമീർ, ജയറാം എന്നിവരാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi