മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് രമ്യ കൃഷ്ണൻ. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ താരം വില്ലത്തിയായും നായികയായും അമ്മവേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങി. 'പടയപ്പ'യിലെ നീലാംബരിയും 'ബാഹുബലി'യിലെ രാജമാത ശിവകാമി ദേവിയും രമ്യയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. പ്രായത്തെയും ഭാഷയെയും അതിജീവിച്ച് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരുടെ പ്രിയതാരമായി തുടരുകയാണ് രമ്യ കൃഷ്ണൻ.

To advertise here,

കരിയറിന്റെ തുടക്കത്തിൽ നേരിട്ട ഗുരുതരമായ അപകടത്തെക്കുറിച്ചും അതിനുശേഷം ജീവിതത്തിലും അഭിനയത്തിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും ഇപ്പോൾ തുറന്നുപറയുകയാണ് താരം. വെറും 14 വയസ്സുള്ളപ്പോഴാണ് വലതുകാലിന് ഗുരുതരമായ ഒടിവ് സംഭവിച്ചത്. എന്നാൽ ആ പരിക്കിനെയും അതിജീവിച്ച് സിനിമകളിൽ അഭിനയിക്കുകയും കടുപ്പമേറിയ നൃത്തച്ചുവടുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് രമ്യ. പരിക്കിനെ മറികടന്ന് അഭിനയജീവിതം മുന്നോട്ടുകൊണ്ടുപോയതിനെക്കുറിച്ചുള്ള രമ്യയുടെ വെളിപ്പെടുത്തൽ ശ്രദ്ധ നേടുകയാണ്. 'റോ ടോക്‌സ് വിത്ത് വംശി കുറുപതി' എന്ന പോഡ്കാസ്റ്റിലാണ് സിനിമാചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് രമ്യ കൃഷ്ണൻ മനസ്സുതുറന്നത്. 

''വലതുകാലിന്റെ മധ്യഭാഗത്താണ് ഒടിവുണ്ടായത്. 1987-ലായിരുന്നു അത്. ഈ തരത്തിലുള്ള ഒടിവുണ്ടായാൽ സാധാരണഗതിയിൽ നടക്കാൻ കഴിയുമോ എന്നുപോലും ഓർത്തോപീഡിക് വിദഗ്ധർ സംശയിക്കും. അടിസ്ഥാനപരമായി അവിടെ സന്ധി പോലുമില്ലായിരുന്നു. എക്‌സ്‌റേ കണ്ട ഡോക്ടർക്ക് പോലും അത്ഭുതമായിരുന്നു. ഇത് ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത കാര്യമാണ്. മനസ്സിന് ശരീരത്തിനുമേലുള്ള സ്വാധീനം എത്രത്തോളമുണ്ടെന്ന് ഇത് തെളിയിക്കുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്'', രമ്യ കൃഷ്ണൻ പറഞ്ഞു.

സിനിമയുടെ തിരക്കേറിയ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായതെന്നും രമ്യ ഓർത്തെടുത്തു. രാത്രി മുഴുവൻ നീളുന്ന ഷൂട്ടിങ് അന്ന് പതിവായിരുന്നു. അന്ന് വെറും 14 വയസ്സുമാത്രമായിരുന്നതിനാൽ ആ രീതിയിലുള്ള ചിത്രീകരണവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയിരുന്നു. ഉറക്കം വരുമ്പോൾ ഒളിച്ചിരുന്ന് ഉറങ്ങാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. മറ്റൊരു സിനിമയുടെ സെറ്റിൽ പടിക്കെട്ട് കയറാൻ തുടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ''പടികൾ കയറാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് കാലിൽ ശക്തമായൊരു അടി കിട്ടിയതുപോലെ തോന്നി. ഒരു ഷോക്കുണ്ടായി. മുന്നിലായിരുന്ന കാൽ പിന്നിലേക്ക് വളഞ്ഞുപോയി. അങ്ങനെയാണ് പരിക്കുണ്ടായത്'', രമ്യ പറഞ്ഞു. എന്നാൽ ഗുരുതരമായ ഒടിവുണ്ടായിട്ടും അഭിനയവും നൃത്തവും താരം തുടർന്നു. ''ഈ അപകടത്തിനുശേഷമാണ് എന്റെ കരിയർ ശരിക്കും തുടങ്ങിയത്. അതിനുശേഷമാണ് എന്റെ എല്ലാ പാട്ടുകളും നൃത്തങ്ങളുമൊക്കെ സംഭവിച്ചത്'', രമ്യ കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ നടിമാരിലൊരാളാണ് രമ്യ കൃഷ്ണൻ. വ്യത്യസ്ത ഭാഷകളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം 'പടയപ്പ', 'ബാഹുബലി', 'പഞ്ചതന്ത്രം' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. 'പടയപ്പ'യിലെ നീലാംബരി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒന്നാണ്. അടുത്തിടെ രജനീകാന്ത് നായകനായെത്തിയ 'ജയിലറി'ലും ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ജയിലർ 2'വിലും മികച്ച പ്രകടനമാണ് രമ്യ കാഴ്ചവെച്ചത്. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi