സ്ത്രീകളെ സംബന്ധിച്ച് സ്വർണം എന്നത് വെറും ആഭരണം മാത്രമല്ല, മറിച്ച് സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സാമ്പത്തിക സുരക്ഷയുടെയും ഭാഗമാണ്. പല സ്ത്രീകളും, ജോലിയുള്ളവരാണെങ്കിലും വീട്ടമ്മമാരാണെങ്കിലും സ്വന്തം പേരിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നത് വലിയൊരു സാമ്പത്തിക കരുത്തായാണ് കരുതുന്നത്. അതുകൊണ്ടുതന്നെ സ്വർണത്തിന്റെ മൂല്യം എത്രത്തോളം ഉയർന്നുനിന്നാലും വിവാഹ കമ്പോളത്തിൽ സ്വർണാഭരണങ്ങൾക്ക് ഒരുകാലത്തും മാറ്റുകുറയുന്നില്ല.

To advertise here,

ദീർഘകാലടിസ്ഥാനത്തിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന ഒരു നിക്ഷേപ സ്രോതസ്സാണ് സ്വർണം. സാധാരണക്കാരെ സംബന്ധിച്ച് അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാൻ കഴിയുന്ന ആസ്തി കൂടിയാണത്. ഇതുതന്നെയാണ് മൂല്യം നോക്കാതെ എല്ലാകാലത്തും സ്വർണ നിക്ഷേപത്തോട് ആളുകൾ പ്രിയം കാണിക്കുന്നതിന്റെ പ്രധാന കാരണവും.

സ്വർണം വാങ്ങുമ്പോൾ പരിശുദ്ധിയും വിലയുടെ സുതാര്യതയും ഉറപ്പാക്കുകയാണ് ഏറ്റവും പ്രധാനം. വിവാഹ ആവശ്യങ്ങൾക്കോ മറ്റെന്തെങ്കിലും ഭാവി ആവശ്യങ്ങൾക്കോ സ്വർണം വാങ്ങാൻ ആസൂത്രണം ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ പ്ലാൻ ചെയ്യുന്നത് വലിയ ലാഭമുണ്ടാക്കാൻ സഹായിക്കും.

എങ്ങനെ പ്ലാൻ ചെയ്യണം?
വിവാഹത്തിന് സ്വർണം വാങ്ങുന്നത് വലിയൊരു സാമ്പത്തിക തീരുമാനമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ പണിക്കൂലി കുറയ്ക്കാനും സ്വർണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മറികടക്കാനും സാധിക്കും.

അടുത്തഘട്ടം സമയപരിധിയനുസരിച്ച് സ്വർണ നിക്ഷേപം തിരഞ്ഞെടുക്കുകയാണ്. നിങ്ങളുടെ ഭാവി ആവശ്യം അല്ലെങ്കിൽ വിവാഹം അതിലേക്ക് എത്ര വർഷം ഇനി ബാക്കിയുണ്ട്, അവസാനം ആഭരണമാണോ പണമാണോ വേണ്ടത്, പണിക്കൂലിയും ചെലവുകളും എങ്ങനെ കുറയ്ക്കാം എന്നീ കാര്യങ്ങളാണ് പിന്നീട് ശ്രദ്ധിക്കേണ്ടത്.

ഘട്ടം ഘട്ടമായി സ്വർണം വാങ്ങുക
വിവാഹത്തിന് അടുപ്പിച്ച് സ്വർണം വാങ്ങാൻ ആസൂത്രണം ചെയ്യുന്നതിലും ഘട്ടംഘട്ടമായി വാങ്ങി സൂക്ഷിക്കുന്നതാണ് സുരക്ഷിതം. അവസാന നിമിഷം ഒന്നിച്ച് വലിയ തുക മുടക്കി വിലക്കയറ്റത്തിലും പണിക്കൂലിയിലും കുടുങ്ങേണ്ടതില്ല.

  • വിവാഹത്തിന് ഇനി ആറ് മാസം മുതൽ ഒരു വർഷം വരെ സമയമുണ്ടെങ്കിൽ ഒറ്റയടിക്ക് ഒരുമിച്ച് സ്വർണം വാങ്ങാതിരിക്കുന്നതാണ് നല്ലത്. പകരം വില കുറയുന്ന അവസരങ്ങളിൽ സ്വർണ നാണയങ്ങളോ ബാറുകളോ വാങ്ങി സൂക്ഷിക്കുക. ഇവ വിവാഹത്തിന് അതേപടി ഉപയോഗിക്കാൻ കഴിയില്ല. വിവാഹ സമയത്ത് നാണയങ്ങൾ ആഭരണങ്ങളാക്കി മാറ്റുമ്പോൾ അന്നത്തെ സ്വർണ വിലയിലെ വർദ്ധനവ് നിങ്ങളെ ബാധിക്കില്ല. നാണയങ്ങൾ വാങ്ങുന്ന അതേ ജൂവലറിയിൽ നിന്നുതന്നെ ഭാവിയിൽ ആഭരണങ്ങൾ എടുക്കുന്നത് നിങ്ങളുടെ കൈവശമുള്ള സ്വർണത്തിന് പൂർണ്ണമൂല്യം ഉറപ്പാക്കും. എന്നാൽ വാങ്ങുന്ന സമയത്ത് പണിക്കൂലി നഷ്ടം വരില്ലെങ്കിലും നാണയങ്ങൾ ആഭരണമാക്കുമ്പോൾ ഡിസൈൻ അനുസരിച്ചുള്ള പണിക്കൂലി നൽകേണ്ടി വരും.
  • സ്വർണാഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ നാണയങ്ങൾ വാങ്ങി സൂക്ഷിക്കുന്നത് വലിയ രീതിയിൽ ഗുണം ചെയ്യും. സ്വർണ നാണയങ്ങൾ 24 കാരറ്റ് ഉയർന്ന പരിശുദ്ധി കാരണം നിക്ഷേപമൂല്യം കൂടുതലാണ്. ആഭരണങ്ങളെ അപേക്ഷിച്ച് പണിക്കൂലിയും വളരെ കുറവായിരിക്കും. സ്വർണത്തിന്റെ തൂക്കവും പരിശുദ്ധിയും കൃത്യമായി കണക്കാക്കി വിൽക്കുകയോ ആഭരണമാക്കി മാറ്റുകയോ ചെയ്യാം. ചെറുതായതിനാൽ എളുപ്പത്തിൽ സൂക്ഷിക്കാനും സാധിക്കും.
  • അഡ്വാൻസ് തുക അടച്ച് സ്വർണം മുൻക്കൂട്ടി ബുക്ക് ചെയ്യുന്ന രീതിയും ഗുണം ചെയ്യും. ഉദാഹരണത്തിന് വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വർണത്തിന്റെ 10-25 ശതമാനം തുക മുൻകൂറായി അടച്ചാൽ മതി. ബുക്ക് ചെയ്ത ദിവസത്തെ വിലയിൽ നിങ്ങൾക്ക് വിവാഹ സമയത്ത് സ്വർണം വാങ്ങാം. വിലവർദ്ധനവ് നിങ്ങളെ ബാധിക്കില്ല. ഇനി വില കുറയുകയാണെങ്കിൽ ആ വിലയിൽ സ്വർണം വാങ്ങാനുള്ള ഓപ്ഷനും ചില ജൂവലറികൾ നൽകുന്നുണ്ട്. മിക്ക ജൂവലറികളിലും അഡ്വാൻസ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്.
  • ഇനി ദീർഘകാലം കഴിഞ്ഞുള്ള ആവശ്യത്തിനായാണ് സ്വർണം വാങ്ങുന്നതെങ്കിൽ വലിയ തൂക്കത്തിൽ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ നല്ലത് ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് എസ്‌ഐപി എന്നിവയിലേക്ക് മാസംതോറും ചെറിയതുകകൾ മാറ്റുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പുതിയ ഡിസൈനിൽ ആവശ്യമുള്ള സമയത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ വാങ്ങാം.
  • ഒരു വർഷം വരെയാണ് സമയപരിധിയെങ്കിൽ പ്രമുഖ ജൂവലറികൾ വാഗ്ദാനം ചെയ്യുന്ന ഗോൾഡ് പർച്ചേസ് സ്‌കീമുകൾ തിരഞ്ഞെടുക്കുന്നത് വളരെ ലാഭകരമാണ്. മസത്തവണയായി ഒരു നിശ്ചിത തുക അടച്ചാൽ മതിയാകും. എല്ലാ മാസവും അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള സ്വർണം നിങ്ങളുടെ അക്കൗണ്ടിൽ വരവ് വെക്കപ്പെടുന്നു. കാലാവധി കഴിയുമ്പോൾ പണിക്കൂലിയില്ലാതെയോ അല്ലെങ്കിൽ പണിക്കൂലിയിൽ 50 ശതമാനമോ അതിൽ കൂടുതലോ ഇളവോടെയോ സ്വർണം വാങ്ങാനാകും. ഇങ്ങനെ നിക്ഷേപിക്കുമ്പോൾ പണിക്കൂലിയിലെ കിഴിവ്, സ്ഥാപനത്തിന്റെ വിശ്വാസ്യത, സ്‌കീം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിക്കാനുള്ള നിബന്ധനകൾ എന്നിവ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്. വിവാഹ പർച്ചേസിൽ പണിക്കൂലി ഇനത്തിൽ മാത്രം ലക്ഷങ്ങൾ ലാഭിക്കാൻ ഇതുവഴി സാധിക്കും. ജൂവലറികളുടെ വിശ്വാസ്യത ഇക്കാര്യത്തിൽ പരിശോധിച്ച് ഉറപ്പാക്കണം. ഇത്തരം സ്‌കീമുകളിൽ നിക്ഷേപിച്ച് ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • പഴയ സ്വർണം ഉണ്ടെങ്കിൽ അതുപയോഗിക്കുന്നതും ലാഭകരമാണ്. പുതിയ സ്വർണത്തിന് വലിയ വില നൽകേണ്ടി വരില്ല. പണിക്കൂലിയും ജിഎസ്ടിയും മാത്രം നൽകിയാൽ മതിയാകും. കൊടുക്കാനുള്ളത് 916 ഹാൾമാർക്ക്ഡ് സ്വർണമാണെങ്കിൽ നല്ല വില ലഭിക്കും.

 പണിക്കൂലിയും മറ്റ് ചെലവുകളും നിയന്ത്രിക്കുക

  • വ്യക്തമായ ബജറ്റ് വേണം. ആദ്യം തന്നെ വിവാഹത്തിന് എത്ര പവൻ സ്വർണമാണ് വേണ്ടതെന്ന് തീരുമാനിക്കുക. ഏകദേശം കണക്കുണ്ടാക്കുന്നത് അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ സഹായിക്കും. എത്രയാണ് ആഭരണങ്ങളായും നിക്ഷേപമായും സൂക്ഷിക്കുന്നത് മുൻകൂട്ടി തീരുമാനിക്കുക.
  • പണിക്കൂലി ശ്രദ്ധിക്കുക. രണ്ട് മൂന്ന് ജൂവലറികളിൽ സംസാരിച്ച് പണിക്കൂലി താരതമ്യം ചെയ്യുക. വിവാഹസമയത്ത് കരകൗശലപ്പണികൾ ഏറെയുള്ള ആഭരണങ്ങളോട് താല്പര്യം കൂടുന്നത് സ്വാഭാവികമാണ്. ഇത്തരം ഡിസൈനുകൾക്കും ടെമ്പിൾ ജൂവലറികൾക്കും പണിക്കൂലിയും കല്ലുകളുടെ തൂക്കവും കൂടുതൽ ആയിരിക്കും. ഇത് അനാവശ്യ ചെലവ് വർദ്ധിപ്പിക്കും. അതിനാൽ തൂക്കം കുറവുള്ള എന്നാൽ ഭംഗിയുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നത് പണിക്കൂലി കുറയ്ക്കാൻ സഹായിക്കും. സ്ഥിരമായി ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നത് ഈ ചെലവ് കുറയ്ക്കാൻ സഹായിക്കും. സ്വർണം വിൽക്കുമ്പോഴോ മാറ്റി വാങ്ങുമ്പോഴോ പണിക്കൂലി തിരികെ ലഭിക്കില്ലെന്ന കാര്യവും മനസ്സിൽ ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ പണിക്കൂലി താരതമ്യം ചെയ്ത് സ്വർണം വാങ്ങുന്നതാണ് എപ്പോഴും നല്ലത്.
  • ആഭരണത്തിലെ കല്ലുകളുടെ മൂല്യം ഉറപ്പാക്കുക. ആഭരണത്തിലെ കല്ലുകളുടെ മൂല്യം കണക്കാക്കുമ്പോൾ കല്ലിന്റെ തരം, തൂക്കം എന്നിവ വളരെ പ്രധാനമാണ്. പലപ്പോഴും സ്വർണത്തിന്റെ വിലയിൽ തന്നെ കല്ലിന്റെ തൂക്കവും ചേർത്ത് കണക്കാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. എന്നാൽ ഭാവിയിൽ വിൽക്കുന്ന സമയത്ത് ഇവയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടായേക്കും. അതുകൊണ്ട് കല്ലുകളുടെ തൂക്കം സ്വർണത്തിന്റെ വിലയിൽ നിന്ന് വേർതിരിച്ച് വ്യക്തമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. പൊതുവിൽ ആഭരണങ്ങളിലെ സാധാരണ കല്ലുകൾക്ക് പുനർവില്പന മൂല്യം വളരെ കുറവായിരിക്കും. അല്ലെങ്കിൽ മൂല്യം ലഭിക്കില്ല. ഇതുനോക്കി ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്യും. എന്നാൽ, വജ്രം, മരതകം, നീലക്കല്ല് പോലുള്ളവയ്ക്ക് മൂല്യമുണ്ടെങ്കിലും വിൽക്കുമ്പോൾ കല്ലിന്റെ തരം, ജൂവലറി വിലയിരുത്തൽ, കാരറ്റ് എന്നിവ അനുസരിച്ച് ഇവയുടെ മൂല്യത്തിലും മാറ്റം വന്നേക്കാം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങൾ കാഴ്ചയിൽ വളരെ ഭംഗിയുള്ളതും ആകർഷകവുമായിരിക്കും. എന്നാൽ സൗന്ദര്യവും ആഘോഷത്തനിമയുമാണോ പ്രധാനം അതോ ഭാവിയിലെ സുരക്ഷിതത്തിനും നിക്ഷേപമൂല്യത്തിനുമാണോ മുൻഗണന നൽകേണ്ടത് എന്ന് ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ട്.
  • സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുക. എല്ലാ ആഭരണത്തിലും ആറക്ക ഹാൾമാർക്ക്ഡ് യൂണീക് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടെന്ന് ഉറപ്പാക്കുക. ഇത് സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പുനൽകുന്നു.
  • ബില്ല് കൃത്യമായി ചോദിച്ച് വാങ്ങുക. സ്വർണത്തിന്റെ പണിക്കൂലി, ജിഎസ്ടി, പരിശുദ്ധി, തൂക്കം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ബില്ല് സൂക്ഷിച്ചുവെക്കുക.

വിവാഹത്തിന് സ്വർണം വാങ്ങുന്നത് നിങ്ങളുടെ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളെയോ കടബാധ്യതകളെയോ ബാധിക്കാത്ത വിധത്തിലായിരിക്കണം. വീട്, വായ്പ, വിദ്യാഭ്യാസം, അടിയന്തര ചെലവുകൾ എന്നിവയെ വിവാഹത്തിനായുള്ള പർച്ചേസ് ബാധിക്കില്ലെന്ന് ഉറപ്പാക്കണം. തിടുക്കം കാണിക്കാതെ സമയമെടുത്ത് സ്വർണം വാങ്ങുമ്പോൾ ഇത് നിങ്ങളുടെ സമ്പാദ്യത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കും. ബജറ്റ്, പണിക്കൂലി, പരിശുദ്ധി, ഭാവി ആവശ്യം എന്നിവ കൃത്യമായി നോക്കി വേണം സ്വർണ നിക്ഷേപം നടത്താൻ.

വിവാഹശേഷം ആഭരണങ്ങൾ കൈവശം വെക്കുന്നത് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ചും വ്യക്തത ഉണ്ടായിരിക്കുന്നത് നല്ലതാണ്. സ്വർണം വാങ്ങുന്നതിന് കാലാവധി അനുസരിച്ച് ലളിതമായ സമീപനം തിരഞ്ഞെടുക്കുന്നത് സ്വർണ വിലയിൽ പെട്ടെന്നുള്ള വർദ്ധനവിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi