ആരാധകരുടെ സ്വന്തം ഇളയ ദളപതിയിൽനിന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്കുള്ള സി.ജോസഫ് വിജയ്‌യുടെ യാത്ര അത്ര സുഗമമായിരുന്നില്ല. എത്രയോ കാലങ്ങളായുള്ള പരിശ്രമത്തിനുശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
സ്വന്തമായൊരു പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത് സ്വപ്‌നമായ സിനിമ പോലും വേണ്ടെന്നുവെച്ചാണ്. ആ തീരുമാനത്തെ സാധൂകരിക്കുന്നതുപോലെ ആദ്യതിരഞ്ഞെടുപ്പിൽ തന്നെ കേവലഭൂരിപക്ഷത്തിനടുത്ത് സീറ്റുകൾ നേടിയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചത്. ഒടുവിൽ മറ്റു പാർട്ടികളുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കുകയും ചെയ്തു.
Also Read
ഇപ്പോഴിതാ വിജയ്‌യുടെ കഠിനാധ്വാനത്തെക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് അദ്ദേഹത്തിനുണ്ടായ വൈകാരികസമ്മർദങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖർ. പൊതുജനങ്ങളുടെ പ്രതീക്ഷകളിലും തമിഴ്നാട്ടിലുടനീളമുള്ള ആളുകളുമായി ബന്ധപ്പെടുക എന്ന തന്റെ ലക്ഷ്യത്തിലും അദ്ദേഹം ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും അവർ പറയുന്നു. പ്രചരണം മുറുകിയപ്പോൾ കുറേക്കാലം കുടുംബത്തിൽനിന്ന് വിജയ് അകന്നുനിന്നിരുന്നു. രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു.
''എനിക്കന്ന് നല്ല ഭയം തോന്നി. വളരെ ബുദ്ധിമുട്ടുള്ളൊരു സാഹചര്യത്തിലേക്കാണ് അവൻ കാലെടുത്തുവെച്ചത്. അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആരും അവനെ പിന്തുണയ്ക്കാനോ സഹായിക്കാനോ ഉണ്ടായിരുന്നില്ല. എല്ലാം സ്വയം നേരിടേണ്ടിവന്നു. വരാനിരിക്കുന്ന വെല്ലുവിളികൾ അറിഞ്ഞിട്ടും അവൻ എന്തിനാണ് ഈ പാത തിരഞ്ഞെടുത്തതെന്ന് ഞാൻ ചിന്തിച്ച നിമിഷങ്ങളുണ്ടായിരുന്നു. എന്റെ ഭയം ഞാൻ ഒരിക്കലും അവനോട് പങ്കുവെച്ചില്ല. ആ സമയത്ത്, അവൻ വളരെയധികം അസ്വസ്ഥനായിരുന്നു, വല്ലാതെ വേദനിക്കുകയും ചെയ്തു. പക്ഷേ ഒടുവിൽ അതിനെ മറികടന്ന് മുന്നോട്ട് പോയി''.
വിജയ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയപ്പോൾ പല കോണുകളിൽനിന്നും നിരന്തരമായ വിമർശനങ്ങൾ നേരിടേണ്ടിയും വന്നു. സിനിമാമേഖലയിൽനിന്നു പോലും വിമർശനങ്ങളുണ്ടായി. ''അവൻ എല്ലാ വിമർശനങ്ങളെയും നേരിട്ടു. എല്ലാ നെഗറ്റീവുകളെയും പോസിറ്റീവാക്കി മാറ്റി വിജയത്തിലേക്കെത്തിച്ചു'', അമ്മ പറയുന്നു.
മേയ് 10-നാണ് തമിഴ്‌നാട്ടിലെ ഒമ്പതാമത്തെ മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റെടുത്തത്. സത്യപ്രതിജ്ഞയ്ക്കുമുമ്പ് തന്നെ തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ശോഭ സംസാരിച്ചിരുന്നു. ''തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മാതൃദിനസമ്മാനം'' എന്നാണ് വിജയ്‌യുടെ മുഖ്യമന്ത്രിസ്ഥാനത്തെ അവരന്ന് വിശേഷിപ്പിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay transitioned from cinema to politics, leading TVK to a government-forming position in 2026. His mother Shoba Chandrasekhar revealed the immense emotional stress and isolation Vijay faced during the campaign
Published: 23 Jun 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented