ബന്ധങ്ങളിലെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾ അടുത്തകാലത്തായി വളരെ സജീവമായി നടക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളായ കാജോളിന്റെയും ട്വിങ്കിൾ ഖന്നയുടെയും 'Two Much with Kajol and Twinkle' എന്ന ചാറ്റ് ഷോയിൽ നടന്ന സംഭാഷണങ്ങൾ വൈറലായിരുന്നു. വൈകാരിക, ശാരീരിക വഞ്ചനകളിൽ ഏതാണ് മോശം എന്ന ചോദ്യത്തിന് ട്വിങ്കിളും കജോളും വൈകാരികവഞ്ചനയെന്ന് മറുപടി പറഞ്ഞതാണ് വിവാദമായത്. ശാരീരികവ‍ഞ്ചനയെ ഇവർ പിന്തുണയ്ക്കുകയാണെന്നായിരുന്നു ആരോപണം. നെറ്റിസൺസ് ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തു.

'ഒരിക്കൽ വഞ്ചിച്ചവൻ, എപ്പോഴും വഞ്ചകൻ' (Once a cheater, always a cheater) എന്ന പ്രയോഗത്തെപ്പറ്റി 'പതി പത്നി ഔർ വോ ദോ' സിനിമയിലെ താരങ്ങളോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. റെഡ് എഫ്എമ്മുമായുള്ള സംഭാഷണത്തിനിടെയായിരുന്നു ഇത്.

'ഒരിക്കൽ വഞ്ചിച്ചവൻ, എപ്പോഴും വഞ്ചകൻ' എന്ന ചൊല്ലിനോട് സാറ അലി ഖാൻ യോജിച്ചു. ആയുഷ്മാൻ ഖുറാന ഇതിനെ എതിർക്കുകയും ചെയ്തു. ചുവന്ന കൊടിയിൽ നിന്ന് പച്ചക്കൊടിയിലേക്ക് ഒരു യാത്രയുണ്ടെന്നും ആരും പച്ചക്കൊടിയായി ജനിക്കുന്നില്ലെന്നുമായിരുന്നു ആയുഷ്മാന്റെ മറുപടി.

"ഞാൻ വിശ്വസിക്കുന്നത് ഒരു തവണ വഞ്ചിച്ചാൽ, എപ്പോഴും വഞ്ചകൻ എന്നാണ്. കാരണം അയാൾ വഞ്ചിച്ചു, അല്ലേ? വഞ്ചകന്റെ നിർവചനം എന്താണ്? ഒരു വ്യക്തി വഞ്ചിച്ചിട്ടുണ്ടെങ്കിൽ, അയാൾ ഒരു വഞ്ചകനാണ്."-സാറ പറഞ്ഞു. രാകുൽ പ്രീത് സിംഗ് ആയുഷ്മാനോടൊപ്പം ചേർന്നു, ആ വ്യക്തി വീണ്ടും വഞ്ചിച്ചേക്കില്ലെന്നായിരുന്നു അവരുടെ അഭിപ്രായം. 

എന്നാൽ സാറ യോജിച്ചില്ല. "നിങ്ങൾ ഒരു വഞ്ചകനായി മുദ്രകുത്തപ്പെടും. അത് മാറ്റാൻ കഴിയില്ല. അയാൾ ഒരു വഞ്ചകനാണെങ്കിൽ, വീണ്ടും വഞ്ചിക്കാനുള്ള സാധ്യതകളുണ്ട്. ഒരിക്കൽ വഞ്ചിച്ചാൽ, ഞാനിത് ഒരിക്കലും ചെയ്യില്ലെന്ന് പറയാനുള്ള അവകാശം നഷ്ടപ്പെടും. അയാൾ വീണ്ടും വഞ്ചിക്കുമെന്ന് ഞാൻ പറയുന്നില്ല, പക്ഷെ ആ ടാഗ് ലഭിച്ചാൽ, അത് മാറ്റാൻ കഴിയില്ല."-സാറ പറഞ്ഞു.

സാറയുടെ ശക്തമായ നിലപാടിനെ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ആയുഷ്മാൻ കളിയാക്കി. "അവൾ അത് വിട്ടുകളയുന്നില്ല. സാറ, അവനെ വിടൂ, മറക്കൂ, ക്ഷമിക്കൂ. വീണ്ടും സ്നേഹിക്കുകയാണെങ്കിൽ അവൻ വഞ്ചിക്കില്ലായിരിക്കാം." എന്നായിരുന്നു ആയുഷ്മാന്റെ മറുപടി. നടൻ കാർത്തിക് ആര്യൻ, നടനും സംഗീതജ്ഞനുമായ അർജുൻ പ്രതാപ് ബജ്‌വ എന്നിവരുമായി സാറ അലി ഖാൻ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi