2024-ലാണ് ഭാര്യ ആർതിയുമായി പിരിയുകയാണെന്ന കാര്യം നടൻ രവി മോഹൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. അതിനുശേഷം തങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമായി ആർതി ചൂണ്ടിക്കാട്ടിയത് ഗായികയായ കെനിഷ ഫ്രാൻസിസിനെയാണ്. എന്നാൽ, രവി തന്റെ സുഹൃത്താണെന്നാണ് കെനിഷ പറഞ്ഞത്. രവിക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ പലപ്പോഴും കെനിഷയ്‌ക്കെതിരെ വിമർശനങ്ങളുണ്ടാവുകയും ചെയ്തു.

ഇതിനെതിരെ കെനിഷ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിൽ രവി മോഹന്റെ വിവാഹജീവിതത്തിൽ ഇടപെട്ടെന്ന അവകാശം അവർ ശക്തമായി നിഷേധിച്ചു. 'ഒരു കുടുംബം തകർത്തു' എന്ന ആരോപണത്തോട് പ്രതികരിക്കവെ, വ്യക്തിപരമായ ദുരന്തം നേരിട്ട ഒരു സ്ത്രീയാണ് താനെന്നാണ് അവർ പറഞ്ഞത്. അങ്ങനെയുള്ളൊരാൾ രണ്ടുമക്കളിൽനിന്ന് അവരുടെ പിതാവിനെ വേർപെടുത്തുമോയെന്നും കെനിഷ ചോദിച്ചു.

വിമർശനങ്ങൾ അതിരുകടന്നപ്പോൾ, തങ്ങൾ തമ്മിൽ പിരിയുകയാണെന്നും ചെന്നൈ വിടുകയാണെന്നും കെനിഷ തുറന്നുപറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽനിന്ന് ബ്രേക്കെടുക്കുകയാണെന്നും കെനിഷ വെളിപ്പെടുത്തി.

താൻ ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുവന്നതെന്ന് അതിനുമുമ്പ് സോഷ്യൽമീഡിയയിലിട്ട ഒരു പോസ്റ്റിലൂടെ അവർ വെളിപ്പെടുത്തിയിരുന്നു. ഗായികയും സ്പിരിച്വൽ ഹീലറുമാണ് കെനിഷ. തമിഴ്‌നാട്ടുകാരൻ അച്ഛൻ, അമ്മ ആഫ്രിക്കയിൽ വേരുകളുള്ളയാളും. കെനിയ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് കെനിഷ വളർന്നത്.

നാലുവർഷങ്ങളുടെ ഇടവേളയിലാണ് കെനിഷയ്ക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടത്. അച്ഛൻ അൽഷിമേഴ്‌സ് ബാധിതനായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. അമ്മ 2013-ലും അച്ഛൻ 2017-ലുമാണ് മരിച്ചത്.

ചെറുപ്പം മുതലേ ചൂഷണങ്ങൾ നേരിട്ടു. കഷ്ടിച്ച് 18 അല്ലെങ്കിൽ 19 വയസ്സ് മാത്രമുള്ളപ്പോൾ തന്നെ വിവാഹം കഴിപ്പിച്ചുവെന്നും പിന്നീട് ശാരീരികവും വൈകാരികവുമായ പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നും അവർ അവകാശപ്പെട്ടു. ''എനിക്ക് 18 അല്ലെങ്കിൽ 19 വയസ്സുള്ളപ്പോഴാണ് ഞാൻ വിവാഹിതയായത്. ആ പ്രായത്തിൽ എനിക്ക് ജീവിതം ശരിയായി മനസ്സിലായിരുന്നില്ല''. അധികം വൈകാതെ ഗർഭിണിയാവുകയും അത് അബോർഷനാവുകയും ചെയ്തു. ''വയറ്റിൽവെച്ച് ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയാണ് ഞാൻ. അങ്ങനെയുള്ള ഞാൻ ആരെയെങ്കിലും അവരുടെ കുട്ടികളിൽ നിന്നോ കുടുംബത്തിൽ നിന്നോ അകറ്റി നിർത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?'' അവർ കൂട്ടിച്ചേർത്തു.

ചെറിയ തുകകൾക്ക് പാടിക്കൊണ്ടാണ് താൻ കരിയർ തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു. ''500 രൂപയ്ക്കാണ് പലപ്പോഴും ബാറുകളിൽ പാടിയിരുന്നത്'' എന്നും അവർ ഓർക്കുന്നു.

ലൈവ് പെർഫോമൻസുകൾ, മ്യൂസിക് കൊളാബറേഷൻ, തെറാപ്പി സെഷനുകൾ എന്നിവയിലൂടെയാണ് അവർ വരുമാനമുണ്ടാക്കുന്നത്. ഒരു പരിപാടിയിൽവെച്ചാണ് കെനിഷയും രവിയും ആദ്യമായി കണ്ടുമുട്ടുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi