മതം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങൾ എപ്പോഴും തുറന്നുപറയാറുള്ള വ്യക്തിയാണ് നടി ശബാന ആസ്മി. ബുർഖയെയും ഹിജാബിനെയും കുറിച്ചുള്ള നിലപാടുകളുടെ പേരിൽ മുൻപ് പലതവണ അവർ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ തന്റെ നിലപാട് ആവർത്തിച്ചിരിക്കുകയാണവർ.

To advertise here,

മുൻകാലങ്ങളിൽ വിമർശനങ്ങൾ നേരിട്ടതിനെക്കുറിച്ച് ‘നോൺ അൺനോൺ’ പോഡ്‌കാസ്റ്റിൽ ശബാനയോട് ചോദിച്ചു. “ബുർഖ ഇന്ന രീതിയിൽ ധരിക്കണമെന്ന് ഖുർആനിൽ എവിടെയും എഴുതിയിട്ടില്ല. മതത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് ഇടനിലക്കാരാണ്,”-ശബാന പറഞ്ഞു. എങ്കിലും, സ്ത്രീകൾക്ക് തങ്ങളുടെ വസ്ത്രധാരണം എങ്ങനെയെന്ന് തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ഒരു പ്രത്യേക രീതിയിൽ തന്നെ വസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കരുതെന്നും അവർ പറഞ്ഞു. “പക്ഷേ ഞാൻ വിശ്വസിക്കുന്നത്… എനിക്ക് ബുർഖ ധരിക്കുന്ന ശീലമില്ല. എന്നാൽ നിങ്ങൾക്ക് ബുർഖ ധരിക്കാൻ അവകാശമില്ലെന്ന് നിങ്ങൾ എന്നോട് പറഞ്ഞാൽ, ഞാൻ മൂന്ന് ബുർഖകൾ ധരിക്കും. നിങ്ങൾ ആരാണ്? എന്നോട് പറയാൻ നിങ്ങളാരാണ്? മതനിരപേക്ഷതയുടെ പേരിൽ നിങ്ങൾ മൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. അത് നടക്കില്ല,” ശബാന പറഞ്ഞു.

2022-ൽ കർണാടകയിലെ ഒരു സർക്കാർ വിദ്യാഭ്യാസസ്ഥാപനത്തിൽ ആറ് മുസ്ലിം വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. സ്കൂൾ യൂണിഫോം കർശനമായി പാലിക്കണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇത് വലിയ പ്രതിഷേധങ്ങൾക്കും കേസുകൾക്കും കാരണമായി. കങ്കണ റണാവത്തും ശബാനയും സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. താൻ ഹിജാബ് ധരിക്കാതിരിക്കുകയും എന്നാൽ മറ്റുള്ളവരെ പിന്തുണയ്ക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് ശബാന വിമർശിക്കപ്പെട്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi