നടി തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. അവർ ഇതുവരെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, തമിഴ്‌നാട് രാഷ്ട്രീയത്തിൽ തൃഷയുടെ പേര് ചർച്ചയാവാൻ തുടങ്ങിയിട്ടും നാളുകളേറെയായി. മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌ക്കെതിരെയുള്ള ആരോപണങ്ങളേറെയും തൃഷയെ കൂടി ഉന്നംവെച്ചുള്ളതാണ്. തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ രണ്ടുമണ്ഡലങ്ങളിൽനിന്നാണ് വിജയ് മത്സരിച്ചത്. പേരമ്പൂരും തിരുച്ചിറപ്പള്ളി ഈസ്റ്റും. രണ്ട് സീറ്റിലും അദ്ദേഹം വിജയിച്ചു. അതിനുശേഷം തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നു. തിരുച്ചിറപ്പള്ളി ഈസ്റ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തൃഷ ആയിരിക്കും ടി.വി.കെ.യുടെ സ്ഥാനാർഥിയാവുകയെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ, അതൊന്നും നടന്നില്ല. എങ്കിലും അവരുടെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള ചർച്ചകൾക്കിപ്പോഴും കുറവൊന്നുമില്ല.

അതിനിടെ തൃഷയുടെ ചില പഴയ അഭിമുഖങ്ങളും വൈറലായിരുന്നു. ഭാവിയിലെ ബക്കറ്റ് ലിസ്റ്റിനെക്കുറിച്ചുള്ള സംസാരത്തിനിടെ അവർ പറഞ്ഞതിങ്ങനെ, ''എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാവണം, കാത്തിരുന്ന് കാണുക, അടുത്ത പത്തുവർഷത്തിനുള്ളിൽ ഞാനത് നേടും''. തമാശയായിട്ടാണ് താരം പറഞ്ഞതെങ്കിലും, അതും തൃഷയുടെ രാഷ്ട്രീയത്തിലേക്കുള്ള വരവായി പലരും കാണുന്നുണ്ട്. പിന്നാലെ അവർ അഭിനയം നിർത്താൻ പോവുകയാണെന്നും പറയപ്പെട്ടു. അത് അവരുടെ ടീം തന്നെ നിഷേധിക്കുകയും ചെയ്തു.

ഇതിനെല്ലാമിടയ്ക്കാണ് കോയമ്പത്തൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ തൃഷയെത്തിയത്. കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ താരത്തെ കാണാൻ വൻജനക്കൂട്ടം തന്നെയാണെത്തിയത്. മൈക്കും ക്യാമറയുമായി മാധ്യമപ്രവർത്തകരുമെത്തി. അതിനിടെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെക്കുറിച്ച് ആരോ ചോദിച്ചു. അതിന് തൃഷ നൽകിയ മറുപടിയാണിപ്പോൾ വൈറലാവുന്നത്. ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു അവരുടെ മറുപടി. ആ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ അവർ മറുപടി നൽകിയില്ല. അതുകൊണ്ട് തൃഷയുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi