ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന രൺവീർ സിങ് ചിത്രമാണ് 'ധുരന്ധർ 2' (Dhurandhar 2). ബോക്സ്ഓഫിസിൽ മാത്രമല്ല ചിത്രം വലിയ പ്രേക്ഷക പ്രശംസയും നേടുന്നുണ്ട്. മാർച്ച് 19-ന് റിലീസ് ചെയ്ത ഈ സ്പൈ ത്രില്ലർ, ആദിത്യ ധർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ധുരന്ധറിൽ, മലയാള സിനിമാ താരങ്ങൾ അഭിനയിച്ചിരുന്നെങ്കിൽ എങ്ങനെയിരിക്കും? ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ മലയാളി താരങ്ങളെ വെച്ച് പുനർനിർമ്മിച്ച AI (Artificial Intelligence) നിർമ്മിത ചിത്രങ്ങളാണ്.

അഖിൽ വിനായക് എന്ന AI ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ വൻ താരനിരയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ധുരന്ധറിലെ കഥാപാത്രങ്ങളെ മലയാളി താരങ്ങളുടെ മുഖമുപയോഗിച്ചാണ് ഇതിൽ കാണിക്കുന്നത്.

അക്ഷയ് ഖന്ന അവതരിപ്പിച്ച 'റഹ്മാൻ ഡക്കൈറ്റ്' എന്ന വില്ലൻ വേഷത്തിൽ, മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലാണ്. ഫഹദിന്റെ തനതായ തീക്ഷ്ണമായ ഭാവങ്ങൾ ഈ വേഷത്തിന് അനുയോജ്യമായി AI ഒരുക്കിയിരിക്കുന്നു. രൺവീർ സിങ് അവതരിപ്പിച്ച നായക കഥാപാത്രമായ 'ഹംസ അലി മസാരി'യായി മസിൽ മാൻ ഉണ്ണി മുകുന്ദൻ. അർജുൻ രാംപാൽ അവതരിപ്പിച്ച 'മേജർ ഇഖ്ബാൽ' ആയി പൃഥ്വിരാജ് സുകുമാരനും സാറ അർജുൻ ചെയ്ത 'യലീന' ആയി നസ്രിയ നസീമുമെത്തി.

ദുൽഖർ സൽമാൻ, ഡാനിഷ് പണ്ടോർ അവതരിപ്പിച്ച ഉസൈർ ബലോച്ച്, ജോജു ജോർജ് സഞ്ജയ് ദത്ത് ചെയ്ത എസ്പി അസ്ലമിന്റെ വേഷത്തിലായിരുന്നു. 'മുഹമ്മദ് ആലം' ആയി സൗബിൻ, രാകേഷ് ബേദി അവതരിപ്പിച്ച 'ജമീൽ ജമാലി'യായി ജോണി ആന്റണി എന്നിങ്ങനെയാണ് കാസ്റ്റിങ്. മലയാളി താരങ്ങൾ ഈ വേഷങ്ങളിൽ കലക്കുമെന്നും കാസ്റ്റിങ് കറക്ടാണെന്നുമൊക്കെയാണ് ഉപയോക്താക്കൾ പറയുന്നത്. എതായാലും ചിത്രങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്.

കറാച്ചിയിലെ ല്യയാരി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന 'ധുരന്ധർ', കാണ്ഡഹാർ ഹൈജാക്കിങ്, പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന രഹസ്യ അന്വേഷണ പ്രവർത്തനങ്ങളുടെ കഥയാണ് പറയുന്നത്. രണ്ടാം ഭാഗത്തിൽ രൺവീർ സിങ്ങിന്റെ കഥാപാത്രമായ ഹംസയുടെ ഭൂതകാലവും ഇന്ത്യക്കെതിരെയുള്ള തീവ്രവാദ ശൃംഖലയെ തകർക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളുമാണ് പ്രമേയം.

സോഷ്യൽ മീഡിയയിലെ ഈ ഫാൻ-മെയ്ഡ് ക്രിയേഷൻ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi