വടക്കാഞ്ചേരിയിൽ അന്ന് 'വെങ്കലം' സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളിയും മനോജ് കെ. ജയനും ഉർവശിയുമടക്കമുള്ള വൻ താരനിരയുണ്ട്. ഇടവേളകളിൽ അവർ കസേരയിട്ട് ഇരിക്കും. അങ്ങനെയൊരിക്കൽ സംവിധായകൻ ഭരതൻ അവർക്ക് രണ്ട് കൊച്ചുതാരങ്ങളെ പരിചയപ്പെടുത്തി. ഭരതന്റെ സുഹൃത്തും പഴയകാല നടനുമായ അബൂബക്കറിന്റെ മക്കൾ. നവാസും നിയാസും. മിമിക്രിയുടെയും നാടകത്തിന്റെയും ബാലപാഠങ്ങൾ അറിയുന്ന ഇരുവരും ആ താരനിരയ്ക്കുമുന്നിൽ ചെറിയ ഐറ്റം അവതരിപ്പിച്ചു. കേട്ടിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ച് കൈയടിച്ചു. ആ കൈയടി ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായിരുന്നു. വെങ്കലം സിനിമയിൽത്തന്നെ ഭരതൻ ഇരുവർക്കും അവസരം നൽകി. അന്ന് തുടങ്ങിയ സിനിമായാത്രയാണ് നിയാസ് ബക്കറിന്റേത്. പിന്നീടങ്ങോട്ട് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമെല്ലാം നിയാസിന്റെ മുഖം നിറഞ്ഞുനിന്നു. ഇടയ്ക്ക് 'ബല്ലാത്ത പഹയൻ' എന്ന സിനിമ സംവിധാനവും ചെയ്തു. കോയയായും ശീതളനായും 'മറിമായ'ത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. കുറച്ചുനാൾ മുമ്പ് പുറത്തിറങ്ങിയ 'പ്രഥമദൃഷ്ട്യാ കുറ്റക്കാരി'ലും 'ധൂമകേതു'വിലുമെല്ലാം നിയാസുണ്ടായിരുന്നു.
ആലുവയിലെ വീട്ടിൽവെച്ച് കാണുമ്പോൾ സിനിമയും 'മറിമായ'വുമെല്ലാം സംസാരത്തിൽ കടന്നുവന്നു. ഒപ്പം സഹോദരൻ കലാഭവൻ നവാസിന്റെ ഓർമ്മകളിലൂടെയും അദ്ദേഹം നടന്നു.
ഒരുപാട് കലാകാരന്മാരുള്ള നാടാണ് വടക്കാഞ്ചേരി. ആ നാടിന്റെ സ്വാധീനം കരിയറിലുണ്ടായിട്ടുണ്ടോ?
വടക്കാഞ്ചേരി എങ്കക്കാട് മാരാത്തുകുന്നിലാണ് ഞങ്ങളുടെ വീട്. ബാപ്പയുടെ വീടാണ് ഇവിടെ. ഭരതേട്ടൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം ഹൈദരാലി തുടങ്ങി ഒരുകൂട്ടം കലാകാരന്മാരുടെ മണ്ണാണ് വടക്കാഞ്ചേരി. ബാപ്പയും സിനിമയും നാടകവുമായി സജീവമായിരുന്നല്ലോ. അതുകൊണ്ട് ഞങ്ങളെയും അത് സ്വാധീനിച്ചു.
ചെറുപ്പത്തിലേ എനിക്കും നവാസിനും കലയോട് താത്പര്യമുണ്ട്. സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിലൊക്കെ പങ്കെടുക്കും. മോണോ ആക്ടായിരുന്നു എന്റെ ഐറ്റം. അവനാണെങ്കിൽ പാട്ടും. സ്‌കൂളിൽ ലളിതഗാനത്തിന് അവന് ഒന്നാംസമ്മാനം കിട്ടും. എനിക്ക് മോണോആക്ടിലും. അന്നൊന്നും മിമിക്രി അത്ര ശ്രദ്ധിക്കപ്പെടുന്ന ഐറ്റമല്ല. അതുകൊണ്ട് മിമിക്രിയിൽ ശ്രദ്ധിച്ചില്ല. എങ്കിലും ചെറുതായൊക്കെ അനുകരിക്കും. പക്ഷേ, നവാസിന് മിമിക്രി ഇഷ്ടമായിരുന്നു. കലയുടെ ലോകത്തേക്ക് വരാൻ വലിയ അധ്വാനമൊന്നും ഞങ്ങളന്ന് ചെയ്തിരുന്നില്ല. സ്വതസിദ്ധമായ കഴിവിനെ പുറത്തെടുക്കുകയാണ് ചെയ്തത്.
ബാപ്പ നടനായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ കിട്ടിയിരുന്നില്ലേ?
ഞങ്ങൾ വളരെ ചെറുപ്പമായിരുന്നു അന്ന്. അതുകൊണ്ട് ബാപ്പയുടെ നാടകം അധികം കണ്ടിട്ടില്ല. ഞങ്ങൾ മൂന്നാംക്ലാസിലൊക്കെ എത്തിയപ്പോൾ ബാപ്പ നാടകം നിർത്തി വെറുതേ ഇരിക്കാൻ തുടങ്ങി. കുറെ സിനിമകളിൽ ബാപ്പ അഭിനയിച്ചിരുന്നു. നാടകത്തിന് 1974-ൽ ബാപ്പയ്ക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയിട്ടുണ്ട്. പിന്നീട് ഏകദേശം 15 വർഷത്തോളം ബാപ്പ വെറുതേയിരുന്നു. കലയുടെ കാര്യത്തിൽ ബാപ്പയുടെ അധികം പിന്തുണയൊന്നും ലഭിച്ചിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വയം വഴി വെട്ടിവരൂ എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
ഒരിക്കൽ മോണോആക്ട് ചെയ്യാൻ ഒരു വിഷയം ചോദിച്ച് ഞാൻ ബാപ്പയുടെ അടുത്തെത്തി. കാര്യം പറഞ്ഞപ്പോൾ ബാപ്പയുടെ മറുപടി; ''നിനക്ക് പറ്റുന്ന ഒരു ഐഡിയ സ്വയം ഉണ്ടാക്ക്'' എന്നായിരുന്നു. എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല എന്ന് ഞാൻ പറഞ്ഞു. ''എന്നാൽ ചെയ്യണ്ട'' എന്നായിരുന്നു ഉത്തരം.'' നിനക്ക് സ്വന്തമായി ഉണ്ടാക്കാൻ പറ്റണം, ഇല്ലെങ്കിൽ നീയത് ചെയ്യാൻ പ്രാപ്തനായിട്ടില്ല'', എന്നും ബാപ്പ പറഞ്ഞു. അതുകഴിഞ്ഞ് ബാപ്പ കുറെ കാര്യങ്ങൾ പറഞ്ഞുതന്നു. ആ സംസാരത്തിൽ ചില സൂചനകളുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിലെ കുംഭാര സമുദായത്തെപ്പറ്റിയും അവരുടെ സംസാരരീതി അനുകരിച്ച് ബാപ്പ ചെയ്ത കഥാപാത്രങ്ങളെപ്പറ്റിയുമൊക്കെ. അതിലൂടെ എനിക്ക് വിഷയം കിട്ടി.
കലം ഉണ്ടാക്കുന്ന കുംഭാരന്മാരെപ്പറ്റി ഒരു ഐറ്റം ചെയ്താലോ എന്ന ചിന്ത അന്നേരം ഉണ്ടായി. ഒരാൾ കലം വാങ്ങാൻ വരുന്നതും അവർ തമ്മിലുള്ള സംഭാഷണവും വെച്ച് പരിപാടി ചെയ്തു. അതിന് എനിക്ക് രണ്ടാംസമ്മാനം കിട്ടി. അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സംഭവം. അന്ന് ബാപ്പ പറഞ്ഞത് ഞാൻ ശരിക്കും ഉൾക്കൊണ്ടു. പിൽക്കാലത്ത് എനിക്കോ നവാസിനോ ഒരു പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് ഉണ്ടാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങൾ അന്ന് ഉണ്ടാക്കിയ പല സ്‌കിറ്റുകളും പിന്നീട് പലരും അവതരിപ്പിച്ചു. രാഷ്ട്രീയക്കാരന്റെ പട്ടിയെ അനുകരിക്കുന്നതും ഇരുമ്പുവളയത്തിനുള്ളിൽ കയറുന്ന രണ്ട് കഥാപാത്രങ്ങളുമെല്ലാം അന്ന് ഹിറ്റായിരുന്നു.
'വെങ്കല'മാണോ ജീവിതത്തെ സ്വർണമാക്കിയത്?
അന്ന് ഞാനും നവാസും വെറുതേ പോയതാണ്. ഭരതേട്ടന് ഞങ്ങൾ അബൂബക്കറിന്റെ മക്കളാണെന്ന് അറിയാം. അതുകൊണ്ട് എല്ലാവരെയും പരിചയപ്പെടുത്തി. ആദ്യമായി സ്റ്റേജിൽ കയറുന്ന ഒരാളുടെ കഥയായിരുന്നു ഞങ്ങൾ അവർക്കുമുന്നിൽ അവതരിപ്പിച്ചത്. മുരളിച്ചേട്ടനത് കൂടുതൽ ഇഷ്ടമായി. പിന്നീട് ആ സെറ്റിൽവെച്ച് പലതവണ ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഒരുദിവസം ഭരതേട്ടൻ പറഞ്ഞു, അടുത്തദിവസം വാ, ഒരു ചാൻസുണ്ടെന്ന്. ഒരു നാടക റിഹേഴ്‌സൽ ക്യാമ്പിലെ രംഗമായിരുന്നു. മനോജ് കെ. ജയനുമൊത്തുള്ള ഒരു സീൻ. അത് നന്നായി ചെയ്തു.
പിന്നീട് സിനിമയിൽ സ്ഥിരമായല്ലോ?
'ചമയം' എന്ന സിനിമയായിരുന്നു അടുത്തത്. ലൊക്കേഷനിലേക്ക് ബാപ്പയുടെ കൂടെ പോയതായിരുന്നു. ബാപ്പയ്ക്ക് ഒരു പ്രശ്നമുണ്ട്. സെറ്റിലെത്തി മൂഡ് ശരിയല്ലെന്ന് തോന്നിയാൽ തിരിച്ചുവരും. അതുകൊണ്ട്, ഞാനോ നവാസോ ഉമ്മയോ കൂടെപ്പോകും. പുള്ളിയെ കൊണ്ടുപോയി അഭിനയിപ്പിക്കുകയെന്നത് ശ്രമകരമായ പണിയാണ്. ബാപ്പയ്ക്കൊപ്പം പോയാണ് 'ചമയ'ത്തിൽ അവസരം കിട്ടിയത്. പിന്നീട് കുടമാറ്റം, ഇഷ്ടം, ഗ്രാമഫോൺ അടക്കമുള്ള സിനിമകളുടെ ഭാഗമായി. എങ്കിലും തുടരെ അവസരങ്ങൾ കിട്ടിയിരുന്നില്ല.
സിനിമയിൽ അവസരം കിട്ടാൻ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു അന്ന്. ആരെയും നിരന്തരമായി ബന്ധപ്പെടുകയുമില്ല. സിനിമയിൽനിന്ന് വിളിവരുമ്പോൾ ഞാൻ വല്ല സ്റ്റേജ് ഷോയിലും ആയിരിക്കും.
'മറിമായ'ത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
അതിനിടെ വടക്കാഞ്ചേരിയിൽനിന്ന് ആലുവയിലേക്ക് താമസം മാറി. അന്നേരം ചെറിയ സിനിമകൾ ചെയ്യുന്നുണ്ട്. ചാനൽപ്പരിപാടികൾ അധികം എടുക്കാറില്ല. സിനിമ ചെയ്യണമെന്നുള്ളതുകൊണ്ട്, ചാനലിൽനിന്ന് പരമാവധി വിട്ടുനിൽക്കും. ചാനലിലേക്ക് പോയാൽ സിനിമ കിട്ടില്ലെന്നൊരു സംസാരം അന്നുണ്ട്. അതുപേടിച്ചാണ് പോകാതിരുന്നത്. പക്ഷേ, എന്നിട്ടും സിനിമ കാര്യമായിട്ട് വന്നില്ല. അതുവരെ ഉമ്മയുടെ ഒപ്പമായിരുന്നു ഞങ്ങൾ. സഹോദരൻ നിസാമുദ്ദീന്റെ വിവാഹം കഴിഞ്ഞതോടെ, വീട്ടിൽ ഉമ്മയ്ക്ക് കൂട്ടായി. അന്നേരം ഞാൻ മാറിനിൽക്കാൻ തീരുമാനിച്ചു.
പുതിയ വീട് വയ്ക്കണമെന്ന ആലോചനയിൽ തത്കാലം ഒരു വാടകവീടെടുത്തു. അപ്പോഴാണ് 'മറിമായം' വരുന്നത്. ആ പരിപാടി എനിക്കിഷ്ടമായിരുന്നു. എട്ട് എപ്പിസോഡ് കഴിഞ്ഞാണ് അതിലേക്കെത്തുന്നത്. കമൽസാറിന്റെ 'സ്വപ്നസഞ്ചാരി' എന്ന സിനിമയിൽ ഒരു ആദിവാസിയുടെ വേഷം ചെയ്തിരുന്നു. ഒറ്റസീൻ മാത്രം. എന്നാലും ഏറെ ഇഷ്ടത്തോടെ ചെയ്ത ആ വേഷം മണികണ്ഠൻ പട്ടാമ്പി കണ്ടു. അദ്ദേഹത്തിന് ഇഷ്ടമായി. മണികണ്ഠൻ 'മറിമായ'ത്തിന്റെ സംവിധായകൻ ആർ. ഉണ്ണികൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന് എന്നെ അറിയാം. അങ്ങനെ വിളിച്ചു. ഒൻപതാമത്തെ എപ്പിസോഡിലേക്കാണ് വന്നത്. ഇപ്പോൾ ആയിരം എപ്പിസോഡ് ആകാറായി. 'മറിമായ'ത്തിലെത്തിയിട്ട് ഇപ്പോൾ പതിനഞ്ചുകൊല്ലം പിന്നിട്ടു.
'മറിമായ'ത്തിൽ രണ്ട് കഥാപാത്രങ്ങളുള്ള ഏക നടനാണല്ലോ?
ആദ്യം കോയ എന്ന കഥാപാത്രം മാത്രമായിരുന്നു. മുസ്ലിം ഭാഷ നന്നായി വഴങ്ങുമല്ലോ എന്ന് കരുതി തന്നതാണ്. ആ വേഷം ചെയ്ത് പിന്നെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കൽ ബുദ്ധിമുട്ടായി. അങ്ങനെ ശീതളൻ എന്ന രണ്ടാമതൊരു കഥാപാത്രത്തെയും അവതരിപ്പിച്ചു. അതിന് പാലക്കാടൻ ഭാഷയാണ് പിടിച്ചത്. ഇപ്പോൾ രണ്ട് വേഷവും മാറിമാറി ചെയ്യും.
'മറിമായ'ത്തിലെ അനുഭവങ്ങൾ?
അഭിനേതാവ് എന്ന നിലയിൽ വളരാൻ 'മറിമായം' ഒരുപാട് സഹായിച്ചു. എല്ലാവരും ആ കഥാപാത്രത്തിലൂടെ തിരിച്ചറിയാൻ തുടങ്ങി. രസകരമായ അനുഭവങ്ങളുമുണ്ടായി. ചില ഗവൺമെന്റ് ഓഫീസുകളിൽ പോകുമ്പോൾ താമസം വരുമല്ലോ. എന്നാൽ, എന്നെ കാണുമ്പോൾ വലിയ രീതിയിൽ സ്വീകരിച്ച് വേണ്ട സഹായങ്ങൾ നൽകും. ഈയിടെ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ സപ്ലൈ ഓഫീസിൽ ചെന്നു. ''നിങ്ങൾ ഞങ്ങളെ കളിയാക്കുന്ന ടീമാണല്ലോ...'', അവിടുന്ന് ഒരുദ്യോഗസ്ഥൻ ചോദിച്ചു.
''അത് നിങ്ങളെയല്ല, ഒന്നും ചെയ്യാതിരിക്കുന്ന ആളുകളെയാണ്...'', ഞാൻ തിരിച്ച് പറഞ്ഞു. അവിടെയുള്ളവരെല്ലാം അത് കേട്ട് ചിരിച്ചു. സപ്ലൈ ഓഫീസർ എന്നെ വിളിച്ച് കാര്യം തിരക്കി വേഗംതന്നെ കാർഡ് ശരിയാക്കിത്തന്നു. ഒരുമാസംകൊണ്ട് കിട്ടേണ്ട കാർഡ് പെട്ടെന്ന് കിട്ടി. ഒരു കലാകരാനോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ് അങ്ങനെ സഹായിച്ചത്.
സഹോദരൻ നവാസിന്റെ പെട്ടെന്നുള്ള വിയോഗം. ആ വേദനയിൽ നിന്ന് കരകയറിയതെങ്ങനെയാണ്?
ഞങ്ങൾതമ്മിൽ സുഹൃദ്ബന്ധമായിരുന്നു. നിയാസേ, നവാസേ എന്ന് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കും. സ്വന്തം അനുജൻ നഷ്ടമായതിന്റെ ഫീലായിരുന്നില്ല എനിക്ക്. അവൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടൊന്നുമില്ല. പക്ഷേ, മനസ്സ് ഇടുങ്ങിയ ഒരവസ്ഥയിലായിരുന്നു. ഒരുപാട് നാൾ ഉറങ്ങാൻ പറ്റിയില്ല. അവന്റെ നഷ്ടം മനസ്സിലേക്കൊന്നും വരുന്നില്ലെങ്കിലും ഉറക്കമില്ല. ചിലപ്പോൾ രാത്രി രണ്ടുമണിക്ക് കിടന്ന് നാലുമണിക്ക് എഴുന്നേൽക്കും. ഒരുമാസം അങ്ങനെയായിരുന്നു. വെറുതേയിരുന്നാലും ഞങ്ങളൊരുമിച്ചുള്ള യാത്രകളുടെ ഓർമ്മ മനസ്സിലേക്ക് വരും.
അവൻ ഒരു ലീഡറെപ്പോലെയായിരുന്നു. വളരെ പ്രൊഫഷണലായി കാര്യങ്ങൾ ചെയ്യും. ഉത്തരവാദിത്വത്തോടെ ഞങ്ങളുടെ ടീമിനെ നയിക്കും. 'അവനെന്താ ഇങ്ങനെ, ഒട്ടും സോഫ്റ്റല്ലല്ലോ?' എന്ന് ചിലർ വിചാരിക്കും. പക്ഷേ, അവിടെ അത് ആവശ്യമായിരുന്നു. അതുപോലെ, അവന്റെ സ്നേഹം പലർക്കും മനസ്സിലാകില്ല. നമ്മൾ മറ്റുള്ളവരെ കാണിക്കാൻ പ്രകടനപരമായി സ്നേഹം കാണിക്കും. നവാസ് അങ്ങനെ ചെയ്യില്ല. ഇനി അവനില്ല എന്നാലോചിക്കുമ്പോൾ, വലിയ സങ്കടമാണ്.
വരാനിരിക്കുന്ന സിനിമകൾ...
'എൽ ക്ലാസിക്കോ' ആണ് പുതിയ സിനിമ. എന്റെത് ചെറിയ റോളാണ്. പിന്നെ 'സ്വാമിയും വർക്കിയും'. അതൊരു ഓഫ്ബീറ്റ് സിനിമയാണ്.
കുടുംബത്തെക്കുറിച്ച്...
ഭാര്യ ഹസീന. രണ്ട് മക്കൾ. മൂത്തയാൾ ജസീല. അവൾ വിവാഹിതയാണ്. ഖത്തറിലാണ്. അവിടെ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. അവളുടെ ഭർത്താവ് അവിടെ ഒരു ഹോസ്പിറ്റലിൽ ഡയറ്റീഷ്യനാണ്. പേര് മുനീർ. മകൻ താഹ, ബെസ്റ്റ് ഏഷ്യ എന്ന ട്രാവൽ കമ്പനിയിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Niyas Backer reflects on his acting journey starting from Bharathan's Vengalam in 1993., Discusses his dual roles as Koya and Sheethalan in the popular satirical show Marimayam., Shares memories of his late brother Kalabhavan Navas and their artistic upbringing in Vadakanchery., Teases upcoming 2026 Malayalam movie projects including El Clasico and Swamiyum Varkiyum.
Published: 20 Nov 2026, 02:05 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented