'I'm Game' എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോഴിതാ ഒരു വിമാനത്താവളത്തിൽനിന്നുള്ള ദുൽഖറിന്റെ വീഡിയോയാണ് വൈറലാവുന്നത്. കാഷ്വൽ ഡ്രസ്സിൽ വിമാനത്താവളത്തിലെത്തിയ താരത്തിന്റെ, കൈകളിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധപോയത്. ചെറിയൊരു ക്യാമറയാണ് ദുൽഖറിന്റെ കൈകളിലുള്ളത്.

'എന്തുകൊണ്ടാണ് ദുൽഖർ എപ്പോഴും ക്യാമറയും കൈയിൽവെച്ച് നടക്കുന്നത്?' എന്ന ചോദ്യമാണ് ഉപയോക്താക്കളിലേറെ പേരും ചോദിച്ചത്. 'ഇഷ്ടമുള്ളത് എന്തെങ്കിലും കണ്ടാൽ ചിത്രമെടുക്കാൻ, പിതാവിന്റെ പാരമ്പര്യം, ഫോട്ടോഗ്രാഫി അദ്ദേഹത്തിന്റെ പാഷനാണ്...' തുടങ്ങി പല കമന്റുകളാണ് പലരും വീഡിയോയ്ക്കു താഴെ ഇട്ടത്.

ഈ ക്യാമറ ഏതെന്ന ചർച്ചകളും അധികം വൈകാതെ തുടങ്ങി. ഒടുവിൽ അതിനുള്ള ഉത്തരവും അവർ തന്നെ കണ്ടെത്തി. ലൈക ക്യൂ 3 (Leica q3) ആണിതെന്നാണ് അവർ പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഈ ക്യാമറയ്ക്ക് ഏഴുലക്ഷത്തോളമാണ് വില.
 

കൈയിൽ ക്യാമറയുമായെത്തുന്ന ദുൽഖർ സൽമാൻ ആരാധകർക്ക് പരിചിതമായ കാഴ്ചയാണ്. പൊതുപരിപാടികളിലും യാത്രകളിലും അദ്ദേഹം പലപ്പോഴും ക്യാമറ കൈവശം വെക്കാറുണ്ട്. മുമ്പൊരിക്കലും വിമാനത്താവളത്തിൽ കൈയിൽ ക്യാമറയുമായി ദുൽഖർ എത്തിയിരുന്നു. അന്ന് താരത്തിന്റെ കൈയിലുണ്ടായിരുന്നത് Fujifilm XT5 ആണെന്നാണ് ആരാധകർ കണ്ടെത്തിയത്. അതിന് ഒന്നര ലക്ഷം രൂപ വരെയാണ് വില.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ടോം വർഗീസും ചേർന്നാണ് 'I'm Game' നിർമിക്കുന്നത്. നഹസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാഡു ലോഹർ, ആന്റണി വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതസംവിധാനം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi