ബോക്സോഫീസുകൾ തകർത്തെറിഞ്ഞുകൊണ്ടാണ് ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' തിയേറ്ററുകളിൽ എത്തിയത്. ചിത്രീകരണ മികവുകൊണ്ടും സിനിമയിലെ സൂക്ഷ്മവിവരണം കൊണ്ടും ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ അത്തരം സൂക്ഷ്മവിവരണങ്ങൾക്കായി വൻ തുക തന്നെ മാറ്റിവെച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് നടൻ ആർ. മാധവൻ. സിനിമയിലെ അത്തരം രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും വൈറൽ മീമുകളായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

To advertise here,

"എട്ട് മണിക്കൂറോളം ദൈർഘ്യമുള്ള (ഒന്നും രണ്ടും ഭാഗം) ഇത്രയും വലിയൊരു പ്രോജക്റ്റിൽ, മനസ്സിലുള്ള ചെറിയ കാര്യങ്ങൾ പോലും ഉൾപ്പെടുത്താൻ സമയം കണ്ടെത്തുന്നത് സങ്കല്പിക്കാൻ കഴിയുമോ? സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് ഈ സൂക്ഷ്മമായ വിവരണത്തിനായി മാത്രം 10 കോടി രൂപ അധികമായി ചെലവാക്കിയെന്ന് ആരോടെങ്കിലും പറഞ്ഞാൽ, 'നിങ്ങൾക്ക് ഭ്രാന്താണോ, ഇതൊക്കെ ആര് കാണാനാണ്, ആരും ഇതൊന്നും ശ്രദ്ധിക്കില്ല' എന്നേ ചോദിക്കൂ. ഞാനാണെങ്കിലും അങ്ങനെ പറഞ്ഞേനെ," ഗ്ലൂട്ട് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ മാധവൻ പറഞ്ഞു.

സിനിമയുടെ വിജയം തനിക്ക് വലിയൊരു തിരിച്ചറിവായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രേക്ഷകരുടെ കാഴ്ചപ്പാടിനൊപ്പം വളരാൻ നമ്മുടെ സിനിമാപ്രവർത്തകർ ശ്രമിക്കണമെന്ന തന്റെ വിശ്വാസം ഇത് ഊട്ടിയുറപ്പിച്ചു. പ്രേക്ഷകർ സിനിമയിലെ ചെറിയ കാര്യങ്ങൾ പോലും കൃത്യമായി ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ വിജയം".

"Peak Detailing by Aditya Dhar" എന്നത് സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡായി മാറിയിരുന്നു. സിനിമയിലെ ചെറിയ കാര്യങ്ങൾ പോലും കൃത്യമായി അവതരിപ്പിച്ച സംവിധായകനെ പുകഴ്ത്തിക്കൊണ്ട് നിരവധിയാളുകളാണ് മീമുകൾ പങ്കുവെച്ചത്. ഇന്റർനെറ്റിലെ ഈ ട്രോളുകളും തമാശകളും താൻ ഏറെ ആസ്വദിച്ചതായി സംവിധായകൻ ആദിത്യ ധർ തന്നെ എക്സിലൂടെ (X) വ്യക്തമാക്കിയിരുന്നു. പ്രേക്ഷകർ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

രൺവീർ സിങ് നായകനായ ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തിയത്. മാധവന് പുറമേ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറ അർജുൻ, രാകേഷ് ബേദി എന്നിവരും പ്രധാന വേഷങ്ങളിലെത്തി, തിയേറ്ററുകളിൽ വൻ വിജയമാണ് ചിത്രം നേടിയത്.

ആദ്യ ഭാഗം ആഗോളതലത്തിൽ ഏകദേശം 1,300 കോടി രൂപ നേടി. രണ്ടാം ഭാഗം 1,800 കോടിയിലധികവും. ബോക്സ് ഓഫീസിൽ 1,000 കോടി തികയ്ക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി രണ്ടാം ഭാഗം മാറുകയും ചെയ്തു.

ഇന്ത്യൻ ശാസ്ത്രജ്ഞനും വ്യവസായിയുമായിരുന്ന ജി.ഡി. നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി കൃഷ്ണകുമാർ രാമകുമാർ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'ജി.ഡി.എൻ' (G.D.N.) ആണ് മാധവന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi