ഇക്കഴിഞ്ഞ ദിവസമാണ് നടൻ ധനുഷ് (Dhanush) തന്റെ 43-ാം പിറന്നാൾ ആഘോഷിച്ചത്. അതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആരാധകർ സംഘടിപ്പിച്ചത്. ചെന്നൈയിൽ ആരാധകർ നടത്തിയ രക്തദാനക്യാമ്പിൽ ധനുഷും പങ്കെടുത്തിരുന്നു. കുട്ടിക്കാലത്തെ ഓരോ ഓർമകൾ ആ പരിപാടിയിൽവെച്ച് ധനുഷ് പങ്കുവെച്ചിരുന്നു.
അതിനിടെ ഒരു ഘട്ടം വരെ തന്റെ പിറന്നാൾ തനിക്കറിയില്ലായിരുന്നുവെന്ന് ധനുഷ് പറഞ്ഞത് വലിയ ചർച്ചയാവുകയാണ്. വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും സഹപാഠികൾ ജന്മദിനം ആഘോഷിക്കുന്നത് കണ്ടപ്പോൾ, തനിക്കും അത്തരമൊരു വിശേഷദിവസം ആഘോഷിക്കണമെന്ന് ആഗ്രഹം തോന്നിയതിനെക്കുറിച്ചും താരം വിവരിച്ചു.
Also Read
''ജൂലായ് 28 എന്നത് എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു തീയതി മാത്രമാണ്. ഒരു തീയതിയും ഒരു സംഖ്യയും മാത്രം. കുട്ടിക്കാലത്ത് എന്റെ കൂട്ടുകാർ പിറന്നാൾദിനത്തിൽ നല്ല കളർഫുൾ വസ്ത്രങ്ങൾ ധരിക്കുന്നതും ചോക്ലേറ്റുകൾ വിതരണം ചെയ്യുന്നതും ഞാൻ കാണാറുണ്ടായിരുന്നു. അതൊക്കെ കാണുമ്പോൾ എനിക്കെന്തോ സ്‌പെഷലായ ഒന്നായി തോന്നുമായിരുന്നു. അതിനുശേഷണാണ് അങ്ങനെയൊരു ദിവസം തനിക്കും വേണമെന്ന് തോന്നിയത്. അങ്ങനെ സഹോദരിയോട് ആ ആഗ്രഹം പങ്കുവെച്ചു''.
തുടർന്ന് അവരാണ് മാതാപിതാക്കളോട് തന്റെ ജൻമദിനത്തെക്കുറിച്ച് ചോദിച്ചതെന്നും ധനുഷ് ഓർത്തെടുത്തു. ''അന്ന് ഞാൻ നാലാം ക്ലാസിൽ പഠിക്കുകയാണ്. ജൂലായ് 28 ആണ് എന്റെ ജൻമദിനമെന്ന് വീട്ടുകാരെന്നോട് പറഞ്ഞു. അതുവരെ ദീപാവലിക്കും പൊങ്കലിനും മാത്രമേ ഞങ്ങൾക്ക് പുതിയ വസ്ത്രങ്ങൾ ലഭിക്കാറുണ്ടായിരുന്നുള്ളൂ. അന്നത്തെ സാമ്പത്തികസ്ഥിതി അതിനുമാത്രമേ അനുവദിച്ചിരുന്നുള്ളൂ. പിന്നീട് പിറന്നാളിനും ഒരു ഡ്രസ്സ് വാങ്ങാൻ വീട്ടുകാരെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചു. ആദ്യമായി നിറമുള്ള വസ്ത്രം ധരിച്ച് ഞാൻ സ്‌കൂളിൽ പോയത് അപ്പോഴായിരുന്നു. ഞാൻ എല്ലാവർക്കും ചോക്ലേറ്റുകൾ വിതരണം ചെയ്തു; എല്ലാവരും എനിക്ക് ആശംസകൾ നേർന്നു, അങ്ങനെ ഒരു ദിവസം മുഴുവൻ ഞാൻ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നിന്നു. എന്റെ കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകളിൽ ഒന്നായി അത് ഇന്നും നിലനിൽക്കുന്നു''.
എന്നാൽ, ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കംകുറിച്ചു. ധനുഷ് വെറുതെ കഥയുണ്ടാക്കി പറയുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. പ്രശസ്തനിർമാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മക്കളിലൊരാളാണ് ധനുഷ്. എന്നിട്ടും ധനുഷിന്റെ പിറന്നാൾ ആഘോഷിക്കാതിരിക്കാൻ മാത്രം ദാരിദ്ര്യത്തിലായിരുന്നോ കുടുംബം എന്നാണ് അവർ ചോദിക്കുന്നത്. മുമ്പ് വീട്ടിൽ ഇഡ്ഡലി വാങ്ങാനായി താൻ പൂക്കൾ വിറ്റിരുന്നുവെന്ന് ധനുഷ് പറഞ്ഞതും പലരും ഓർത്തെടുത്തു.
'ധനുഷ് ഒരു കഥ പറയൽ മത്സരത്തിൽ പങ്കെടുക്കുകയാണോ, നാലാം ക്ലാസ് വരെ സ്വന്തം ജന്മദിനം ഏതാണെന്ന് ഒരാൾക്ക് അറിയില്ലായിരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുമോ?, നിങ്ങൾ കഥപറച്ചിൽ മത്സരത്തിൽ പങ്കെടുക്കുമ്പോൾ നിങ്ങളുടെ എതിരാളി ധനുഷ് അണ്ണൻ ആണെങ്കിൽ...'എക്‌സിൽ കമന്റുകൾ നിറയുന്നു. എന്നാൽ ധനുഷിനെ പിന്തുണച്ചെത്തുന്നവരുമുണ്ട്. '80-കളിലെയും 90-കളിലെയും കുട്ടികൾക്ക് പൊങ്കലിനും ദീപാവലിക്കും മാത്രമാണ് പുതുവസ്ത്രങ്ങൾ ലഭിച്ചിരുന്നത്' എന്നാണ് അവർ പറയുന്നത്. ചർച്ചകൾ തുടരുമ്പോഴും ഇതിനെക്കുറിച്ച് ധനുഷ് ഒന്നും പ്രതികരിച്ചിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhanush celebrated his 43rd birthday with fans in Chennai. The actor claimed he was unaware of his birth date until the 4th grade. Netizens are questioning the authenticity of his childhood struggle stories
Published: 30 Jul 2026, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented