ബോളിവുഡ് താരം ദീപിക പദുകോൺ രണ്ടാമതും അമ്മയാവാൻ ഒരുങ്ങുകയാണ്. എങ്കിലും വെള്ളിവെളിച്ചത്തിൽ നിന്ന് വിട്ടു നിൽക്കാനോ തന്റെ കരിയറിന്റെ വേഗത കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ലെന്ന് തെളിയിക്കുകയാണവർ. ഷാരൂഖ് ഖാനൊപ്പം 'കിങ്' എന്ന ആക്ഷൻ ചിത്രത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കി. മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ താരം വീണ്ടും ജോലിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബാംഗ്ലൂരിലെ ഒരു പരസ്യചിത്രത്തിന്റെ സെറ്റിലാണ് താരം എത്തിയത്. ചിത്രീകരണത്തിൽ നിന്നുള്ള ഒരു ബിഹൈൻഡ് ദി സീൻസ് (BTS) വീഡിയോ ഓൺലൈനിൽ ചോരുകയും, അത് ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ആരാധക കൂട്ടായ്മകളിലും അതിവേഗം പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

വൈറലായ ദൃശ്യങ്ങളിൽ, നീല നിറത്തിലുള്ള പാൻറ്സ്യൂട്ട് ധരിച്ച് തികച്ചും ആകർഷകമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ക്യാമറകൾക്ക് മുന്നിൽ ലളിതവും മനോഹരവുമായ നൃത്തച്ചുവടുകൾ ചെയ്യുന്നത് വീഡിയോയിൽ കാണാം. അവരുടെ ഷെഡ്യൂളുകൾ പിന്തുടരുന്ന വിവിധ ഫാൻ പേജുകളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, ദക്ഷിണാഫ്രിക്കയിലെ ചിത്രീകരണം പൂർത്തിയാക്കിയ ഉടൻ തന്നെ ബാംഗ്ലൂരിൽ ഈ ബ്രാൻഡ് ഷൂട്ടും പൂർത്തിയാക്കി. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്ന ദീപിക, തന്റെ കരിയറും വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

ഈ മാസമാദ്യം, ദക്ഷിണാഫ്രിക്കൻ സെറ്റുകളിൽ നിന്ന് ചോർന്ന ചില ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും ഇന്റർനെറ്റിൽ തരംഗമായിരുന്നു. പദുകോണും ഷാരൂഖ് ഖാനും ഒന്നിച്ചുള്ള, ഒരു മ്യൂസിക്കൽ സീക്വൻസ് എന്ന് തോന്നിക്കുന്ന വീഡിയോ ക്ലിപ്പുകളാണ് വൈറലായത്. 'ഓം ശാന്തി ഓം', 'ചെന്നൈ എക്സ്പ്രസ്', 'ഹാപ്പി ന്യൂ ഇയർ', 'പഠാൻ', 'ജവാൻ' എന്നിവയ്ക്ക് ശേഷം ദീപിക ഖാനൊപ്പം ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്.

രൺവീർ സിങ്ങും ദമ്പതികളുടെ മകൾ ദുവയും കേപ്ടൗണിലേക്ക് ദീപികയ്ക്കൊപ്പം യാത്ര ചെയ്തിരുന്നു. ചിത്രീകരണ വേളയിലെ ഇടവേളകളിൽ രൺവീറിനൊപ്പം സമയം ചിലവഴിക്കുന്നതും മകളെ നോക്കുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന 'കിംഗ്' നിലവിൽ ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. അഭിഷേക് ബച്ചൻ, അർഷാദ് വർസി, റാണി മുഖർജി, അനിൽ കപൂർ, ജാക്കി ഷ്രോഫ്, രാഘവ് ജുയൽ, അഭയ് വർമ്മ, ജയ്ദീപ് അഹ്‌ലാവത് എന്നിവരടങ്ങുന്ന വലിയൊരു താരനിരയാണ് ഈ ചിത്രത്തിലുള്ളത്.

ദീപിക പദുകോണിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ മറ്റൊരു വലിയ പാൻ-ഇന്ത്യൻ പ്രോജക്റ്റ് കൂടിയുണ്ട്. ഹിറ്റ് മേക്കർ അറ്റ്ലി സംവിധാനം ചെയ്യുന്ന 'രാക്ക' എന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം ദീപിക പ്രധാന വേഷത്തിൽ അഭിനയിക്കും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi