ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ് ഖാൻ. ഇക്കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ 61-ാം പിറന്നാളാഘോഷിച്ചത്. 1992-ൽ അഭിനയം തുടങ്ങിയ താരം, 34 വർഷങ്ങൾക്കിപ്പുറവും വിജയക്കുതിപ്പ് തുടരുകയാണ്. ഇത്രയും വർഷങ്ങൾക്കിടയിൽ ഒരു തവണ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും താരത്തിന് ലഭിച്ചു. 'ജവാൻ' എന്ന സിനിമയിലെ അഭിനയത്തിനാണിത്. പത്മശ്രീ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

To advertise here,

ബാസിഗർ, ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ, ദിൽ തോ പാഗൽ ഹെയ, കുച്ച് കുച്ച് ഹോതാ ഹെ, ദേവ്ദാസ്, ചക് ദേ ഇന്ത്യ, മൈ നെയിം ഈസ് ഖാൻ, കഭി ഖുഷി കഭി ഗം, മൊഹബത്തേൻ, വീർ സാറ, സ്വദേശ്, ഡോൺ, ഓം ശാന്തി ഓം, റബ് നേ ബനാ ദി ജോഡി, ദിൽവാലെ, പത്താൻ, ജവാൻ, ടൈഗർ 3...ഇങ്ങനെ എത്രയെത്ര സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖാൻ ചിത്രം 'കിങ്' ആണ്. ഈ വിജയത്തിനുപിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമുണ്ട്.

എന്നാൽ, വർഷങ്ങൾക്കിപ്പുറവും തന്റെ താരപദവി നിലനിർത്തുന്ന കിങ് ഖാൻ, തുടക്കത്തിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നതാണ് സത്യം. സിനിമയിലേക്ക് വരുന്നതിനുമുമ്പ് അദ്ദേഹം കൂടുതൽ താത്പര്യം കാണിച്ചിരുന്നത് കായികരംഗത്തോടായിരുന്നു. ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി എന്നിവയിൽ അദ്ദേഹം സജീവവുമായിരുന്നു. എന്നാൽ, നടുവിനേറ്റ പരിക്കിനെത്തുടർന്ന് കായികരംഗത്തെ തന്റെ സ്വപ്നങ്ങൾ അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് തിയേറ്ററുകളിലേക്ക് തിരിയുകയായിരുന്നു.

1994-ൽ 'ദി വീക്ക്' മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, താൻ അഭിനയരംഗത്തേക്ക് വരാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് താരം സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞു, ''ഞാൻ നന്നായി വിദ്യാഭ്യാസം നേടിയ ഒരാളാണ്. സാമ്പത്തികശാസ്ത്രമാണ് പഠിച്ചത്. അതിനുശേഷം എനിക്ക് എം.ബി.എ ചെയ്യാമായിരുന്നു. അതിനാവശ്യമായ മാർക്കുകളും എനിക്കുണ്ടായിരുന്നു. എന്നാൽ അത് വേണ്ടെന്നുവെച്ച് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന് ചേർന്നു. ഒരു പത്രത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുക എന്നത് എനിക്ക് പ്രധാനമായിരുന്നു''.

കായികരംഗത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും, പിന്നീട് എങ്ങനെ അഭിനയത്തിലേക്ക് തിരിഞ്ഞു എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു, ''ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി എന്നിവയിൽ ഞാൻ മിടുക്കനായിരുന്നു. സംസ്ഥാനതലത്തിൽ വരെ കളിച്ചിട്ടുണ്ട്. എന്നാൽ നടുവിന് പരിക്കേറ്റതോടെ ആ വഴി അടഞ്ഞു. അങ്ങനെയാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. സ്‌കൂൾ കാലഘട്ടം മുതലേ ഞാൻ അഭിനയിക്കാറുണ്ടായിരുന്നു. കാലക്രമേണ, ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സർഗ്ഗാത്മക മേഖല എന്ന് എനിക്ക് ബോധ്യപ്പെട്ടു. എനിക്ക് അല്പസ്വല്പം എഴുതാനും അറിയാം. ഏകദേശം ആറ് വർഷത്തോളം, സെമി-പ്രൊഫഷണൽ തലത്തിൽ ധാരാളം നാടകങ്ങളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരമൊരു മേഖലയിൽത്തന്നെ തുടരുക എന്നത് എനിക്ക് പ്രധാനമായിരുന്നു. 'രാംലീല'യിൽ ഒരു കുരങ്ങന്റെ വേഷം ചെയ്തുകൊണ്ടാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്. എനിക്കിത് എപ്പോഴും വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ഒരു നടൻ എന്ന് പറയുന്നത്, മുതിർന്ന ഒരു കുട്ടിയെപ്പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ട്, ഞാൻ ഇപ്പോഴും എന്റെ കുട്ടിക്കാലം ജീവിച്ചുതീർക്കുകയാണ്. ജീവിതകാലം മുഴുവൻ ഒരു കുട്ടിയായിരിക്കാൻ കഴിയുക എന്നത് ഏറ്റവും വലിയ അനുഗ്രഹമാണ്'', ഷാരൂഖ് കൂട്ടിച്ചേർത്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi