
ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതു മുതലാണ് ഒരു അമ്മയുടെ യാത്ര ആരംഭിക്കുന്നത്. ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങൾ ഈ യാത്രയിൽ സ്ത്രീ നേരിടുന്നു. പ്രസവപ്രക്രിയയെ നാല് ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്; ഇതിനെയാണ് 'സ്റ്റേജസ് ഓഫ് ലേബർ' (Stages of Labour) എന്ന് പറയുന്നത്. ഈ ഘട്ടങ്ങളിലെല്ലാം കുഞ്ഞിനോടൊപ്പം അമ്മയുടെ പരിചരണവും മുഖ്യമാണ്. നമ്മുടെ ആരോഗ്യപാരമ്പര്യത്തിൽ വളരെ വർഷങ്ങൾക്കു മുമ്പുതന്നെ ഗർഭിണീപരിചരണം പാലിച്ചുപോരുന്നുണ്ട്. ആയുർവേദത്തിന്റെ സുരക്ഷ ഇന്ന് പ്രസവപൂർവ്വ ഘട്ടം (പ്രീനേറ്റൽ ഫേസ്) മുതൽ തന്നെ ഒരു അമ്മയ്ക്ക് ലഭിച്ചുപോരുന്നു.
പ്രസവശേഷമുള്ള ആദ്യ 45 ദിനങ്ങളെയാണ് ആയുർവേദത്തിൽ സൂതികാപരിചരണ കാലം എന്ന് പറയുന്നത്. പ്രസവാനന്തര കാലഘട്ടത്തിൽ വയറ് ശൂന്യമാകുന്നതിനാൽ വാതം അധികരിക്കാൻ സാധ്യതയുണ്ട്. അസ്ഥികളുടെ സാന്ദ്രത വീണ്ടെടുക്കുന്നതിനും ഓജസ്സ് പുനഃസ്ഥാപിക്കുന്നതിനും മുലയൂട്ടൽ സുഗമമാക്കുന്നതിനും ജീവിതകാലം മുഴുവൻ സ്ത്രീകളെ ബാധിച്ചേക്കാവുന്ന പ്രസവാനന്തര വിഷാദം, സന്ധിവേദന, മുടികൊഴിച്ചിൽ, ബലഹീനത എന്നിവ തടയുന്നതിനും അമ്മയ്ക്ക് ചിട്ടയായ ബൃംഹണ (പോഷിപ്പിക്കുന്ന) പരിചരണം ആവശ്യമാണ്.
എല്ലാ സ്ത്രീകൾക്കും ഒരേ രീതിയിലുള്ള പ്രസവരക്ഷയല്ല ആയുർവേദം നിഷ്‌കർഷിക്കുന്നത്. ഗർഭധാരണ രീതി (സ്വാഭാവികമായി ഉണ്ടായത്/വന്ധ്യതാ ചികിത്സയ്ക്കു ശേഷം), പ്രസവകാല രോഗങ്ങൾ, മാസം തികയാതെയുള്ള പ്രസവം, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, സുഖപ്രസവം അല്ലെങ്കിൽ സി-സെക്ഷൻ എന്നിങ്ങനെ ഓരോ സ്ത്രീയുടെയും പ്രസവസാഹചര്യങ്ങൾക്കനുസൃതമായാണ് ആയുർവേദം സൂതികാപരിചരണം നിഷ്‌കർഷിക്കുന്നത്.
എന്താണ് ആയുർവേദ സൂതികാപരിചരണം
ആയുർവേദ സൂതികാപരിചരണത്തെ നമുക്ക് അഞ്ചായി തിരിക്കാം:
Also Read
1. ആഹാരം 2. വിശ്രമം 3. വ്യായാമം 4. ഔഷധം 5. ആയുർവേദ സൂതികാചികിത്സയും വേതുകുളിയും
ആഹാരം
ദഹനശക്തി കുറയാൻ സാധ്യതയുള്ളതിനാൽ പ്രസവിച്ച് 12 ദിവസംവരെ മത്സ്യമാംസാദികൾ ഒഴിവാക്കണമെന്നാണ് ആയുർവേദം നിർദ്ദേശിക്കുന്നത്. മലബന്ധമുണ്ടാക്കാവുന്ന ആഹാരങ്ങൾ ഒഴിവാക്കി ധാരാളം നാരുകളടങ്ങിയ പച്ചക്കറികൾ, പഴവർഗങ്ങൾ, ഇലക്കറികൾ എന്നിവ ശീലിക്കണം. എരിവും പുളിയും അധികമുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ആഹാരങ്ങളും തിളപ്പിക്കാത്ത വെള്ളവും ഉപയോഗിക്കരുത്. ജീരകം, ചുക്ക്, മല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
പാൽക്കഞ്ഞി, ഉലുവ-ജീരകക്കഞ്ഞി, ഇലക്കറികൾ, മുരിങ്ങയിലത്തോരൻ, ചുക്കും ചക്കരയും ചേർത്ത പ്രയോഗങ്ങൾ, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവയുടെ പ്രയോഗങ്ങൾ, ചൂടുകഞ്ഞിയിൽ അല്പം നെയ്യും പഞ്ചകോലചൂർണ്ണവും കുറഞ്ഞ മാത്രയിൽ ചേർത്ത് നൽകുന്നതും ഉത്തമമാണ്. അമ്മയുടെ ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് അടിസ്ഥാനമെന്നതിനാൽ പോഷകസമൃദ്ധമായ ആഹാരം വിശപ്പിനനുസരിച്ച് ആവശ്യത്തിന് കഴിക്കണം.
വിശ്രമം
ആഹാരം, ഔഷധം എന്നിവപോലെതന്നെ പ്രധാനപ്പെട്ടതാണ് അമ്മയുടെ വിശ്രമവും. പ്രസവശേഷമുണ്ടാകുന്ന സന്ധിവേദന, നടുവേദന, അതിയായ ക്ഷീണം എന്നിവ പരിഹരിക്കാൻ മതിയായ വിശ്രമം അത്യാവശ്യമാണ്.
വ്യായാമം
പ്രസവാനന്തരം ഒരു മാസത്തിനുശേഷം ശരീരബലം അനുസരിച്ച് മിതവും ആയാസരഹിതവുമായ വ്യായാമം ശീലിക്കാവുന്നതാണ്. അസ്ഥികളുടെയും മാംസപേശികളുടെയും ഉറപ്പിന് വ്യായാമം ഉത്തമമാണ്. ഇടുപ്പുഭാഗത്തിനുള്ള വ്യായാമങ്ങൾ ആരോഗ്യസ്ഥിതി അനുസരിച്ച് നേരത്തേ തുടങ്ങാവുന്നതാണ്. മാറിവരുന്ന ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പ്രസവാനന്തര രോഗങ്ങളെ ചെറുത്തുനിൽക്കാനും ആയാസരഹിതമായ വ്യായാമങ്ങൾ ഏറെ സഹായകമാണ്.
ഔഷധം
വാതവികാരങ്ങൾ ശമിക്കുന്നതിനും ഗർഭാശയത്തിനും അനുബന്ധ പേശികൾക്കും അസ്ഥികൾക്കും സന്ധികൾക്കും ബലമുണ്ടാകുന്നതിനും ഉതകുന്ന ഔഷധപ്രയോഗങ്ങൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. ഉലുവക്കഞ്ഞി, ഉള്ളിലേഹ്യം, ജീരകക്കഞ്ഞി, ധാന്വന്തരം കഷായം, രാസ്‌നാദി കഷായം, മർമ്മ കഷായം, ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, തെങ്ങിൻപൂക്കുലാദി ലേഹ്യം, പഞ്ചജീരകഗുഡം തുടങ്ങിയവ ഈ കാലഘട്ടത്തിൽ ഉപയോഗിക്കാവുന്ന ചില ഔഷധങ്ങളാണ്.
ആയുർവേദ സൂതികാചികിത്സയും വേതുകുളിയും
പ്രസവരക്ഷ തുടങ്ങുന്ന ദിവസം മുതൽ തന്നെ വേതുകുളി ആരംഭിക്കാവുന്നതാണ്. ധാന്വന്തരം തൈലം, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം, പിണ്ഡതൈലം, ധാന്വന്തരം കുഴമ്പ് എന്നിവയിലേതെങ്കിലും ഒന്ന് അവസ്ഥാനുസരണം ദേഹത്ത് പുരട്ടാൻ ഉപയോഗിക്കാം. വാതംകൊല്ലിയില, കരിനൊച്ചിയില, ആവണക്കില, പുളിയില, ദശമൂലം, നാൽപ്പാമരപ്പട്ട തുടങ്ങിയവയിൽ യുക്തമായവ ഇട്ട് തിളപ്പിച്ച വെള്ളം സഹിക്കാവുന്ന ചൂടിൽ കുളിക്കാൻ ഉപയോഗിക്കാം. ഇത് പ്രസവാനന്തരം ശരീരത്തിലുണ്ടാകുന്ന നീർദോഷങ്ങളെ കുറയ്ക്കുകയും അസ്ഥി, സന്ധി, പേശീ വേദനകൾക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.
വേതുകുളിയോടൊപ്പം സൂതികയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് അഭ്യംഗം, വിവിധതരം കിഴികൾ, ധാരകൾ എന്നിവയെല്ലാം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാവുന്നതാണ്.
പ്രസവരക്ഷാരീതികൾ ശാസ്ത്രീയമായി പിന്തുടരുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുകയും അമ്മ കൂടുതൽ പ്രസന്നവതിയാകുകയും ചെയ്യും. വർഷങ്ങളായി നമ്മൾ ചെയ്തുപോരുന്ന ഒരു ശുശ്രൂഷയാണ് ആയുർവേദത്തിലെ സൂതികാചികിത്സ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Comprehensive postnatal care (Suthika Paricharyam) focuses on the first 45 days after delivery., Ayurvedic care includes tailored diet, proper rest, mild exercises, specific medicines, and herbal baths (Vethukuli)., Helps restore bone density, prevent postpartum depression, joint pain, hair fall, and general weakness., Treatment methods are customized based on individual delivery conditions and health status.
Published: 23 Nov 2026, 06:00 pm IST
ABOUT THE AUTHOR
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented