ഒരുകാലത്തെ സൂപ്പർതാരമായിരുന്നു സോണി റസ്ദാൻ. ഇംഗ്ലണ്ടിലെ ബെർമിങ്ഹാമിലാണ് ജനിച്ചത്, വളർന്നത് മുംബൈയിലും. ബോളിവുഡിൽ സഹതാരമായിട്ടാണ് അവർ അഭിനയം തുടങ്ങിയത്. അതിനൊപ്പം അപർണ സെൻ, ശ്യാം ബെനഗൽ തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു. 1986-ലാണ് സംവിധായകൻ മഹേഷ് ഭട്ടുമായുള്ള വിവാഹം. പിന്നാലെ മക്കളായ ഷഹീൻ ഭട്ട്, ആലിയ ഭട്ട് എന്നിവരുടെ ജനനം. കുടുംബത്തിനൊപ്പം തന്നെ കരിയറിനും അവർ പ്രാധാന്യം നൽകി. അവസാനമായി തിയേറ്ററുകളിലെത്തിയ അവരുടെ സിനിമ 'സോങ്‌സ് ഓഫ് പാരഡൈസ്' ആണ്. 'ഷക്: ട്രസ്റ്റ് നോ വൺ' എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലും അവർ അഭിനയിച്ചിട്ടുണ്ട്.
സിനിമയിലും ടെലിവിഷൻ പ്രോജക്റ്റുകളിലും ജോലി ചെയ്യുന്നതിനിടയിലാണ് താൻ ഗർഭിണിയാണെന്ന കാര്യം തിരിച്ചറിഞ്ഞതെന്ന് സോണി റസ്ദാൻ വെളിപ്പെടുത്തുകയാണിപ്പോൾ. മഹേഷ് ഭട്ടിന്റെ 1993-ലെ 'ഗുംറ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ, തന്റെ ഇളയ മകളായ ആലിയ ഭട്ടിനെ ഗർഭം ധരിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
'സ്‌ക്രീൻ' എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തന്റെ ഗർഭകാലത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ സോണി പങ്കുവെച്ചു. ആ സമയത്ത് സഹപ്രവർത്തകരും സിനിമാ അണിയറപ്രവർത്തകരും തനിക്ക് നൽകിയ പിന്തുണയെക്കുറിച്ചും അനുസ്മരിച്ചു.
രമേഷ് സിപ്പിയും ജ്യോതി സ്വരൂപും ചേർന്ന് സംവിധാനം ചെയ്ത, 1986-ൽ സംപ്രേഷണം ചെയ്ത 'ബുനിയാദ്' എന്ന പരമ്പരയിലൂടെയാണ് സോണി ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്നത്. ഈ പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് താൻ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നതെന്നും അവർ വെളിപ്പെടുത്തി.
''ബുനിയാദ് എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടയിലാണ് ഞാൻ ആദ്യമായി ഗർഭിണിയായത്. സിപ്പി കുടുംബം എന്നോട് വളരെ നന്നായിട്ടാണ് പെരുമാറിയത്. അന്ന് ലോഖണ്ഡ്വാല കോംപ്ലക്സിലെ വളരെ ഉൾപ്രദേശത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. രാവിലെ ഷൂട്ടിങ്ങിന് പോകാൻ ഒരു ടാക്‌സി പോലും കിട്ടാൻ പ്രയാസമുള്ള സ്ഥലമായിരുന്നു അത്. എനിക്ക് സ്വന്തമായി കാറുമില്ലായിരുന്നു. രാവിലെ ആറ് മണിക്ക് യാത്രയ്ക്കായി വാഹനം കണ്ടെത്തേണ്ടി വരുന്നതിന്റെ സമ്മർദ്ദം ഒഴിവാക്കാൻ അവർ എനിക്കായി ഒരു കാർ അയച്ചുതരുമായിരുന്നു. അക്കാലത്ത് ലോഖണ്ഡ്വാല ഒട്ടും വികസിച്ചിരുന്നില്ല. ഷൂട്ടിങ് സെറ്റിൽ പോലും, എനിക്ക് ഏറ്റവും മികച്ച മുറി നൽകുകയും എന്നെ നന്നായി പരിപാലിക്കുകയും ചെയ്തു'', സോണി ഓർത്തെടുത്തു.
എന്നാൽ, 'ഗുംറ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അവർ ആലിയയെ ഗർഭം ധരിക്കുന്നത്. പക്ഷേ താൻ ഗർഭിണിയാണെന്ന് അവർ അറിഞ്ഞിരുന്നില്ല. ''അതിൽ പുകവലിക്കുന്ന രംഗമുണ്ടായിരുന്നു. ആ സീൻ ചിത്രീകരിക്കുമ്പോൾ, ഒരു ദിവസം കൊണ്ട് ഞാൻ ഏകദേശം നൂറോളം സിഗരറ്റുകൾ വലിച്ചിട്ടുണ്ടാകും. അന്ന് ആലിയ എന്റെ ഉള്ളിലുണ്ടായിരുന്നു എന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല. സാധാരണയായി ഞാൻ പുകവലിക്കാറില്ല. പക്ഷേ അതിനുശേഷം എനിക്ക് സിഗരറ്റ് വലിക്കാൻ വല്ലാത്ത ആഗ്രഹം തോന്നിത്തുടങ്ങി'', സോണി കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Soni Razdan shared details about her pregnancies during a recent interview., She smoked nearly 100 cigarettes for a scene in the 1993 film 'Gumrah' without knowing she was pregnant with Alia Bhatt.
Published: 16 Nov 2026, 11:02 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented