ഏറെ നാളത്തെ പ്രണയത്തിന്ശേഷമാണ് നടി അതിയ ഷെട്ടിയും, ക്രിക്കറ്റ് താരം കെഎൽ രാഹുലും വിവാഹിതരായത്. ഇവരുടെ വിവാഹവും പ്രണയവുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമായിരുന്നു. ഇപ്പോഴിതാ രാഹുലിന്റെ 34-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അതിയ ഷെട്ടി. ഇൻസ്റ്റഗ്രാമിലൂടെയാണ് ആതിയ തന്റെ പ്രിയതമന് ആശംസകൾ നേർന്നത്.

To advertise here,

വിവാഹം മുതൽ മാതാപിതാക്കളായതു വരെയുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അതിയ കുറിപ്പ് എഴുതിയത്. "ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ടവനേ, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു" എന്ന് ആതിയ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഇരുവരും ഒന്നിച്ചു ടാറ്റൂ ചെയ്യ്ത ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.

2019 ജനുവരിയിൽ ഒരു പൊതു സുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടുന്നത്. ഉടൻ തന്നെ അവർ അടുത്ത സുഹൃത്തുക്കളായി മാറുകയും പ്രണയത്തിലാവുകയും ചെയ്തു. ഏതാനും വർഷത്തെ പ്രണയത്തിന് ശേഷം 2023-ൽ ഇവർ വിവാഹിതരായി. അതിയയുടെ പിതാവ് സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ.

കഴിഞ്ഞ വർഷമാണ് രാഹുലിനും ആതിയയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. ദൈവത്തിന്റെ സമ്മാനം എന്നർത്ഥമുള്ള 'ഇവാറ' എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. (ഇവാറ വിപുല രാഹുൽ).

'വിപുല' എന്നത് അതിയയുടെ മുത്തശ്ശിയോടുള്ള ആദരസൂചകമായി ചേർത്തതാണ്. രാഹുലിന്റെ 33-ാം ജന്മദിനത്തിലാണ് അവർ മകളുടെ പേര് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

'ഹീറോ', 'മുബാറകൻ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അതിയയെ അവസാനമായി കണ്ടത് നവാസുദ്ദീൻ സിദ്ദിഖി നായകനായ 'മോത്തിച്ചൂർ ചക്നാച്ചൂർ' എന്ന സിനിമയിലാണ്. ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ വിവാഹം കഴിച്ച് വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഭോപ്പാൽ സ്വദേശിയായ അനിത എന്ന കഥാപാത്രത്തെയാണ് അതിയ ഇതിൽ അവതരിപ്പിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi