രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ള പ്രോട്ടീൻ സപ്ലിമെന്റുകളുടെ സുരക്ഷയും ശുദ്ധതയും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റ് ഡോ. പൂജ റെഡ്ഡി. 70 ശതമാനം പ്രോട്ടീൻ പൗഡറുകളും (protein powder) വ്യാജമാണെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അവർ പറഞ്ഞത്. ഇന്ത്യയിലെ 36 പ്രമുഖ പ്രോട്ടീൻ സപ്ലിമെന്റുകൾ പരിശോധനയ്ക്കു വിധേയമാക്കിയ ഒരു പഠനം ചൂണ്ടിക്കാട്ടിയാണ് അവരുടെ പ്രസ്താവന.

To advertise here,

പോഷകമൂല്യത്തിന്റെ അഭാവം, വിഷവസ്തുക്കളുടെ സാന്നിധ്യം കൂടുതൽ എന്നിവയാണ് പ്രധാനപ്രശ്നം. ലേബലുകളിൽ പലതും തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവർ പറയുന്നു.

"70 ശതമാനവും തെറ്റായി ലേബൽ ചെയ്തവയാണ്. 14 ശതമാനത്തിൽ ഹെവി മെറ്റലുകൾ, ഫംഗൽ ടോക്സിനുകൾ, അല്ലെങ്കിൽ കീടനാശിനി അവശിഷ്ടങ്ങൾ എന്നിവ അടങ്ങിയിരുന്നു. കൂടുതൽ ആരോഗ്യവാന്മാരാകാൻ നിങ്ങൾ പ്രോട്ടീനെ വിശ്വസിക്കുന്നു, പക്ഷേ നിങ്ങളുടെ ശരീരം അത് കൈകാര്യം ചെയ്യാൻ പാടുപെടുന്നുണ്ടാവാം - പ്രോട്ടീൻ മോശമായതുകൊണ്ടല്ല, മറിച്ച് അതിനെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ ദിനചര്യ പൂർണമല്ലാത്തതുകൊണ്ടാണ്."-അവർ പറഞ്ഞു.

പലരും മോശം ശീലങ്ങളിലൂടെ അവരുടെ ആരോഗ്യം സ്വയം നശിപ്പിക്കുകയാണ്, പൊടി പേശികളാക്കിമാറ്റുന്ന ഒരു ലളിതമായ യന്ത്രമല്ല മനുഷ്യശരീരം-അവർ പറഞ്ഞു. ഫിറ്റ്നസ് പ്രേമികളുടെ ദിനചര്യയിലെ മൂന്ന് പ്രധാനവീഴ്ചകളെപ്പറ്റിയും അനുബന്ധ വീഡിയോയിൽ, അവർ വ്യക്തമാക്കി. 

1. നിർജ്ജലീകരണം: "നിങ്ങൾ രണ്ട് സ്ക്കൂപ്പ് വേ പ്രോട്ടീൻ കഴിക്കും, പക്ഷേ വെറും രണ്ട് ഗ്ലാസ് വെള്ളം മാത്രമേ പലപ്പോഴും കുടിക്കൂ. പ്രോട്ടീൻ ശരീരത്തിൽ പ്രവർത്തിക്കാൻ വെള്ളം ആവശ്യമാണ്. അത് കിട്ടിയില്ലെങ്കിൽ വൃക്കകൾ അധികമായി പ്രവർത്തിക്കേണ്ടി വരും."

2. നാരുകളുടെ അഭാവം: "100 ഗ്രാം പ്രോട്ടീൻ കഴിക്കുമ്പോഴും നാരുകൾ തീരെ ഭക്ഷണത്തിൽ  ഉൾപ്പെടുത്തുന്നില്ല. ഇത് പ്രോട്ടീൻ നിങ്ങളുടെ കുടലിൽ ദഹിക്കാതെ കിടക്കുന്നതിന് കാരണമാകും"

3. ഇൻഫ്ലുവൻസർമാരുടെ കാൽക്കുലേറ്ററുകൾ പിന്തുടരുന്നതും ദോഷം ചെയ്യും.

പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉണ്ടെങ്കിൽ, ഏതെങ്കിലും സപ്ലിമെന്റ് ആരംഭിക്കുന്നതിന് മുമ്പ് വൃക്കകളുടെ പ്രവർത്തന പരിശോധിക്കണമെന്നും അവർ പറഞ്ഞു. കുറഞ്ഞത് 3 ലിറ്റർ വെള്ളം കുടിക്കണമെന്നും എല്ലാ ഭക്ഷണത്തോടൊപ്പവും നാരുകൾ കഴിക്കണമെന്നും അവർ പറയുന്നു.

(ശ്രദ്ധിക്കുക: ഇതൊരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമുള്ളതല്ല. ഈ റിപ്പോർട്ട് സോഷ്യൽ മീഡിയാ ഉപയോക്താവിന്റെ ഉള്ളടക്കം മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.) 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi