ഗോവിന്ദയും സുനിത അഹൂജയും തമ്മിലുള്ള ദാമ്പത്യബന്ധം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഗോവിന്ദയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുനിത നേരത്തേ രംഗത്തെത്തിയിരുന്നു. നടന്റെ ‘രൂപ’ എന്ന ചിത്രത്തിലെ സഹതാരമായ കോമൾ റാണി സ്വർണകറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ഭാര്യ സുനിത അഹൂജയുടെ അവിശ്വസ്തതാ ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തനിക്കെതിരെ സുനിത ഉന്നയിക്കുന്ന ആരോപണങ്ങൾക്കു പിന്നിൽ മറ്റാരുടെയോ സ്വാധീനമുണ്ടെന്ന് സൂചിപ്പിച്ച താരം, ഈ ഘട്ടത്തിലും ഭാര്യയെ അപമാനിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. എബിപി ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദ തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റൊരാളെ നാണംകെടുത്തുന്ന തരത്തിൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് തന്റെ സ്വഭാവമല്ലെന്ന് താരം പറഞ്ഞു.
“ഏഴ്, എട്ട് വർഷം മുൻപുതന്നെ ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരുമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഞാൻ അതേ ചക്രത്തിൽപ്പെട്ടിരിക്കുകയാണ്. മോശം പ്രതിച്ഛായ എപ്പോഴും എന്റെ പേരിനൊപ്പമുണ്ടായിരുന്നു. ഒരുനാൾ ഞാൻ അവരെ വഞ്ചിക്കുമെന്ന് വർഷങ്ങളായി ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെയും സുനിതയെയും ഉൾപ്പെടുത്തി ആരോ ഒരു കളി നടത്തുകയാണ്”, ഗോവിന്ദ പറഞ്ഞു.
Also Read
സുനിതയെ ആരോ സ്വാധീനിക്കുന്നുണ്ടെന്ന സൂചനയും താരം നൽകി. എന്നാൽ, ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയില്ല. തന്നെ സ്വാധീനിക്കുന്നവർ പിന്മാറുന്നതുവരെ സുനിതയുടെ ആരോപണങ്ങളോട് നേരിട്ട് പ്രതികരിക്കുന്നത് ഒഴിവാക്കുമെന്നാണ് ഗോവിന്ദയുടെ നിലപാട്.
“എന്നെ സ്വാധീനിക്കുന്നവർ മടുക്കുന്നതുവരെ ഞാൻ അവളുടെ ആരോപണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറും. അപ്പോഴായിരിക്കും അവർ ഗോവിന്ദയോട് കളിച്ചത് തെറ്റായിപ്പോയെന്ന് തിരിച്ചറിയുക. കയ്പ്പിൽനിന്ന് മധുരമുണ്ടാകില്ല. ഈ ഘട്ടം കഴിഞ്ഞാൽ ഞാൻ മാന്യമായി പെരുമാറിയെന്ന് ആളുകൾ പറയും. അവരുടെ കെണിയിൽ ഞാൻ വീഴില്ല”, താരം പറഞ്ഞു.
ഭിന്നതകൾ നിലനിൽക്കുമ്പോഴും സുനിതയുടെ ജീവിതത്തിലെ സംഭാവനകളെ അംഗീകരിക്കുന്ന നിലപാടാണ് ഗോവിന്ദ സ്വീകരിച്ചത്. ഭാര്യയെ അപകീർത്തിപ്പെടുത്താൻ താൽപര്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
1987-ലാണ് ഗോവിന്ദയും സുനിത അഹൂജയും വിവാഹിതരായത്. ഇവർക്ക് ടീന, യശ്വർധൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദാമ്പത്യത്തിലെ പ്രശ്നങ്ങളും ഗോവിന്ദയുടെ വിവാഹേതരബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും അടുത്തിടെ വീണ്ടും ചർച്ചയായിരുന്നു.
ഗണേശ ചതുർഥി ആഘോഷത്തിനിടെ മുംബൈയിലെ ലാൽബാഗ്ച രാജ പന്തലിൽ ഗോവിന്ദയ്ക്കൊപ്പം കോമൾ റാണി സ്വർണകറും എത്തിയിരുന്നു. അതേദിവസം നേരത്തേ സുനിതയും പന്തലിൽ എത്തിയെങ്കിലും തനിച്ചായിരുന്നു സന്ദർശനം. ഇതിനു പിന്നാലെ ഗോവിന്ദയും കോമളും ഒന്നിച്ചുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. എന്നാൽ, ഗോവിന്ദയും കോമളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും സുനിതയുടെ ആരോപണങ്ങൾക്കും പിന്നാലെ ഉയർന്ന വിവാദങ്ങൾക്കുമിടയിൽ, ആരോപണങ്ങൾ നിഷേധിക്കുകയോ വിശദമായി പ്രതികരിക്കുകയോ ചെയ്യാതെ തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം ഇപ്പോൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 26 Oct 2026, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented