ബോളിവുഡിൽ ഏറെ കോളിളക്കമുണ്ടാക്കിയ, ചർച്ച ചെയ്യപ്പെട്ട പ്രണയമാണ് ഐശ്വര്യ റായ്‌യും സൽമാൻ ഖാനും തമ്മിലുണ്ടായിരുന്നത്. 'ഹം ദിൽ ദേ ചുകേ സനം' എന്ന സിനിമയുടെ സെറ്റിൽ വെച്ചു തുടങ്ങിയ പ്രണയം, രണ്ടുപേരുടെയും ജീവിതത്തെ ആകെ മാറ്റിമറിച്ചു.

രണ്ടുവർഷത്തോളം നീണ്ടുനിന്ന പ്രണയം ഏറ്റവും മോശമായിട്ടാണ് അവസാനിച്ചതും. പക്ഷേ, അത് സൽമാന് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഐശ്വര്യ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിലെത്തിയും സൽമാൻ ശല്യം തുടർന്നു.

സൽമാൻ ഖാൻ പല അഭിമുഖങ്ങളിലും ഐശ്വര്യയോടുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്നുസംസാരിച്ചിട്ടുണ്ട്. ആ വേർപിരിയലിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ, ''സൽമാനും ഞാനും പിരിഞ്ഞത് അദ്ദേഹത്തിന് ഇപ്പോഴും അംഗീകരിക്കാൻ കഴിയുന്നില്ല. എന്നെ വിളിച്ച് പല മോശം കാര്യങ്ങളും പറഞ്ഞു. പല നടൻമാരുമായി എനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞുപരത്തി''. ഇങ്ങനെ വളരെ അപൂർവമായി മാത്രമേ ഐശ്വര്യ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുള്ളൂ.

അതിനെക്കുറിച്ച് ഒരഭിമുഖത്തിൽ ആഷ് തുറന്നുസംസാരിച്ചിരുന്നു. സിമി ഗരേവാളുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. സൽമാൻ ഖാനുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാതിരുന്നതിന്റെ കാരണം ഐശ്വര്യ റായ് വിശദീകരിച്ചു. ''സൽമാനുമായുള്ള ആ സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായി തിരിഞ്ഞുനോക്കാൻ നിങ്ങൾക്ക് കഴിയുമോ?'' എന്ന് ഐശ്വര്യ റായ്‌യോട് സിമി ചോദിച്ചു. ''ഞാനതിനെ മനഃപൂർവ്വം ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. അതിനെക്കുറിച്ച്, പ്രത്യേകിച്ച് ഒരു പൊതുവേദിയിൽ വെച്ച്, ഒട്ടും ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കതിനോട് ഒട്ടും താത്പര്യമില്ല'', എന്നാണ് ഐശ്വര്യ മറുപടി നൽകിയത്.

ആ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് വികാരങ്ങൾ തോന്നുന്നുണ്ടോ എന്ന് സിമി ചോദിച്ചു. ''എന്റെ ഉള്ളിലെ ആ പഴയ ഭാരങ്ങളെല്ലാം ഞാൻ ഉപേക്ഷിച്ചുകഴിഞ്ഞു. അതൊക്കെ കഴിഞ്ഞുപോയ കാര്യമാണ്. അത് അവിടെത്തന്നെ വിടേണ്ടതാണ്'', ഐശ്വര്യ ഉറപ്പിച്ചുപറഞ്ഞു.

അതൊരു പഴയ കാര്യമാണെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ നിങ്ങൾ വിസമ്മതിക്കുന്നത് എന്ന് സിമി വീണ്ടും ചോദിച്ചു. ''ഞാൻ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കാൻ തീരുമാനിച്ചത്, ഞാൻ ഒറ്റയ്ക്കല്ല ജീവിക്കുന്നത് എന്നതുകൊണ്ടാണ്. 'ഞാൻ, എനിക്ക്, എന്റേത്' എന്ന രീതിയിൽ മാത്രം ചിന്തിച്ച് ജീവിക്കുന്ന ഒരാളല്ല ഞാൻ. എന്റെ കൂടെ എന്റെ കുടുംബവും പ്രിയപ്പെട്ടവരും, ഞാൻ ഏറെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളുകളുമുണ്ട്. അതുകൊണ്ട് സ്വാഭാവികമായും അവിടെ ഒരു അതിർവരമ്പുണ്ട്. ഞാനത് നിഷേധിക്കുന്നില്ല'', ഐശ്വര്യ തന്റെ നിലപാട് വ്യക്തമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi