ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ദേശീയ ടീമിലെ കളിക്കാര്‍ക്കിടയില്‍ ഏറ്റവും ഫിറ്റ്‌നെസുള്ള താരങ്ങളിലൊരാളാണ് കെ.എല്‍. രാഹുല്‍. ഹ്യൂമണ്‍സ് ഓഫ് ബോംബെയ്ക്ക്‌വേണ്ടി ജതിന്‍ സപ്രുവുമായി നടത്തിയ സംഭാഷണത്തില്‍, താരം തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. തന്റെ ഭക്ഷണരീതി വളരെ ലളിതവും ചിട്ടയോടുമുളളതാണെന്നും, അളവ് നിയന്ത്രിച്ചാണ് ഭക്ഷണം കഴിക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

To advertise here,

മംഗലാപുരത്തെ തന്റെ കുട്ടിക്കാലം മുതല്‍ക്കേ പ്രാദേശിക വിഭവങ്ങളായ നീര്‍ദോശ, ബിരിയാണി തുടങ്ങിയവയായിരുന്നു ഇഷ്ട ഭക്ഷണം. ഇന്ത്യയില്‍ പരിശീലിക്കുമ്പാഴും വിദേശത്ത് മത്സരങ്ങള്‍ക്കായി പോകുമ്പോഴും ഭക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം, കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. “പഞ്ചസാര പരമാവധി ഒഴിവാക്കുന്നു, ഗോതമ്പിന്റെ അളവ് പരിമിതപ്പെടുത്തുന്നു, കൂടാതെ ദിവസേനയുളള കലോറി ഉപഭോഗത്തില്‍ ശ്രദ്ധിക്കും. പിസ്സ പോലുള്ള ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം അത്തരം ഭക്ഷണങ്ങള്‍ കലോറി കണക്കാക്കിയാണ് കഴിക്കുന്നത്” അദ്ദേഹം പറയുന്നു.

താരത്തിന്റെ ദൈനംദിന ഭക്ഷണക്രമത്തിന് വ്യക്തമായ ഘടനയുണ്ട്. “വീട്ടിലായിരിക്കുമ്പോള്‍, ആഴ്ചയില്‍ ആറു ദിവസവും ദോശയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്. അതിനോടൊപ്പം ഇഷ്ടമുള്ള രീതിയില്‍ തയ്യാറാക്കിയ നാല് മുട്ടകളും ഉണ്ടാകും. ഓംലെറ്റ് മുതല്‍ ബുര്‍ജിവരെയുള്ള പലതരം വിഭവങ്ങള്‍.”

“എന്നെ സംബന്ധിച്ചിടത്തോളം, പ്രഭാതഭക്ഷണങ്ങളിലെ കാര്‍ബോഹൈഡ്രേറ്റിന്റെ ഉറവിടം ദോശയാണ്. വിദേശത്തായിരിക്കുമ്പോള്‍, കൂടുതല്‍ വിശപ്പുണ്ടെങ്കില്‍ ചിലപ്പോള്‍ ഗ്ലൂട്ടന്‍ ഫ്രീ ടോസ്റ്റ് കഴിക്കും. പ്രഭാതഭക്ഷണത്തോടൊപ്പം പ്രോട്ടീന്‍ ഷേക്ക് കഴിക്കും. അതിൽ ബെറീസ്, പഴങ്ങള്‍, നട്‌സുകള്‍, മറ്റ് ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയും ചേര്‍ക്കാറുണ്ട്. ഈ കോമ്പിനേഷന്‍ ലളിതമാണെങ്കിലും സ്ഥിരമായി ചെയ്യാറുണ്ട്,” അദ്ദേഹം വിവരിച്ചു.

സ്ഥിരമായ യാത്രകളുണ്ടെങ്കിലും, താന്‍ ഒരിക്കലും തെറ്റിക്കാത്ത ഒരു നിയമമുണ്ട്. ലോകത്ത് എവിടെയായിരുന്നാലും, ഉച്ചഭക്ഷണമായി എപ്പോഴും ഇന്ത്യന്‍ ഭക്ഷണം തന്നെ തിരഞ്ഞെടുക്കും. ടൂറുകള്‍, പരിശീലന ക്യാമ്പുകള്‍, ടൂര്‍ണമെന്റുകള്‍ എന്നിവയിലെല്ലാം മാറ്റമില്ലാതെ തുടരുന്ന ഒരേയൊരു ശീലമാണിത്.

“മത്സര ദിവസങ്ങളിലും പരിശീലന ദിവസങ്ങളിലും 200 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌ കഴിക്കും. അല്ലാത്ത ദിവസങ്ങളില്‍ 150 ഗ്രാമും. 200 മുതല്‍ 250 ഗ്രാം വരെ പ്രോട്ടീനും കഴിക്കാറുണ്ട്. ഇഷ്ടമുളള പ്രോട്ടീന്‍ മത്സ്യമാണ്. കൂടാതെ, മട്ടനും. ചിക്കനോ മറ്റ് മാംസങ്ങളോ ഇല്ല. 150-200 ഗ്രാം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്” രാഹുല്‍ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi