ഇരുപത് വർഷത്തിലേറെയായി ബോളിവുഡ് നടൻ അക്ഷയ് കുമാർ സിനിമാജീവിതം മുന്നോട്ടു കൊണ്ടുപോവുന്നു. അദ്ദേത്തിൻ്റെ ഭാര്യയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയും ഒരുസമയത്ത് സിനിമയിൽ സജീവമായിരുന്നു. എന്നാൽ, തങ്ങളുടെ മകൻ ആരവിന് സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്നും പകരം ഫാഷൻ രംഗത്ത് കരിയർ തുടരാനാണ് അവനിഷ്ടമെന്നും വെളിപ്പെടുത്തുകയാണ് നടനിപ്പോൾ.

To advertise here,

ശുഭങ്കർ മിശ്രയുമായുള്ള പോഡ്‌കാസ്റ്റിലാണ് അക്ഷയുടെ തുറന്നുപറച്ചിൽ. "ഞങ്ങൾ രണ്ടുപേരും ഒരുപോലെയാണ്. അവന് ആരോഗ്യത്തിൽ താല്പര്യമുണ്ട്, എനിക്കും അങ്ങനെയാണ്. അവൻ ഉയരമുള്ള കുട്ടിയാണ്, വളരെ ശ്രദ്ധിക്കുന്നവനും. ജോലി ചെയ്യാൻ അവനിഷ്ടമാണ്. പക്ഷേ അവന് സിനിമകളിൽ വരാൻ ആഗ്രഹമില്ല. അങ്ങനെയൊരു പദ്ധതി അവനില്ല. അവന് ഫാഷൻ രംഗത്താണ് താല്പര്യം."

ആരവിന്റെ പഠനത്തെപ്പറ്റിയും അദ്ദേഹം പറഞ്ഞു. "അവൻ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് എനിക്ക് പറയാൻ സന്തോഷമേയുള്ളൂ. അവൻ ഇപ്പോഴും 4500 രൂപയുടെ ജോലി ചെയ്യുന്നു. അത് നല്ല കാര്യമാണ്, എന്തുകൊണ്ട് ചെയ്തുകൂടാ? അവൻ ഗ്രാമങ്ങളിൽ പോയി അവിടെ നിന്ന് ഫാഷൻ (fashion), വ്യത്യസ്തതരം പ്രിന്റുകൾ എന്നിവയെപ്പറ്റിയെല്ലാം പഠിക്കുന്നു. ഞാൻ അവനെ അധികം ഉപദേശിക്കാറില്ല, പക്ഷെ ആരെയും ദ്രോഹിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്."-അക്ഷയ് പറഞ്ഞു.

അക്ഷയ് കുമാറിൻ്റെയും ട്വിങ്കിൾ ഖന്നയുടെയും മൂത്ത മകനാണ് ആരവ്. 15-ാം വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയ ആരവ് ഇപ്പോൾ ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠനം തുടരുകയാണ്. 2012-ൽ ജനിച്ച ഇളയ സഹോദരി നിത്താര ട്വിങ്കിളിൻ്റെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുണ്ടെങ്കിലും, ആരവ് സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ്.

'ഭൂത് ബംഗ്ലാ' എന്ന ചിത്രത്തിലെ അഭിനയത്തിന് നിലവിൽ അക്ഷയ് പ്രശംസ നേടുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ഹൊറർ-കോമഡി ചിത്രം ആദ്യ ദിവസം 15 കോടി രൂപയിലധികം നേടി, വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi