നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലെ പരാമർശം സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. ഒരു മാസം മുമ്പ് കങ്കണ റണാവത്തിനെ പ്രശംസിച്ച് ഐശ്വര്യ ലക്ഷ്മി നടത്തിയ പരാമർശങ്ങൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് താരത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നത്.

To advertise here,

“എനിക്ക് പെട്ടെന്ന് കങ്കണ പറഞ്ഞ ഒരു കാര്യം ഓർമവരുന്നു. എനിക്ക് കങ്കണയെ വളരെ ഇഷ്ടമാണ്. അവർ ഒരു 'മാഡ് ജീനിയസ്' ആണെന്നാണ് ഞാൻ കരുതുന്നത്. പാർലമെന്റിൽ അവർ നടത്തുന്ന പ്രസംഗങ്ങളും എനിക്ക് ഇഷ്ടമാണ്. എന്തായാലും ഞാൻ അവരുടെ വലിയ ആരാധികയാണ്. പ്രൊഫൈൽ എന്നത് വലിയ താരങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് മാത്രമല്ല, നമ്മൾ എന്താണ് സിനിമയിലേക്ക് എന്തു കൊണ്ടുവരുന്നു എന്നതുകൂടിയാണ്,” ഐശ്വര്യ വ്യക്തമാക്കി.

ഈ ഭാഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചതോടെയാണ് നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയത്. 'എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ പറയുന്നത്?', 'വളരെ നിരാശപ്പെടുത്തി', 'മുമ്പത്തെ ഐശ്വര്യ ലക്ഷ്മിയെയാണ് കൂടുതൽ ഇഷ്ടം', 'കങ്കണയുടെ പാത പിന്തുടരാനാണോ ശ്രമം?' എന്നിങ്ങനെയായിരുന്നു ചിലരുടെ പ്രതികരണങ്ങൾ.

അതേസമയം, കങ്കണ റണാവത്തിന്റെ ആരാധകർ ഐശ്വര്യയെ പിന്തുണച്ചും രംഗത്തെത്തി. ഒരു നടിയെ ഇഷ്ടപ്പെടുന്നതിൽ എന്താണ് തെറ്റെന്നും, ഐശ്വര്യ രാഷ്ട്രീയ നിലപാടുകളെയല്ല കങ്കണയുടെ പ്രസംഗശൈലിയെയും വ്യക്തിത്വത്തെയുമാണ് പ്രശംസിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിനാണ് ഐശ്വര്യ വിമർശനം നേരിടുന്നതെന്ന അഭിപ്രായവും ചിലർ പങ്കുവച്ചു.

വിവാദം സമൂഹമാധ്യമങ്ങളിൽ തുടരുന്നതിനിടെ, ഇതുവരെ ഐശ്വര്യ ലക്ഷ്മി ഇതേക്കുറിച്ച് പൊതുവേദിയിലോ മറ്റേതെങ്കിലും രീതിയിലോ പ്രതികരിച്ചിട്ടില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ സജീവമല്ല എന്നതാണ്. ഗട്ട കുസ്തി 2 വിലാണ് തമിഴിൽ ഒടുവിലായി ഐശ്വര്യ അഭിനയിച്ചത്. തെലുങ്കിൽ SYG - Sambarala Yeti Gattu, മലയാളത്തിൽ ആശ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമകൾ. ക്വീൻ 2, സർക്കിൾ എന്നീ സിനിമകളുടെ ചിത്രീകരണവുമായി തിരക്കിലാണ് കങ്കണ റണാവത്ത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi