സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായി ശ്രദ്ധ നേടിയ നിഹാരിക എൻഎം, അഭിനയരംഗത്തും തന്റേതായ ഇടം കണ്ടെത്തുകയാണ്. തമിഴ് ചിത്രങ്ങളായ പെരുസു, മിത്ര മണ്ഡലി, ഇതയം മുരളി എന്നിവയ്ക്ക് ശേഷം ജൂലൈ 30-ന് റിലീസ് ചെയ്യുന്ന ‘ഭായ് തേരാ സ്റ്റാർ ഹൈ’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഇതിനിടെ സിനിമാജീവിതത്തിന്റെ തുടക്കകാല അനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നിഹാരിക.
മുംബൈയിലെത്തിയ ശേഷം മൂന്ന് വർഷത്തോളം ഒരു പ്രൊഡക്ഷൻ ഹൗസിനൊപ്പം പരിശീലനം നേടിയെന്നും, ഫിലിം സ്‌കൂളിലും തിയറ്ററിലും പഠിച്ച അനുഭവമാണ് അഭിനയത്തിലേക്ക് നയിച്ചതെന്നും നിഹാരിക പറഞ്ഞു. “അഭിനയം പരീക്ഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എത്ര ദൂരം പോകുമെന്ന് അറിയില്ലായിരുന്നു. പക്ഷേ അഭിനയത്തോടുള്ള ഇഷ്ടമാണ് എന്നെ മുന്നോട്ട് നയിച്ചത്,” നിഹാരിക പറഞ്ഞു. എന്നാൽ ബോളിവുഡിലെ സ്ത്രീകൾക്കുള്ള സൗന്ദര്യമാനദണ്ഡങ്ങൾ തന്നെ നിരാശപ്പെടുത്തിയെന്നാണ് താരം പറയുന്നത്.
Also Read
“സ്ത്രീകൾ എങ്ങനെയിരിക്കണം, അവരുടെ ചർമനിറം എങ്ങനെയാകണം എന്നൊക്കെയുള്ള പ്രതീക്ഷകൾ എനിക്ക് ഇഷ്ടമായില്ല. അത് ഞാൻ പോരാടേണ്ട ഇടമല്ലെന്ന് തോന്നി. അതോടൊപ്പം അവിടെ കടുത്ത മത്സരവുമുണ്ടായിരുന്നു. അതിനാലാണ് തെന്നിന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചത്. തുടർന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസുമായി മൂന്ന് സിനിമകളുടെ കരാറിൽ ഒപ്പുവെച്ചിരുന്നു. എന്നാൽ കരാർ കാരണം വൻവിജയമായ ചില തെന്നിന്ത്യൻ സിനിമകളിലെ അവസരങ്ങൾ എനിക്ക് നഷ്ടമായി. എന്റെ കരിയറിലെ ഏറ്റവും വലിയ ഖേദങ്ങളിലൊന്നായിരുന്നു അത്” താരം പറഞ്ഞു.
അഭിനയജീവിതത്തിൽ പലവിധ കാരണങ്ങളാൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നിഹാരിക വെളിപ്പെടുത്തി. അതിൽ ഏറ്റവും ശ്രദ്ധേയമായ അനുഭവമായിരുന്നു ഇന്റിമസി രംഗവുമായി ബന്ധപ്പെട്ട സംഭവം.
“ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിനായി അദ്ദേഹംതന്നെ എന്നെ തിരഞ്ഞെടുത്തു. ഓഡിഷനും ലുക്ക് ടെസ്റ്റും കഴിഞ്ഞ് കരാറിൽ ഒപ്പുവെച്ചിരുന്നു. അതിൽ ഒരു ‘ഇന്റിമസി ക്ലോസ്’ ഉണ്ടായിരുന്നു. ഓൺസ്‌ക്രീൻ അടുപ്പരംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് താൽപര്യമില്ലെന്ന് ഞാൻ വ്യക്തമാക്കി. നിർമ്മാതാക്കൾ അത് അംഗീകരിക്കുകയും ബോഡി ഡബിൾ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാൽ നായകന് ബോഡി ഡബിളിനൊപ്പം ആ രംഗം ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ഒടുവിൽ അത് 'ഈ രംഗമോ അല്ലെങ്കിൽ സിനിമയോ' എന്ന അവസ്ഥയിലേക്ക് എത്തി. അങ്ങനെ ആ അവസരം നഷ്ടമായി,” താരം കൂട്ടിച്ചേർത്തു.
അതേസമയം, ഭായ് തേരാ സ്റ്റാർ ഹൈയിൽ രാഘവ് ജുയാലിന്റെ നായികയായാണ് നിഹാരിക എത്തുന്നത്. ബോളിവുഡിലെ അടുത്ത സൂപ്പർതാരമാകുമെന്ന സ്വപ്നവുമായി നടക്കുന്ന അജയ് സിങ്ങിന്റെ ജീവിതത്തിൽ ഒരു രാത്രിക്കിടെ നടക്കുന്ന സംഭവങ്ങളാണ് ചിത്രം ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്നത്. സഞ്ജയ് കപൂർ, ബർഖ സിങ്, വിവാൻ ഭട്ടേന, പാർവതി ഓമനക്കുട്ടൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: niharika-nm-loses-bollywood-role-intimacy-clause
Published: 27 Jul 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented