ബോളിവുഡ് നടൻ ഗോവിന്ദയ്ക്കെതിരേ ഭാര്യ സുനിത അഹുജ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. കൂടെ അഭിനയിച്ച പല നടിമാരുമായും അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നെന്ന് പലതവണ അവർ തുറന്നുപറഞ്ഞിട്ടുണ്ട്. ഗോവിന്ദയും കരിഷ്മ കപൂറും പ്രണയത്തിലാണെന്ന കിംവദന്തികൾ (dating rumours) ഏറെക്കാലം ബോളിവുഡിലുണ്ടായിരുന്നു.

To advertise here,

1990-കളിൽ ഗോവിന്ദ-കരിഷ്മ ഓൺ-സ്‌ക്രീൻ ജോഡിക്ക് വലിയ ജനപ്രീതി ലഭിച്ചു. ഹീറോ നമ്പർ 1, രാജാ ബാബു, തുടങ്ങിയ ഒട്ടേറെ ഹിറ്റുകളിൽ ഇരുവരും ഒന്നിക്കുകയും ചെയ്തു. ഇതോടെയാണ് ഡേറ്റിങ് അഭ്യൂഹങ്ങളും പരന്നത്. അതേസമയം, രണ്ടുപേരും ഒരിക്കൽ പോലും ഇതിനോട് പ്രതികരിച്ചിട്ടില്ല. 

ഡേവിഡ് ധവാൻ്റെ ഹീറോ നമ്പർ 1-ൽ ഗോവിന്ദയ്ക്കും കരിഷ്മയ്ക്കുമൊപ്പം അഭിനയിച്ച ഷഗുഫ്ത, അവരുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ‌. 

സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിനിടെ, ഇരുവരുടെയും പങ്കിട്ട സൗഹൃദത്തെക്കുറിച്ച് ഷഗുഫ്തയോട് ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു- "അത് കാണാനാവുമായിരുന്നു. അദ്ദേഹമത് എന്നോട് പറഞ്ഞിട്ടില്ല, പക്ഷേ അങ്ങനെയായിരുന്നുവെന്ന് തോന്നി. അവരുടെ ഓൺ-സ്ക്രീൻ ജോഡി നീണ്ടുനിന്ന കാലത്തോളം, പൊതുജനങ്ങൾ അവരെ കണ്ടു, പിന്നീട് ഒരു നായികയ്ക്കൊപ്പം മാത്രം അദ്ദേഹത്തെ കാണുന്നത് ആളുകൾക്ക് മടുത്തു. ഇത്തിരി കൂടിപ്പോയെന്ന് പൊതുജനങ്ങൾക്കും തോന്നിയിരിക്കാം" 

സിനിമയുടെ ചിത്രീകരണ സമയത്ത് ഗോവിന്ദയുടെ ഭാര്യ സുനിത അഹുജ സെറ്റിൽ വരാറേയില്ലെന്നും നടി വെളിപ്പെടുത്തി. "സുനിത സെറ്റിൽ വന്നിട്ടില്ല. ഒരിക്കൽ ഔട്ട്‌ഡോർ ഷൂട്ടിൽ അവരുടെ കുട്ടികളോടൊപ്പം വന്നു. അവൾ വളരെ അപൂർവ്വമായി മാത്രമേ പുറത്ത് പോകുമായിരുന്നുള്ളൂ. എല്ലാവരോടും സ്നേഹത്തോടെയും വാത്സല്യത്തോടെയും ബഹുമാനത്തോടെയുമാണ് സംസാരിച്ചിരുന്നത്. വളരെ നന്നായി പെരുമാറി, സെറ്റിൽ ഒരിക്കലും പ്രശ്നങ്ങളുണ്ടാക്കിയിരുന്നില്ല. അവർക്ക് കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും പരസ്യമായി പ്രതികരിച്ചില്ലെങ്കിൽ, ആ സ്ത്രീ വളരെയധികം സഹിച്ചു എന്നാണ് അർത്ഥമാക്കുന്നത്. വളരെ കുറച്ച് ആളുകൾ മാത്രമേ ഇങ്ങനെ ചെയ്യൂ. അവർ കാര്യങ്ങൾ മനസ്സിലാക്കുന്നയാളാണ്. അവർക്കും വേണമെങ്കിൽ പ്രശ്നങ്ങളുണ്ടാക്കാമായിരുന്നു. ആരാണത് ചെയ്യാത്തത്?"-അവർ ചോദിച്ചു.

പിന്നീടെപ്പോഴാണ് കരിഷ്മ ഗോവിന്ദയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന ചോദ്യത്തിന്, ഒരുപക്ഷേ അവൾക്ക് താൽപ്പര്യം നഷ്ടപ്പെട്ടിരിക്കാം എന്നായിരുന്നു അവരുടെ മറുപടി. ഒരുപക്ഷേ അതിനോടുള്ള ഇഷ്ടം ഇല്ലാതായിരിക്കാം. നായികമാരെയും അവരുടെ മാനസികാവസ്ഥയെയും കുറിച്ച് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല,"- അവർ പ്രതികരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi