മോക്ക്ടെയിലുകൾ ഇനി വെറും ശീതളപാനീയങ്ങൾ മാത്രമല്ല, രുചിയിലും ആരോഗ്യത്തിലും പുതുമ തേടുന്ന പുതുതലമുറയുടെ ലൈഫ്സ്‌റ്റൈൽ ട്രെൻഡാണ്. ഒരുകാലത്ത് മദ്യരഹിത പാനീയങ്ങളുടെ 'അൽട്ടർനേറ്റീവ്' എന്ന നിലയിൽ മാത്രം കണ്ടിരുന്ന മോക്ക്‌ടെയിലുകൾ ഇന്ന് ആഗോള ഭക്ഷ്യ-പാനീയ സംസ്‌കാരത്തിലെ പ്രധാന ട്രെൻഡുകളിലൊന്നായി മാറിക്കഴിഞ്ഞു. ദഹനത്തിനും പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നതാണ് മോക്ക്‌ടെയിലുകളെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നത്. ട്രോപ്പിക്കൽ ഫ്ളേവറായ പൈനാപ്പിൾ കൊക്കനട്ട് ഫിസ്, ഉന്മേഷം നിറയ്ക്കുന്ന ബ്ലൂബെറി ബേസിൽ സ്മാഷ്, മധുരവും മസാലയും ചേർന്ന മാംഗോ ചില്ലി കൂളർ, ആരോഗ്യഗുണങ്ങളിൽ മുന്നിൽ നിൽക്കുന്ന ഗ്രീൻ ആപ്പിൾ ജിഞ്ചർ സ്പാർക്ലർ...തുടങ്ങി ഓരോ മോക്ക്‌ടെയിലും ആഘോഷവേളകളിലും ലോകമെമ്പാടുമുള്ള ഭക്ഷണശാലകളുടെ മെനുവിലും ഇടംനേടികഴിഞ്ഞു. കൊതിപ്പിക്കുന്ന, ഉന്മേഷം നൽകുന്ന ചില മോക്ക്‌ടെയിലുകൾ വീട്ടിലും പരീക്ഷിച്ചുനോക്കിയാലോ…

 

പൈനാപ്പിൾ കൊക്കനട്ട് ഫിസ്
ചേരുവകൾ:

പൈനാപ്പിൾ ജ്യൂസ് - അരക്കപ്പ്
തേങ്ങാവെള്ളം അല്ലെങ്കിൽ തേങ്ങാപ്പാൽ- കാൽ കപ്പ്
ചെറുനാരങ്ങാനീര് - ഒരു ടീസ്പൂൺ
സോഡാവാട്ടർ- ആവശ്യത്തിന്
ഐസ് ക്യൂബുകൾ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: പൈനാപ്പിൾ ജ്യൂസും തേങ്ങാവെള്ളവും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു ഗ്ലാസിലേക്ക് പകുതി ഒഴിച്ച് ഐസ് ക്യൂബുകളിട്ട് മുകളിൽ സോഡാവാട്ടർ ഒഴിക്കുക. കട്ട് ചെയ്ത ചെറിയ പൈനാപ്പിൾ കഷണങ്ങൾകൊണ്ട് അലങ്കരിച്ച് തണുപ്പോടെ കുടിക്കാം.
കോക്കനട്ട് സിട്രസ് കൂളർ
ചേരുവകൾ:

തേൻ അല്ലെങ്കിൽ ഷുഗർ സിറപ്പ്- അല്പം
തേങ്ങാവെള്ളം- കാൽ കപ്പ്
ചെറുനാരങ്ങാ കഷണങ്ങൾ- അല്പം
സ്‌പ്രൈറ്റ് - ആവശ്യത്തിന്
ഐസ് ക്യൂബ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: ഒരു ഗ്ലാസിൽ തേങ്ങാവെള്ളവും തേൻ അല്ലെങ്കിൽ ഷുഗർ സിറപ്പും ചേർത്ത് ഇളക്കുക. ശേഷം കുറച്ച് നാരങ്ങ കഷണങ്ങൾ ചേർക്കുക. മുകളിൽ സ്‌പ്രൈറ്റ് ഒഴിച്ച് ഐസ് ചേർത്ത് ഇളക്കിയ ശേഷം കുടിക്കാം.

ബ്ലൂബെറി ബേസിൽ സ്മാഷ്
ചേരുവകൾ:

ബ്ലൂബെറി- അരക്കപ്പ്
ബേസിൽ ഇലകൾ- അഞ്ചെണ്ണം
ഹണി സിറപ്പ് - ഒരു ടേബിൾസ്പൂൺ
ചെറുനാരങ്ങാനീര്- ഒരു ടേബിൾസ്പൂൺ
സോഡാവാട്ടർ- ആവശ്യത്തിന്
ഐസ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ബ്ലൂബെറിയും ബേസിൽ ഇലകളും ഒരുമിച്ച് ചതച്ചെടുക്കുക. ശേഷം ഹണി സിറപ്പും നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ് ചേർത്ത് മുകളിൽ സോഡാവാട്ടർ ഒഴിച്ചാൽ ഫ്രെഷ് മോക്ക്‌ടെയിൽ റെഡി.

 

വാട്ടർമിലൺ കുക്കുമ്പർ മഡിൽ
ചേരുവകൾ:

തണ്ണിമത്തൻ കഷണങ്ങൾ- ഒരു കപ്പ്
തേൻ- ഒരു ടേബിൾസ്പൂൺ
കുക്കുമ്പർ കഷണങ്ങളാക്കിയത്- കാൽ കപ്പ്
ഐസ് ക്യൂബുകൾ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: തണ്ണിമത്തനും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഗ്ലാസിൽ കുക്കുമ്പർ കഷണങ്ങൾ ചേർത്ത് ചതച്ചെടുക്കുക. ഇതിന് മുകളിൽ തണ്ണിമത്തൻ പ്യൂരി ഒഴിക്കുക. ഐസ് ക്യൂബുകൾ ചേർത്ത് നന്നായി ഇളക്കിയ ശേഷം തണുപ്പോടെ വിളമ്പാം. വേണമെങ്കിൽ പുതിന ഇലകൾ ചേർക്കാം.
മാംഗോ ചില്ലി കൂളർ
ചേരുവകൾ:

മാങ്ങ പ്യൂരി- അരക്കപ്പ്
ചെറുനാരങ്ങാ നീര് - ഒരു ടീസ്പൂൺ
മുളകുപൊടി- ഒരു നുള്ള്
ഉപ്പ് - അല്പം
സോഡാവാട്ടർ- ആവശ്യത്തിന്
ഐസ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം:മാങ്ങ പ്യൂരി, നാരങ്ങാനീര്, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു ഗ്ലാസ്സിലേക്കൊഴിച്ച് ഐസ് ചേർത്ത് മുകളിൽ സോഡാ വാട്ടർ ഒഴിക്കുക. ഗ്ലാസിന്റെ അരികിൽ ചില്ലി-ലൈം റിം കൊണ്ട് അലങ്കരിച്ച് വിളമ്പാം.

 

ഗ്രീൻ ആപ്പിൾ ജിഞ്ചർ സ്പാർക്ലർ
ചേരുവകൾ:

ഗ്രീൻ ആപ്പിൾ ജ്യൂസ്- അരക്കപ്പ്
ഇഞ്ചിനീര്- ഒരു ടീസ്പൂൺ
തേൻ- ഒരു ടീസ്പൂൺ
സ്പാർക്ലിങ് വാട്ടർ, ഐസ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ഗ്രീൻ ആപ്പിൾ ജ്യൂസും ഇഞ്ചിനീരും തേനും ചേർത്ത് നന്നായി ഇളക്കുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ് ചേർത്ത് മുകളിൽ സ്പാർക്ലിംഗ് വാട്ടർ ഒഴിക്കുക. തണുപ്പോടെ കുടിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi