തമിഴ്‌നാട് രാഷ്ട്രീയം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ് നടനും 'തമിഴ് വെട്രി കഴകം' (TVK) നേതാവുമായ വിജയ്. അദ്ദേഹം മുഖ്യമന്ത്രിയാകുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. എന്നാൽ, സർക്കാർ രൂപവത്കരണത്തിനാവശ്യമായ കേവലഭൂരിപക്ഷം തികയ്ക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് എം.എൽ.എ.മാരുടെ പിന്തുണയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളിലാണ് പാർട്ടി നേതൃത്വം.

To advertise here,

അതിനിടെ തമിഴ്‌നാട്ടിൽ വൻവിജയം നേടിയ വിജയ്‌യെ അഭിനന്ദിച്ചുകൊണ്ട് താരങ്ങൾ എത്തിക്കൊണ്ടേയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സഹതാരമായിരുന്ന നടി ശ്രീയ ശരൺ വിജയ്‌ക്കൊപ്പം അഭിനയിച്ച ഓർമകൾ പങ്കിടുകയാണ്. താരത്തിന്റെ ഈ വിജയം തന്നെ അദ്ഭുതപ്പെടുത്തുന്നില്ലെന്നും ശ്രീയ പറയുന്നു. തന്നെ തേടിയെത്തുന്ന ആരാധകരെ വിജയ് ഒരിക്കലും നിരാശപ്പെടുത്താറില്ലെന്നും അവർ വെളിപ്പെടുത്തുന്നു.

''വിജയ്‌ക്കൊപ്പം ഞാൻ ഷൂട്ട് ചെയ്തിരുന്ന സമയമായിരുന്നു അത്. വളരെ ചൂടായിരുന്നു. 45 ഡിഗ്രി വരെയായിരുന്നു പലപ്പോഴും. പുറത്തുനിൽക്കാൻ പറ്റില്ല. ഓരോ തവണയും ഷൂട്ട് കഴിഞ്ഞാലുടൻ ഞങ്ങൾ കാരവാനിലേക്ക് കയറും. പക്ഷേ സെറ്റിൽ കുറേ വിജയ് ആരാധകർ എത്തിയിരുന്നു. അദ്ദേഹത്തെ കാണാനും, അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമായി ദൂരസ്ഥലങ്ങളിൽനിന്നുപോലും വന്നവരാണവർ. അവരോട് മിണ്ടാനും ചിത്രങ്ങളെടുക്കാനുമായി വിജയ് വാനിന് പുറത്ത് കൊടുംവെയിലിൽ നിന്നു'', ശ്രീയ എൻ.ഡി.ടി.വി.യുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

''എത്ര വെയിലാണെങ്കിലും ആരാധകരെ നിരാശപ്പെടുത്താൻ വിജയ് ആഗ്രഹിച്ചില്ല. അതാണ് കാരണം''. ഇതാണ് വിജയ്‌യെ ആളുകൾക്കിടയിൽ പ്രിയങ്കരനാക്കുന്നതെന്നും താരം പറയുന്നു.

''തന്നെ ഒരുനോക്ക് കാണാൻ വന്ന ആളുകൾക്ക് അദ്ദേഹം നൽകുന്ന സ്‌നേഹമാണത്. അവരുടെ ആ ദിവസം സ്‌പെഷ്യൽ ആക്കാൻവേണ്ടി അദ്ദേഹം എന്തും ചെയ്യും''. 'അഴകിയ തമിഴ്മകൻ' എന്ന ചിത്രത്തിലാണ് ശ്രീയയും വിജയ്‌യും ഒരുമിച്ച് അഭിനയിച്ചത്. 2007-ലാണ് ചിത്രം റിലീസായത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi