ദീപാവലി ഇങ്ങെത്തി. വീടുകൾ ഭംഗിയായി ഒരുക്കുന്ന തിരക്കുകളിലാണ് ആളുകൾ. വീട് ഭംഗിയാക്കാൻ പുതിയ അലങ്കാരങ്ങൾ തന്നെ വേണമെന്നില്ല. വീട്ടിലുള്ള പഴയ സാധനങ്ങളുപയോഗിച്ച് തന്നെ ഇത് തയ്യാറാക്കാം.
ഉപയോഗിക്കാത്ത ഗ്ലാസ് വളകൾകൊണ്ട് എളുപ്പത്തിൽ ഒരു അലങ്കാരവസ്തുവുണ്ടാക്കാം. പല നിറത്തിലുള്ള ഗ്ലാസ് വളകൾ വട്ടത്തിലോ അല്ലെങ്കിൽ ഇഷ്ടമുള്ള ആകൃതിയിലോ പരസ്പരം ഒട്ടിക്കുക. അവയിൽ ഭംഗിയുള്ള നൂലോ റിബണോ ചുറ്റിയശേഷം, ചെറിയ മണികളും മുത്തുകളും അതിൽ കോർത്തിടാം. ഇത് ചുവരുകളിലോ അല്ലെങ്കിൽ വാതിലിലോ തൂക്കിയിടാം.
നിറമുള്ള ക്രാഫ്റ്റ് പേപ്പറോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് താമരപ്പൂക്കളോ ദിയകളോ ഉണ്ടാക്കുക. എന്നിട്ട് ദിയകളും താമരപ്പൂക്കളും ഒരു നൂലിൽ കോർത്തെടുത്ത് വാതിലുകളിലോ ചുവരുകളിലോ ഡബിൾ ഡൈസ് ടേപ്പ് കൊണ്ട് ഒട്ടിക്കാം. ക്രാഫ്റ്റ് പേപ്പർ കൊണ്ട് ദിയകൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. പേപ്പർ ആദ്യം വിശറിപോലെ മടക്കുക. എന്നിട്ട് മുകളിൽ തീനാളത്തിന്റെ ആകൃതിയിൽ മുറിച്ചെടുത്ത് ഒട്ടിക്കുക. കൂടുതൽ ഭംഗിയാക്കാനായി മുകളിൽ മുത്തുകൾ ഒട്ടിക്കാം.
ഒരേ നിറത്തിലുള്ളതോ അല്ലെങ്കിൽ വ്യത്യസ്തനിറങ്ങളിലുള്ളതോ ആയ ഗ്ലാസ് വളകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി ഒട്ടിക്കുക. ശേഷം, അവയുടെ നടുവിലായി ഒരു ടീ ലൈറ്റ് കാൻഡിൽ കത്തിച്ചുവെക്കാം. പഴയ സിഡികൾ പൊതിഞ്ഞോ പെയിന്റ് ചെയ്‌തോ എടുക്കുക. അതിനുശേഷം അവ അടുക്കിവെച്ച് ഒട്ടിച്ച്(ഇഷ്ടമുള്ള ആകൃതിയിൽ അടുക്കി ഒട്ടിക്കാം) ദീപങ്ങളോ മെഴുകുതിരികളോ വെക്കാനുള്ള സ്റ്റാൻഡുകൾ നിർമ്മിക്കാം.
ബാൽക്കണിയിലോ സ്വീകരണമുറിയിലെ ജനലിനരികിലോ തൂക്കിയിടാവുന്ന പേപ്പർ വിളക്കുകൾ നിർമ്മിക്കാം. അതിനായി കട്ടിയുള്ള കാർഡ്‌ബോഡോ ക്രാഫ്റ്റ് പേപ്പറോ പല ആകൃതിയിൽ മുറിച്ചെടുത്ത് ഒട്ടിക്കാം. അതിനുള്ളിൽ കളർ ബൾബുകൾ വെച്ച്, കട്ടിയുള്ള നൂലുപയോഗിച്ച് കെട്ടിത്തൂക്കാം.
പഴയ ഗ്ലാസ് ജാറുകൾ, ടിൻ ക്യാനുകൾ എന്നിവയിൽ സ്വർണ്ണനിറമോ കറുപ്പ് നിറമോ സ്‌പ്രേ പെയിന്റ് ചെയ്യുക. എന്നിട്ട് അതിനുള്ളിൽ ഫെയറി ലൈറ്റുകൾ (ചെറിയ അലങ്കാര ലൈറ്റുകൾ) വെച്ചാൽ മനോഹരമായിരിക്കും.
കാർഡ്‌ബോർഡ് ആർച്ച് (കമാന) ആകൃതിയിൽ മുറിച്ചെടുക്കുക. ഇവ നല്ല ഓറഞ്ച് നിറത്തിലോ അതോ ഏതെങ്കിലും കടുംനിറത്തിലോ ഉള്ള വെൽവെറ്റ് തുണി കൊണ്ട് പൊതിയുക. എന്നിട്ട് അരികുകളിൽ സ്വർണ്ണനിറത്തിലുള്ള മിറർ ലേസ് ഒട്ടിക്കണം. ഇത് സ്വീകരണമുറിയിലെ ഭിത്തിയിൽ ഒട്ടിച്ചശേഷം താഴെ ടീ ലൈറ്റ് കാൻഡിലുകൾ വെക്കുക. നല്ല ഭംഗിയായിരിക്കും.
ഗ്ലാസ് അല്ലെങ്കിൽ പ്ലാസ്റ്റിക് വളകൾ എടുക്കുക. ഇവ ഓരോന്നും നല്ല നിറങ്ങളിലുള്ള തുണുകൾകൊണ്ട് ചുറ്റിയെടുക്കുക. ഓരോ വളയുടെയും മുകളിൽ ചെറിയ കണ്ണാടി കഷണങ്ങളോ മുത്തുകളോ ഒട്ടിക്കുക. ഇത്തരത്തിൽ തയ്യാറാക്കിയ വളകൾ ഒന്നിനുമുകളിൽ ഒന്നായി കോർത്തെടുത്ത്, തോരണം പോലെ ഭിത്തിയിൽ തൂക്കിയിടാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Create beautiful wall hangings and door decor for diwali using unused glass bangles, threads, and beads. Make paper lotus flowers and diyas using colorful craft paper or tissue paper. Design candle stands by stacking glass bangles or painting old CDs.
Published: 31 Oct 2026, 11:51 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented