ഒരുതരത്തിൽ പറഞ്ഞാൽ മലയാളികളുടെ ദേശീയഭക്ഷണം തന്നെയാണ് പുട്ട്. എന്തൊക്കെ കോമ്പിനേഷനാണ് പുട്ടിനൊപ്പം? പുട്ട്-പഴം, പുട്ട്-കടലക്കറി, പുട്ട്-ചെറുപയർ, പുട്ട്-മീൻകറി, പുട്ട്-ചിക്കൻകറി, പുട്ട്-ബീഫ് റോസ്റ്റ്...അങ്ങനെ എത്രയെത്ര കോമ്പിനേഷനുകൾ.

To advertise here,

എന്നാൽ പലപ്പോഴും പുട്ട് പ്രതീക്ഷിച്ചത്ര നന്നാവണമെന്നില്ല. ചിലപ്പോൾ ഉറപ്പ് കൂടുതലായിരിക്കും. അല്ലെങ്കിൽ കല്ല് പോലെയുണ്ടാവും. നല്ല രുചിയുള്ള മൃദുവായ പുട്ട് എങ്ങനെയുണ്ടാക്കാം? നല്ല പുട്ട് ഉണ്ടാക്കാൻ എന്താണ് പോംവഴി?

പുട്ടുപൊടിയുടെ കൃത്യമായ നനവാണ് രുചികരമായ പുട്ടിന്റെ ആദ്യപടി. നനവ് കുറവാണെങ്കിൽ, പുട്ട് കല്ലുപോലെയുണ്ടാവും. വെള്ളം കൂടുതലാണെങ്കിൽ, ഒട്ടിപ്പിടിക്കുകയും ചെയ്യും.

പുട്ടുപൊടി കുഴയ്ക്കുമ്പോൾ തന്നെ അല്പം ചിരവിയ തേങ്ങ കൂടി ചേർത്തുനോക്കൂ, രുചി കൂടും. ചിലപ്പോൾ നനച്ച പൊടി പെട്ടെന്ന് കട്ടിയായതുപോലെയാവും. അങ്ങനെയാണെങ്കിൽ മിക്‌സിയിലിട്ട് ചെറുതായിട്ടൊന്ന് കറക്കിയെടുക്കാം. പുട്ട് കൃത്യമായി വേവുമ്പോൾ തന്നെ അടുപ്പിൽനിന്നിറക്കണം. വേവ് കൂടിപ്പോയാൽ മൃദുത്വം നഷ്ടപ്പെടും.

പൊടി നനയ്ക്കുമ്പോൾ ചെറുചൂടുള്ള പാലും പാൽപ്പൊടിയും നെയ്യും ചേർത്ത് കുഴച്ചാൽ രുചി കൂടും. നല്ല മൃദുവായിരിക്കുകയും ചെയ്യും. അതിനൊപ്പം ആവശ്യമെങ്കിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് കൂടി ചേർക്കാം. അപ്പോൾ വ്യത്യസ്തമായ രുചിയും ലഭിക്കും.

പുട്ടിന്റെ പൊടിയെടുത്ത് ഓരോ ബൗളിലിടുക. അതിലൊന്നിൽ കാരറ്റ് ഗ്രേറ്റ് ചെയ്തതും മറ്റൊന്നിൽ ബീറ്റ്‌റൂട്ട് ഗ്രേറ്റ് ചെയ്തതും ചേർക്കുക. പൊടി നന്നായി കുഴച്ചെടുത്ത് ഒരേ കുറ്റിയിൽ തന്നെ നിറയ്ക്കുക. ആദ്യം കാരറ്റ് ചേർത്ത പൊടി, പിന്നാലെ ബീറ്റ്‌റൂട്ട് ചേർത്ത പൊടി...എന്നിങ്ങനെ. നല്ല കളർഫുള്ളായ പുട്ട് കിട്ടും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi