പൂച്ചകളില്‍ കണ്ടുവരുന്ന മാരകമായ ഒരു സാംക്രമിക രോഗമാണ് 'ഫെലൈന്‍ പാര്‍വോ' അഥവാ 'പാന്‍ലൂക്കോപീനിയ'. ഫിലൈന്‍ പാര്‍വോ വൈറസ് ആണ് രോഗകാരണം. ഒരിക്കല്‍ വന്നാല്‍ രോഗമുണ്ടാക്കിയതിനു ശേഷവും അന്തരീക്ഷത്തില്‍ ഏറെ നാള്‍ അതിജീവിച്ചു നില്‍ക്കാനുള്ള ശേഷിയാണ് പാര്‍വോ വൈറസുകളുടെ പ്രത്യേകത. അതിനാല്‍ കൂടുതല്‍ പൂച്ചകളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ നല്ല കരുതലോടെയിരിക്കണം. പൂച്ചക്കുഞ്ഞുങ്ങളിലാണ് ഈ അസുഖം പൊതുവെ കൂടുതലെങ്കിലും എല്ലാ പ്രായത്തിലുള്ള പൂച്ചകളെയും ഇത് ബാധിക്കാം. രൂക്ഷമായ വയറിളക്കവും ഛര്‍ദ്ദിയുമാണ് പ്രധാനലക്ഷണം. ചെറിയ പനിയും ക്ഷീണവും ദുര്‍ഗന്ധത്തോടെയുള്ള വയറിളക്കവും കണ്ടാല്‍ രോഗം സംശയിക്കാം. അതിമാരകമായ വൈറസാണിത്. ചെറുകുടലിന്റെ എപ്പിത്തീലിയത്തെയാണ് ഈ വൈറസ് കൂടുതലായി നശിപ്പിക്കുന്നത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറിളക്കം ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ഛര്‍ദ്ദിച്ചും വയറിളകിയും നഷ്ടപ്പെടുന്ന ദ്രാവകങ്ങളും ലവണങ്ങളും വിറ്റാമിനുകളും ശരീരത്തെ വല്ലാതെ തളര്‍ത്തുന്നു. ആദ്യ ദിനങ്ങളില്‍ കാണപ്പെടുന്ന പനി മാറി ശരീരം തണുക്കുകയും ചെയ്യുന്നു. 

എല്ലിന്റെ മജ്ജയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന, രോഗപ്രതിരോധത്തിന് കാരണമായ ശ്വേതരക്താണുക്കളെ (White blood cell-WBC) നശിപ്പിക്കുന്ന വൈറസാണിത്. ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതോടുകൂടി ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാകുന്നു. പ്രതിരോധശേഷി വളരെയധികം കുറഞ്ഞ ഈ അവസ്ഥയില്‍ കുടലിലുള്ള ബാക്ടീരിയകളും വിരകളും കൂടി ആക്രമിക്കുന്നതോടുകൂടി ചെറുകുടലിന്റെ എപ്പിത്തീലിയല്‍ കോശങ്ങളുടെ പുനര്‍നിര്‍മ്മാണം തകരാറിലാകും. ഈ അവസ്ഥയില്‍ വയറിളക്കം രക്തത്തോടുകൂടിയുള്ളതും കൂടുതല്‍ ഭീകരവുമാകുന്നു. 

കൂടാതെ നിര്‍ജ്ജലീകരണം അതിതീവ്രമാകുമ്പോള്‍ ത്വക്കിന്റെ ഇലാസ്തികതയില്‍ മാറ്റം വരുന്നു. ത്വക്ക് നുള്ളി വലിച്ചാല്‍ വയസ്സായവരുടെ ത്വക്ക് പോലെ അല്‍പനേരം ചുളുങ്ങിനില്‍ക്കുന്നു. ഇത് കാണുകയാണെങ്കില്‍ രോഗം വളരെയധികം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞു എന്ന് മനസ്സിലാക്കാം. കൂടാതെ മലത്തിലൂടെ പൊട്ടാസ്യം നഷ്ടപ്പടുന്നതോടെ, ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവും കുറയുന്നു. അതോടെ വയര്‍ വീര്‍ക്കുകയും നട്ടെല്ലിനെ നിവര്‍ത്തി നിര്‍ത്തുന്ന പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പാന്‍ലൂക്കോപീനിയ ഇന്‍ഫെക്ഷന്‍ ബാധിക്കുകയും, ചികിത്സയിലൂടെയോ അല്ലാതെയോ അതിജീവിക്കുകയും ചെയ്ത തള്ളപൂച്ചകള്‍ക്ക്  ജനിക്കുന്ന കുട്ടികള്‍ക്ക് മസ്തിഷ്‌കരോഗങ്ങളും സുഷുമ്നനാഡിയെ ബാധിക്കുന്ന രോഗങ്ങളും കുട്ടിക്കാലത്ത് പതിവാണ്. നിവര്‍ന്നു നില്‍ക്കാനുള്ള ബുദ്ധിമുട്ടും, മാംസപേശികളുടെ കോച്ചിവലിവും, സന്നിയും (Convulsions) മാത്രമായി ലക്ഷണങ്ങള്‍ കാണിക്കുന്ന ഇക്കൂട്ടരുടെ രോഗനിര്‍ണ്ണയം വിഷമകരമാണ്. 

പ്രതിരോധം പ്രധാനം 
ജനിച്ച് എട്ട് മുതല്‍ പത്ത് ആഴ്ചകള്‍ കഴിഞ്ഞാല്‍ വെറ്ററിനറി ഡോക്ടറെ സമീപിച്ച് പാന്‍ലൂക്കോപീനിയക്കെതിരെയുള്ള വാക്സിനുകള്‍ എടുക്കുകയാണ്‌ പരമപ്രധാനം. മൂന്നോ നാലോ ആഴ്ചകള്‍ക്കുശേഷം രോഗസാധ്യതയുണ്ടെങ്കില്‍ ബൂസ്റ്റര്‍ ഡോസും ചിലപ്പോള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കും. വാക്സിനേഷനു മുന്‍പേ വിരമരുന്ന് കൊടുക്കുന്നതും, മറ്റ് അസുഖങ്ങളില്ല എന്ന് ഉറപ്പുവരുത്തുന്നതും വാക്സിന്‍ പൂര്‍ണ്ണമായും ഫലവത്താകാന്‍ നിര്‍ബന്ധമാണ്. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ മറ്റുള്ള പൂച്ചകളില്‍ നിന്നും രോഗം ബാധിച്ചവയെ മാറ്റേണ്ടതുണ്ട്. 6% സോഡിയം ഹൈപ്പോക്ലോറൈറ്റ് അല്ലെങ്കില്‍ ബ്ലീച്ചിങ്‌ പൗഡര്‍ ഉപയോഗിച്ച് രോഗം ബാധിച്ച പൂച്ച ഇടപഴകിയ പരിസരം മുഴുവന്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. ഒരു കാരണവശാലും മലിനമായ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാന്‍ പൂച്ചക്കുട്ടികളെ അനുവദിക്കരുത്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണം കണ്ടാല്‍, വേഗത്തില്‍ വെറ്ററിനറി ആശുപത്രിയില്‍ എത്തിക്കുക. വൈറസ് രോഗമായതിനാല്‍ നേരിട്ടുള്ള ചികിത്സയല്ല, മറിച്ച് ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ചുള്ള ചികിത്സയാണ് സാധാരണ നല്‍കാറ്. നിര്‍ജ്ജലീകരണം, ലവണങ്ങളുടെ അഭാവം, ശരീരതാപനില, ബി.പി, രക്താണുക്കളുടെ നിലവാരം എന്നിവ കണക്കിലെടുത്ത് വെറ്ററിനറി ഡോക്ടര്‍ നാലോ അഞ്ചോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഫ്ളൂയിഡ് തെറാപ്പിയും അണുസംക്രമണത്തിനെതിരെയും ഇഞ്ചക്ഷനായി മറ്റ് മരുന്നുകളും നല്‍കിയേക്കും. അറിവും കരുതലുമുണ്ടെങ്കില്‍ പൂര്‍ണ്ണമായും പ്രതിരോധിക്കാവുന്ന അസുഖമാണ് പാന്‍ലൂക്കോപീനിയ.