പെറ്റ് ഷോപ്പുകളിലും ഓണ്‍ലൈന്‍ വിപണന സൈറ്റുകളിലും ഏറ്റവും ജനപ്രിയമായ സാധനങ്ങളിലൊന്നാണ് വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍. ഇത് അവരുടെ കളി സമയം കൂടുതല്‍ സന്തോഷപ്രദമാക്കുന്നു. നായകളെ ഉത്സാഹമുള്ളവരാക്കാനും ഊര്‍ജ്ജ്വസ്വലരാക്കാനും കളിപ്പാട്ടങ്ങള്‍ സഹായിക്കുന്നു. വ്യായാമത്തിനും, വിനോദത്തിനും വ്യക്തി വികാസത്തിനുമൊക്കെ  സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍ പലതും അവയുടെ സഹജ സ്വഭാവങ്ങള്‍ ഉണര്‍ത്താന്‍ സഹായിക്കുന്നു. നാടന്‍ മുതല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന വിലയേറിയ കളിപ്പാട്ടങ്ങള്‍വരെ ഇന്ന് വിപണിയിലുണ്ട്. 100 രൂപ മുതല്‍ 5000 രൂപവരെയാണ് അവയുടെ വില. പരിശീലനത്തിനുപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ കൂടാതെ വായ, താടിയെല്ല് എന്നിവയ്ക്ക് വ്യായാമം നല്‍കുകയും മൃഗങ്ങളെ മണിക്കൂറുകളോളം ബിസിയായി നിര്‍ത്തുകയും ചെയ്യുന്നു. നായയ്ക്ക് ദോഷമുണ്ടാക്കുന്നതോ വിഴുങ്ങാന്‍ കഴിയുന്നതോ ആയവ ഉപയോഗിക്കരുത്. റബ്ബര്‍, കയര്‍, വിനൈല്‍, നൈലോണ്‍ കളിപ്പാട്ടങ്ങളുമുണ്ട്. ഇവയെല്ലാം രൂപത്തിലും വലിപ്പത്തിലും ഉപയോഗത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. റബ്ബര്‍ പന്തുകള്‍, മ്യൂസിക് ബോളുകള്‍, ഹാര്‍ഡ് ടോയ്സ്, ക്ലിക്കര്‍ പരിശീലന ടോയ്, റോപ് കളിപ്പാട്ടം തുടങ്ങി ശബ്ദമുള്ളവ, ഇല്ലാത്തവ, നിറമുള്ളവ, പ്രകാശമുള്ളവ തുടങ്ങി നിരവധി രൂപത്തില്‍ ഇവ ലഭ്യമാണ്. എല്ലാ നായകൾക്കും കളിക്കാനും നക്കാനും ചവയ്ക്കാനും ഒക്കെ ഇഷ്ടമാണ്. ഇതിനൊക്കെ സഹായിക്കുന്ന കളിപ്പാട്ടങ്ങളുണ്ട്. പൂച്ചകള്‍ക്ക് നഖമുരസാന്‍ സ്‌ക്രാച്ച് പോസ്റ്റുകള്‍, തത്തകള്‍ക്ക് കൊക്കുരസാന്‍ പ്രത്യേക കളിപ്പാട്ടങ്ങള്‍ എന്നിവയും ലഭ്യമാണ്.

വിദഗ്ധ അഭിപ്രായപ്രകാരം ഏഴ് കാരണങ്ങളാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് കളിപ്പാട്ടം പ്രാധാന്യമുള്ളതാക്കുന്നത്
1.നമ്മള്‍ ഒരു സുഡോക്കു കളിയോ പദപ്രശ്‌നമോ തീര്‍ക്കുന്നതു പോലെയാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് നായകള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍. കളിപ്പാട്ടങ്ങള്‍ നല്‍കുന്ന മാനസിക ഉത്തേജനം അവരുടെ ഊര്‍ജ്ജം റിലീസ് ചെയ്യാനും മറ്റു പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാനും സഹായിക്കുന്നു.
2.ഒറ്റയ്ക്കു ജീവിക്കാന്‍ സ്വാഭാവികമായി ഇഷ്ടപ്പെടാത്ത നായകൾക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി ഒറ്റയ്ക്കല്ലായെന്ന തോന്നല്‍ നല്‍കാം.
3.കളിപ്പാട്ടം അവര്‍ക്ക് കളിയും സന്തോഷവും നല്‍കുന്നു.
4.പുതിയ കഴിവുകളും അറിവുകളും ആര്‍ജിക്കാന്‍ സഹായിക്കുന്നു.
5.സമ്മര്‍ദം ലഘൂകരിക്കുന്നു.
6.സ്വഭാവ വൈകല്യങ്ങള്‍ ( അനാവശ്യമായ കുര, കാണുന്നതെല്ലാം കടിക്കുക) തടയാന്‍ സഹായിക്കുന്നു.
7.കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ സന്തോഷിപ്പിക്കുന്ന നിങ്ങളെ അവര്‍ അധികമായി സ്‌നേഹിക്കും.