പക്ഷികളുടെ  പ്രജനനത്തിലെ പ്രഥമവും  പ്രധാനവുമായ ഭാഗമാണ് നമ്മള്‍ വളര്‍ത്തുന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്.  ചില പക്ഷികളില്‍  കാഴ്ചയില്‍ത്തന്നെ  കണ്ടുപിടിക്കാമെങ്കിലും, തത്തയിനത്തില്‍പ്പെടുന്ന മിക്ക പക്ഷികളിലും ഇത് പ്രയാസമേറിയ കാര്യമാണ്. വിലയേറിയ അലങ്കാരപക്ഷികളെ പ്രജനനം ലക്ഷ്യംവെച്ച് വാങ്ങുമ്പോള്‍ അവ ആണും, പെണ്ണുമാണെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പക്ഷിവളര്‍ത്തലിലെ തുടക്കക്കാരും പരിചയമില്ലാത്തവരും കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മേഖലയാണിത്. അതിനാല്‍ ആദ്യമായി പക്ഷിയെ വളര്‍ത്തുമ്പോള്‍ മനസ്സിലാക്കേണ്ടത് പക്ഷികളിലെ ലിംഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ്.
 
ലിംഗനിര്‍ണ്ണയത്തിന്റെ പ്രാധാന്യം
ഇണ ചേര്‍ന്നില്ലെങ്കിലും പെണ്‍പക്ഷികള്‍ മുട്ടയിടും. എന്നാല്‍ മുട്ടകള്‍ വിരിയണമെങ്കില്‍ ഇണചേരല്‍ ആവശ്യമാണ്. ആണ്‍-പെണ്‍ പക്ഷികളുടെ കൃത്യമായ അനുപാതം കോളനി പ്രജനനരീതിയില്‍ ഏറെ ആവശ്യമാണ്. പക്ഷികളെ ഇണകളായി വേര്‍തിരിച്ച് പ്രജനനം നടത്തുമ്പോള്‍ അവര്‍ ആണും, പെണ്ണുമാണെന്ന് ഉറപ്പിക്കുകയും വേണം. അനുപാതം പാലിക്കുമ്പോള്‍ അധികം വരുന്നവയെ വില്‍പ്പന നടത്തുകയും ചെയ്യാം. ഓരോ ലിംഗത്തിനുള്ള ശാരീരിക, സ്വഭാവ സവിശേഷതകള്‍ക്കനുസരിച്ചുള്ള പരിപാലനം ഉറപ്പാക്കാനും ലിംഗനിര്‍ണ്ണയത്തിലൂടെ സഹായിക്കുന്നു. ഓരോ ലിംഗത്തിനും വരുന്ന പ്രത്യേക രോഗാവസ്ഥകള്‍ തിരിച്ചറിയാനും ലിംഗനിര്‍ണ്ണയം പ്രധാനമാണ്.  

ലിംഗനിര്‍ണ്ണയം തത്തകളുടെ കാര്യത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. തത്തകളില്‍ ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തന്നെ ഇണകളായി പരസ്പരം കൊക്കുരുമ്മുന്നത് പതിവാണ്. ഇവ രണ്ടും പിടകളാണെങ്കില്‍ അവ മുട്ടയിടുകയും ചെയ്യുന്നു. പക്ഷേ മുട്ടകള്‍ വിരിയില്ല. ഇത്തരം അവസ്ഥകള്‍ തത്തവളര്‍ത്തല്‍ നടത്തുന്നവരില്‍ പതിവാണ്. മിക്ക തത്തയിനങ്ങളിലും ആണിനെയും, പെണ്ണിനെയും വാങ്ങിയതുകൊണ്ടുമാത്രം അവ ഇണ ചേരണമെന്നുമില്ല. ഇവര്‍ തമ്മിലുള്ള പൊരുത്തം ഏറെ പ്രധാനമാണ്. അതിനാല്‍ തന്നെ മിക്ക തത്തയിനങ്ങളിലും ലിംഗനിര്‍ണ്ണയം നടത്തിയവയെ (Sexed Pair) അല്ല, പൊരുത്തപ്പെട്ട (Sexed Proven Pair) ഇണകളെയാണ് ആവശ്യം. അതിനാല്‍ തന്നെ വളരെ  ചെറുപ്പത്തിലെ ലിംഗനിര്‍ണ്ണയം ആവശ്യമായി വരുന്നു.  

എങ്ങനെ തിരിച്ചറിയാം
ആണും പെണ്ണും തമ്മിലുള്ള ചേര്‍ച്ച കൃത്യമായ നിരീക്ഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവുകയുള്ളൂ. ദീര്‍ഘകാലമായി ഒരുമിച്ചുപാര്‍ക്കുന്ന തത്തകളില്‍ പരസ്പരം  കൊക്കുരുമ്മിയിരുന്ന് ഇണചേരാന്‍ ശ്രമിക്കുന്നതു പോലും പലപ്പോഴും ചേര്‍ച്ചയുടെ ലക്ഷണങ്ങളാകണമെന്നില്ല. ചില പക്ഷിയിനങ്ങളില്‍ ആണും പെണ്ണും തമ്മില്‍ രൂപവ്യത്യാസമില്ല. ശബ്ദ വ്യത്യാസം, വലിപ്പ വ്യത്യാസം, സ്വഭാവസവിശേഷതകള്‍, ചിറകുകളുടേയും തൂവലിന്റേയും  വര്‍ണ്ണവ്യതിയാനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇനങ്ങളില്‍ ലിംഗ വ്യത്യാസം  കണ്ടെത്താറുള്ളത്. എന്നാല്‍ ഇത്തരം രീതികള്‍ക്ക് നിരവധി പരിമിതികളുള്ളതിനാല്‍ വിശ്വസനീയമായിരിക്കണമെന്നില്ല. 

പലപ്പോഴും ഇത്തരം സൂക്ഷ്മവ്യത്യാസങ്ങള്‍  തിരിച്ചറിയാന്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുകൊണ്ടേ കഴിയുകയുള്ളൂ. കാഴ്ചയില്‍ ആണ്‍, പെണ്‍ വ്യത്യാസം വേര്‍തിരിച്ചറിയാന്‍ കഴിയുന്ന ഇനങ്ങളില്‍ (Dimorphic) പോലും വര്‍ഷത്തില്‍ എല്ലാ സമയത്തും ഇതു കഴിയണമെന്നില്ല. പ്രജനന കാലത്ത് (Breeding season) കടും നിറത്തിലുള്ള ആണ്‍പക്ഷികള്‍, അതിനുശേഷം തൂവലുകള്‍ നഷ്ടപ്പെട്ട് പെണ്‍പക്ഷികളുടേതുപോലെയാകുന്നു. പിടകളില്‍ മുട്ടയിടുന്ന സമയമാകുമ്പോള്‍ നടത്തുന്ന ഇടുപ്പെല്ല് പരിശോധന  (Pelvic Bone Test) ലിംഗനിര്‍ണ്ണയത്തിന് സഹായിക്കാറുണ്ട്. പിടകളില്‍ മുട്ടയിടുന്നതിന് തൊട്ടുമുമ്പുള്ള സമയത്ത് ഇടുപ്പെല്ല് വിസ്തൃതമാകുന്നതായി കാണുന്നു. പക്ഷേ ഈ പരിശോധനപോലും മുട്ടയിടുന്ന കാലത്ത് മാത്രമേ ഫലപ്രദമാകുകയുള്ളൂ. പ്രജനനസമയത്തെ സ്വഭാവവ്യതിയാനങ്ങളാണ് ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകം. പ്രജനനസമയത്ത് വര്‍ണ്ണങ്ങളില്‍ കുളിച്ച് അതിസുന്ദരന്‍മാരാകുന്ന പൂവന്‍മാര്‍ പല ഇനങ്ങളിലും  ഈണത്തില്‍ പാടുകയും, ഇണകളെ ആകര്‍ഷിക്കാന്‍ നൃത്തച്ചുവടുകള്‍ വയ്ക്കുകയും, മരച്ചില്ലകളില്‍ ചാടുകയും ചെയ്യും. പെണ്‍പക്ഷികളാകട്ടെ പ്രജനനസമയത്ത് മുട്ടയിടാനുള്ള അറയൊരുക്കുകയും കൂടുതല്‍ സമയം അടയിരിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് ചെലവഴിക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ പല വ്യത്യാസങ്ങളും പ്രായപൂര്‍ത്തിയായതിനുശേഷം പ്രത്യക്ഷപ്പെടുന്നതിനാല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണ്ണയം നടത്താന്‍ സാധിക്കില്ല.

അലങ്കാരപ്പക്ഷികളായ ബഡ്ജറിഗറുകളില്‍ (Budgerigar) നാസികാദ്വാരത്തിനു ചുറ്റുമുള്ള മാംസളമായ ഭാഗത്തിന്റെ(Cere) നിറവ്യത്യാസമാണ് ലിംഗനിര്‍ണ്ണയത്തിന് സഹായിക്കുന്നത്. പ്രായപൂര്‍ത്തിയെത്തിയ ആണ്‍പക്ഷികളില്‍ ഈ ഭാഗത്തിന് കടുംനീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറവും, കുഞ്ഞുങ്ങളില്‍ പിങ്ക് നിറവുമായിരിക്കും. പെണ്‍പക്ഷിയിലാകട്ടെ പ്രജനന സമയത്ത് കടുംതവിട്ട് നിറവുമായിരിക്കും. ഗ്രേ കൊക്കറ്റീലുകളില്‍ മഞ്ഞനിറത്തിലുള്ള മുഖവും, കവിളിലെ കറുത്ത ഓറഞ്ചുപൊട്ടും പൂവനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. പിടയിലാവട്ടെ ചോക്ലേറ്റ്‌ മുഖവും, കവിളില്‍ മങ്ങിയ ഓറഞ്ച് പുള്ളിയും വാലില്‍ മഞ്ഞ-വെള്ള വരകളുമുണ്ടാകും. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഈ വ്യത്യാസമൊന്നുമുണ്ടാകില്ല. ഫിഞ്ചുകളില്‍ ആണ്‍പക്ഷി മനോഹരമായി പാടുന്നു. കൂടാതെ പ്രത്യേകനിറവും വരകളുമൊക്കെ ദേഹത്തുണ്ടാകും. സീബ്രാ ഫിഞ്ചുകളില്‍ കൊക്കിന്റെ നിറവ്യത്യാസം ലിംഗത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ആണ്‍പക്ഷികള്‍ക്ക് ചുവന്ന നിറവും, പെണ്‍പക്ഷികള്‍ക്ക് മങ്ങിയ ഓറഞ്ച് നിറവും. എന്നാല്‍ മൂന്ന് മാസം പ്രായംവരെ ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ആഫ്രിക്കന്‍ ലൗവ് ബേര്‍ഡ്സ് പോലുള്ള തത്തയിനങ്ങളില്‍ ആണിനേയും പെണ്ണിനേയും പ്രത്യക്ഷത്തില്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഇണകളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഇനമാണ് എക്ലക്റ്റസ് (Eclectus) തത്തകള്‍. ഇവയില്‍ പൂവന് കടും പച്ചനിറവും പിടയ്ക്ക് ചുവപ്പുനിറവും. ഇത് മൂന്നാഴ്ച പ്രായത്തില്‍ തന്നെ തിരിച്ചറിയാം. 

ബാഹ്യപ്രകൃതിയും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിര്‍ണ്ണയം നടത്തുന്ന പരിമിതികള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് എന്‍ഡോസ്‌കോപ്പിയും (Endoscopy), ഡി.എന്‍.എ. ലിംഗനിര്‍ണ്ണയവും (DNA Sexing). എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് സര്‍ജിക്കല്‍ രീതിയില്‍ പ്രത്യുത്പാദന അവയവങ്ങള്‍ നേരിട്ട് നിരീക്ഷിച്ച് ലിംഗനിര്‍ണ്ണയം നടത്തുന്ന രീതിയാണ് ആദ്യത്തേത്. പക്ഷേ അനസ്‌തേഷ്യയും, സര്‍ജറിയുമൊക്കെ ആവശ്യമായതിനാല്‍ ഈ മാര്‍ഗത്തിന് പ്രചാരം കുറവാണ്. മാത്രമല്ല പ്രായപൂര്‍ത്തിയെത്തിയ പക്ഷികളിലെ ഈ മാര്‍ഗം ഫലപ്രദമാകുകയുള്ളൂ. 

ഡി.എന്‍.എ പരിശോധന
ഡി.എന്‍.എ. ലിംഗനിര്‍ണ്ണയമാണ് ഇന്ന് പക്ഷിപ്രേമികളുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ളതും സ്വീകരിക്കപ്പെട്ടതുമായ മാര്‍ഗ്ഗം. ഏത് പ്രായത്തിലുള്ള പക്ഷികളിലും ഇത് ഉപയോഗിക്കാമെന്നതിനാല്‍ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിര്‍ണ്ണയം നടത്തി ഇണകളാക്കി വളര്‍ത്താം. മക്കാവ് തത്തകള്‍, കൊന്യൂര്‍, കൊക്കറ്റൂ, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ആമസോണ്‍ തുടങ്ങിയ തത്തകളുടെ ലിംഗനിര്‍ണ്ണയം ഈ രീതിയില്‍ കൃത്യമായി നടത്താന്‍ കഴിയും. തൂവലുകള്‍, രക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡി.എന്‍.എ. സെക്സിങ്ങിന് ഉപയോഗിക്കുന്നത്.  പക്ഷികളുടെ നെഞ്ച് ഭാഗത്ത് നിന്ന് ശേഖരിക്കുന്ന ഇടത്തരം വലിപ്പമുള്ള തൂവലുകള്‍ ഉപയോഗിക്കാം. പൊഴിച്ചിടുന്ന തൂവലുകള്‍ ഉപയോഗിക്കരുത്. പക്ഷിയുടെ നഖം മുറിച്ചോ, വിരലില്‍ കുത്തിയോ ശേഖരിക്കുന്ന രക്തം പ്രത്യേക കാര്‍ഡില്‍ വീഴിച്ച് ഉണക്കിയശേഷം പരിശോധനയ്ക്ക് അയക്കാം. വിരിഞ്ഞിറങ്ങി 3-4 മണിക്കൂറിനുള്ളില്‍ ശേഖരിക്കുന്ന മുട്ടത്തോടുകള്‍ (ഉള്ളിലെ സ്തരത്തില്‍ ചെറിയ രക്തക്കുഴലുകളും അവയില്‍ രക്തവും ഉണ്ടാകും) പരിശോധനയ്ക്ക് അയക്കാം. ഇത്തരം വസ്തുക്കള്‍ കൊറിയറില്‍ അയച്ചുകൊടുത്താല്‍ പല സ്വകാര്യ ലാബുകളും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം അറിയാം. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ലാബുകളുമുണ്ട്. വിശ്വസ്തരായ പക്ഷി ബ്രീഡര്‍മാര്‍ അവരുടെ പക്ഷികളെ വില്‍ക്കുന്നത് ഡി.എന്‍.എ. സെക്സിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയാണ്. ഇതുവഴി 99.9 ശതമാനം വരെ കൃത്യമായ ഫലമാണ് ലഭിക്കുന്നത്.